200 കോടിയുടെ നിക്ഷേപ തട്ടിപ്പ്: കമ്പനി ഡയറക്ടര്‍മാര്‍ പിടിയില്‍

Friday 23 February 2018 2:30 am IST

കൊച്ചി: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 200 കോടിയുടെ നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങിയ കമ്പനി ഡയറക്ടര്‍മാരെ ക്രൈംബ്രാഞ്ച് മുംബൈയില്‍ നിന്ന് പിടികൂടി. ഫിനോമിനല്‍ കമ്പനി ഡയറക്ടര്‍മാരായ വെസ്റ്റ് മുംബൈ അന്മോള്‍ കോ- ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റിക്ക് സമീപം ജോസഫ് റാഫേല്‍ മാളിയേക്കല്‍ (51), മുംബൈ മാലാട് ഈസ്റ്റ് സഞ്ജയ് ബില്‍ഡിങ്ങില്‍ ഫ്‌ളാറ്റ് നമ്പര്‍ ആറില്‍ താമസിക്കുന്ന വിലാസ് നര്‍ക്കര്‍(42) എന്നിവരാണ് പിടിയിലായത്. 

റിസര്‍വ് ബാങ്കിന്റെ അംഗീകാരമില്ലാതെ 200 കോടിയോളം നിക്ഷേപമായി സ്വീകരിച്ച് ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് ആളുകളെ കബളിപ്പിച്ച കേസിലാണ് അറസ്റ്റ്. ഒന്‍പത് വര്‍ഷം കഴിഞ്ഞാല്‍ നിക്ഷേപത്തുക ഇരട്ടിയായി നല്‍കാമെന്നും മെഡിക്ലെയിം ആനുകൂല്യം നല്‍കാമെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. വിവിധ ജില്ലകളില്‍ ബ്രാഞ്ചുകള്‍ തുറന്നാണ് തട്ടിപ്പ് നടത്തിയത്.

നിക്ഷേപം സ്വീകരിച്ച ശേഷം പ്രതികള്‍ കമ്പനി പൂട്ടി മുങ്ങുകയായിരുന്നു. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് 50 കേസുകളുണ്ട്. കമ്പനിയുടെ പ്രധാന ഓഫീസ് ചാലക്കുടിയിലായിരുന്നു. പിടിയിലായ ജോസഫ് റാഫേല്‍ മലയാളിയാണ്.

എറണാകുളം ക്രൈംബ്രാഞ്ച് സൂപ്രണ്ട് പി.എന്‍. ഉണ്ണിരാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. മുംബൈയിലെ പല സ്ഥലങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു. ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍മാരായ എം.വി. മണികണ്ഠന്‍, സജീവ് ചെറിയാന്‍, എസ്‌ഐ മാരായ കെ.ആര്‍. രതീഷ്, സി. കെ. രാജു, എഎസ്‌ഐ സി.കെ. ഷാജു എന്നിവരാണ് ക്രൈംബ്രാഞ്ച് സംഘത്തിലുണ്ടായിരുന്നത്. പ്രതികളുടെ വസ്തുവകകള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടി സ്വീകരിച്ച് വരികയാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.