റബര്‍ കര്‍ഷകരുടെ പ്രശ്‌നപരിഹാരത്തിന് കേന്ദ്ര-സംസ്ഥാന കര്‍മസേന

Friday 23 February 2018 2:45 am IST

ന്യൂദല്‍ഹി: കേരളത്തിലെ റബര്‍ കര്‍ഷകര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്കു ശാശ്വത പരിഹാരം കാണാന്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത കര്‍മ സേന രൂപീകരിക്കാന്‍ തീരുമാനം. കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ കേന്ദ്ര വാണിജ്യ - വ്യവസായ മന്ത്രി സുരേഷ് പ്രഭുവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. റബര്‍ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെക്കൂടി ഉള്‍പ്പെടുത്തിയാകും കര്‍മ സേന രൂപീകരിക്കുക.

കര്‍മസേന കേരളത്തിലെ റബര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പഠിച്ച്   പരിഹാരം നിര്‍ദ്ദേശിക്കും..കേന്ദ്ര  മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. കര്‍മസേനയിലെ  കേരള പ്രതിനിധികളെ ഉടന്‍ നിശ്ചയിച്ച് കേന്ദ്രത്തെ അറിയിക്കും.  മന്ത്രി അഡ്വ. വി.എസ്. സുനില്‍ കുമാര്‍ പറഞ്ഞു.

ഉത്പാദക ബോണസ്  150ല്‍നിന്ന് 200 രൂപയാക്കി വര്‍ധിപ്പിക്കണമെന്ന് സുനില്‍ കുമാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിക്കാമെന്ന് കേന്ദ്ര മന്ത്രി ഉറപ്പു നല്‍കി. സ്വാഭാവിക റബറിനെ കാര്‍ഷികോത്പന്നമായി അംഗീകരിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. റബര്‍ നയം സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് കൂടിക്കാഴ്ചയില്‍ കേന്ദ്ര മന്ത്രി അറിയിച്ചു. എംപിമാരായ സി.എന്‍. ജയദേവന്‍, ജോസ് കെ. മാണി, കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടീക്കാ റാം മീണ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

കുരുമുളകിന്റെ വിലയിടിവ് മൂലം കര്‍ഷകര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്നും കേന്ദ്രമന്ത്രി ഉറപ്പു നല്‍കി. കുരുമുളക് അടക്കം നാണ്യവിളകളുടെ വിലത്തകര്‍ച്ച മൂലം കര്‍ഷകര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി കേന്ദ്രത്തിന് നിവേദനം നല്‍കി.

കുരുമുളകിന്റെ ചുരുങ്ങിയ ഇറക്കുമതി വില 500 രൂപയായിട്ടും ഇതിന്റെ നേട്ടം കേരളത്തിലെ കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ലെന്നും തായ്ലന്‍ഡ്, ശ്രീലങ്ക എന്നിവിടങ്ങളില്‍നിന്നു ഗുണമേന്മ കുറഞ്ഞ കുരുമുളക് ഇറക്കുമതി ചെയ്യാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും സുനില്‍ കുമാര്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.