സിപിഐയ്ക്കും ആഭ്യന്തര വകുപ്പിനും രൂക്ഷവിമര്‍ശനം

Friday 23 February 2018 2:30 am IST

തൃശൂര്‍: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ സിപിഐയ്ക്കും ആഭ്യന്തര വകുപ്പിനും രൂക്ഷവിമര്‍ശനം. സിപിഐയുടെ നിലപാടുകള്‍ സുപ്രധാന കാര്യങ്ങളില്‍പോലും എല്‍ഡിഎഫിനെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്നണിയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആലോചന പോലും നടത്താത്ത വിഷയങ്ങളില്‍ പ്രസ്താവന നടത്തി സിപിഐ മുന്നണിയില്‍ ഭിന്നിപ്പുണ്ടെന്ന് വരുത്തിതീര്‍ക്കുന്നെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനെ പേരെടുത്ത് വിമര്‍ശിച്ചിട്ടുണ്ട്. 

തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റത്തിന്റെ പേരില്‍ മന്ത്രിസഭാ യോഗത്തില്‍ നിന്ന് സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നത് മുന്നണിക്കും സര്‍ക്കാരിനും ക്ഷീണമുണ്ടാക്കി. തോമസ് ചാണ്ടി രാജിവയ്ക്കുമെന്ന കാര്യം സിപിഐയെ ഉള്‍പ്പെടെ എല്ലാ ഘടകക്ഷികളെയും അറിയിച്ചിരുന്നു. എന്നിട്ടും മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചത് സിപിഎമ്മിനെ കരിവാരിത്തേക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ്. തങ്ങളുടെ  നിലപാടുകളാണ് ശരിയെന്ന് സ്ഥാപിക്കാനുള്ള സിപിഐയുടെ ശ്രമം സര്‍ക്കാരിന് കൂട്ടുത്തരവാദിത്തമില്ലെന്ന പ്രതീതിയുണ്ടാക്കി. സര്‍ക്കാരിനെ ഒന്നടങ്കം പ്രതിസന്ധിയിലാക്കുന്ന രീതിയില്‍ ഈ വിഷയം പ്രതിപക്ഷവും രാഷ്ട്രീയ എതിരാളികളും ആയുധമാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

പോലീസിനെ കൈകാര്യം ചെയ്യുന്നതില്‍ ആഭ്യന്തരവകുപ്പിന് വീഴ്ച പറ്റി. പോലീസിന് ജനകീയ മുഖം നഷ്ടപ്പെട്ടു. ഭരണം മാറിയത് അറിയാതെയാണ് പോലീസിന്റെ പ്രവര്‍ത്തനമെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. പ്രാദേശികമായ പല പ്രശ്‌നങ്ങളിലും പോലീസിന് വീഴ്ച പറ്റുന്നു. വിവിധ രാഷ്ട്രീയമുള്ളവര്‍ പോലീസിലുണ്ട്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കുന്നു. ഇത്തരക്കാരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കണം.

ലൈഫ് പദ്ധതി ജനകീയമാക്കുന്നതില്‍ തദ്ദേശ സ്വയംസഭരണ മന്ത്രി കെ.ടി.ജലീലില്‍ പരാജയപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് മുതല്‍ മുഖ്യമന്ത്രി വരെയുള്ളവര്‍ പാര്‍ട്ടിയുടെ ഭാഗമായതിനാല്‍ പലവിധത്തിലുമുള്ള ആവശ്യങ്ങളുയരും. അഴിമതി അടക്കമുള്ള കാര്യങ്ങളില്‍ പാര്‍ട്ടി ജാഗരൂകമാകണം. അതേസമയം, വ്യക്തിപൂജ നടത്തിയെന്ന ആരോപണം നേരിടുന്ന കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെയുള്ള ആരോപണങ്ങള്‍ ഉള്‍പ്പെടെയുള്ള വിവാദങ്ങളും പരാമര്‍ശിച്ചിട്ടില്ല. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.