ഇതര സംസ്ഥാന തൊഴിലാളികളുടെ സുരക്ഷ: ഇടത് പ്രഖ്യാപനം പാഴായി; സൗജന്യ ചികിത്സ കടലാസില്‍

Friday 23 February 2018 2:45 am IST

കൊച്ചി: ഇതര സംസ്ഥാന തൊഴിലാളികളുടെ സുരക്ഷയ്ക്കായി  തൊഴില്‍വകുപ്പ് നടപ്പാക്കിയ ആവാസ് പദ്ധതിയില്‍ സൗജന്യ ചികിത്സയായില്ല. ഒന്നരലക്ഷത്തോളം തൊഴിലാളികള്‍ക്ക് ബയോമെട്രിക് സ്മാര്‍ട്ട് കാര്‍ഡ് നല്‍കിയെങ്കിലും സൗജന്യ ചികിത്സ കടലാസിലൊതുങ്ങി. 

ഇന്‍ഷുറന്‍സ് കമ്പനിയെ തിരഞ്ഞെടുക്കാനോ ചികിത്സാ കേന്ദ്രങ്ങള്‍ നിശ്ചയിക്കാനോ സര്‍ക്കാര്‍ തയ്യാറാകാതിരുന്നതാണ് ചികിത്സ മുടങ്ങാന്‍ കാരണം.

ജനുവരി മുതല്‍ ആനുകൂല്യം ലഭിക്കുമെന്നാണ് കേരളപ്പിറവി ദിനത്തില്‍ പദ്ധതി ഉദ്ഘാടനം ചെയ്തപ്പോള്‍ ഇടത് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് 15,000 രൂപയുടെ സൗജന്യ ചികിത്സയും രണ്ടുലക്ഷം രൂപയുടെ അപകടമരണ ഇന്‍ഷുറന്‍സ് പരിരക്ഷയുമാണ് പ്രഖ്യാപിച്ചിരുന്നത്. 10 ലക്ഷത്തോളം ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഇത് ഗുണം ചെയ്യുമെന്നായിരുന്നു വാഗ്ദാനമെങ്കിലും സ്മാര്‍ട്ട് കാര്‍ഡ് നല്‍കിയവര്‍ക്കുപോലും ചികിത്സ നല്‍കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. 

തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികളെ പങ്കെടുപ്പിച്ചാണ് ആവാസ് പദ്ധതിയുടെ ഉദ്ഘാടനം നടത്തിയത്. ആദ്യഘട്ടത്തില്‍ തന്നെ ഒരുലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തു. 

പിന്നീട്, തൊഴിലാളികളുടെ താമസ സ്ഥലത്തും തൊഴിലിടങ്ങളിലും നേരിട്ടെത്തി തൊഴില്‍ വകുപ്പ് അധികൃതര്‍  ആവാസ് കാര്‍ഡുകള്‍ നല്‍കി. ഈ ജോലികള്‍ ഇപ്പോഴും നടക്കുന്നുണ്ട്. എന്നാല്‍, കാര്‍ഡ് കിട്ടിയവര്‍ക്ക് പണം നല്‍കിയാല്‍ മാത്രമേ ചികിത്സ ലഭിക്കൂ.

കാര്‍ഡ് കിട്ടിയിട്ടും സൗജന്യ ചികിത്സ ലഭിക്കാത്തവര്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരെ അതൃപ്തി അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഉദ്യോഗസ്ഥര്‍ നിസ്സഹായ അവസ്ഥയിലാണ്. രാജ്യത്ത് തന്നെ ആദ്യമായി നടപ്പാക്കുന്നതാണ് പദ്ധതിയെന്ന് സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെട്ടിട്ടും വേണ്ടത്ര മുന്നൊരുക്കം നടത്താതിരുന്നതാണ തിരിച്ചടിയായതെന്നാണ് വിമര്‍ശനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.