ക്ലാസിക്ക് ക്ലാസന്‍

Friday 23 February 2018 2:30 am IST

സെഞ്ചൂറിയന്‍: സെഞ്ചൂറിയനില്‍ ദക്ഷിണാഫ്രിക്ക ഉയിര്‍ത്തെഴുന്നേറ്റതോടെ നാളെ ന്യൂലാന്‍ഡ്‌സിലെ മൂന്നാം ട്വന്റി 20 മത്സരം ഫൈനലായി. ന്യൂലാന്‍ഡ്‌സില്‍ വിജയത്തേരിലേറുന്നവര്‍ക്ക് മൂന്ന് മത്സരങ്ങളുടെ പരമ്പര സ്വന്തമാകും. രണ്ടാം മത്സരത്തില്‍ ആതിഥേയര്‍ ആറു വിക്കറ്റിന് ജയിച്ചതോടെ പരമ്പര നിലവില്‍ സമനിലയിലാണ് 1-1. ആദ്യ മത്സരത്തില്‍ കോഹ്‌ലിയുടെ കൂട്ടരും വിജയം നേടി.

ഹെന്റി ക്ലാസന്റെ അടിപൊളി ബാറ്റിങ്ങിലാണ് ആതിഥേയര്‍ സെഞ്ചൂറിയനില്‍ വിജയം പിടിച്ചെടുത്തത്. 30 പന്തില്‍ ഏഴു സിക്‌സറും മൂന്ന് ഫോറും ഉള്‍പ്പെടെ ക്ലാസന്‍ കുറിച്ച 69 റണ്‍സിന്റെ പിന്‍ബലത്തില്‍ ദക്ഷിണാഫ്രിക്ക, ഇന്ത്യയുയര്‍ത്തിയ 189 റണ്‍സെന്ന വിജയലക്ഷ്യം അനായാസം മറികടന്നു. തകര്‍ത്തുകളിച്ച ക്യാപ്റ്റന്‍ ഡുമിനി 64 റണ്‍സുമായി പുറത്താകാതെ നിന്നു. 40 പന്ത് നേരിട്ട ഡുമിനി നാല് ഫോറും മൂന്ന് സിക്‌സറും അടിച്ചു. ക്ലാസനാണ് മാന്‍ ഓഫ് ദ മാച്ച്. സ്‌കോര്‍ ഇന്ത്യ 20 ഓവറില്‍ നാലിന് 188, ദക്ഷിണാഫ്രിക്ക 18.4 ഓവറില്‍ നാലു വിക്കറ്റിന് 189 റണ്‍സ്.

ട്വന്റി 20 യില്‍ അരങ്ങേറിയ ഇന്ത്യന്‍ പേസ് ബൗളര്‍ എസ്.എന്‍. താക്കുര്‍ നാല് ഓവറില്‍ 31 റണ്‍സിന് ഒരു വിക്കറ്റ് വീഴ്ത്തി. ഉനദ്ഘട് 3.4 ഓവറില്‍ 42 റണ്‍സിന് രണ്ട് വിക്കറ്റ് സ്വന്തമാക്കി.

മുന്‍ നായകന്‍ എം എസ് ധോണി, മനീഷ് പാണ്ഡ്യ എന്നിവരുടെ മികവിലാണ് ഇന്ത്യ 20 ഓവറില്‍  നാലു വിക്കറ്റിന് 188 റണ്‍സ് നേടിയത്. 48 പന്തില്‍ ആറു ഫോറും മൂന്ന് സിക്‌സറുമടിച്ച മനീഷ് പാണ്ഡ്യ 79 റണ്‍സുമായി കീഴടങ്ങാതെ നിന്നു.

ധോണി 28 പന്തില്‍ നാലു ഫോറും മൂന്ന്് സിക്‌സറും അടക്കം 52 റണ്‍സ് നേടി.

നായകന്‍ വിരാട് കോഹ് ലിയും(1) ഓപ്പണര്‍ രോഹിത് ശര്‍മ്മയും (0) അനായാസം കീഴടങ്ങി. അതേസമയം ധവാനും സുരേഷ് റെയ്‌നയും മോശമായില്ല. ധവാന്‍ 14 പന്തില്‍ 24 റണ്‍സും റെയ്‌ന 24 പന്തില്‍ 31 റണ്‍സും നേടി.

ദക്ഷിണാഫ്രിക്കയുടെ ഡാല രണ്ട് വിക്കറ്റും ഡുമിനി, ഫെഹല്‍ക്കുവായോ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.