കര്‍ദ്ദിനാളിനെതിരെ വിശ്വാസികളുടെ സമരം

Friday 23 February 2018 2:30 am IST

കൊച്ചി: സീറോ മലബാര്‍ സഭയ്ക്ക് കീഴിലുള്ള എറണാകുളം- അങ്കമാലി അതിരൂപതയിലെ വസ്തു ഇടപാടുമായി ബന്ധപ്പെട്ട് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ സമരവുമായി വിശ്വാസികള്‍. ആര്‍ച്ച് ഡയോഷ്യന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്പരന്‍സി (എഎടി)യുടെ നേതൃത്വത്തില്‍ ബിഷപ്പ് ഹൗസിന് മുന്നിലായിരുന്നു സമരം. വായ മൂടിക്കെട്ടി പ്ലക്കാര്‍ഡ് ഏന്തിയായിരുന്നു പ്രതിഷേധം. 

വസ്തു ഇടപാടിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കര്‍ദ്ദിനാള്‍ സ്ഥാനമൊഴിയുക, നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കുക, വസ്തു ഇടപാടുമായി ബന്ധപ്പെട്ട കേസുകള്‍ക്ക് അതിരൂപതയുടെ പണം ഉപയോഗിക്കരുത് തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. 

ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി പരിഗണിക്കുന്ന ഹര്‍ജിയില്‍ കര്‍ദ്ദിനാള്‍ നല്‍കിയ വിശദീകരണത്തില്‍ വിശ്വാസികള്‍ തൃപ്തരല്ല. ഇതാണ് ബിഷപ്പ് ഹൗസില്‍ സമരവുമായെത്താന്‍ വിശ്വാസികളെ പ്രേരിപ്പിച്ചത്. സഭയുടെ സ്വത്ത് സ്വകാര്യസ്വത്താണെന്നും അത് കൈമാറ്റം ചെയ്യാന്‍ തനിക്ക് പൂര്‍ണ്ണ അധികാരമുണ്ടെന്നുമായിരുന്നു കര്‍ദ്ദിനാള്‍ കോടതിയില്‍ വിശദീകരണം നല്‍കിയത്. 

സഭയുടേത് സ്വകാര്യ സ്വത്തല്ലെന്നും വിശ്വാസികളുടെ പണമാണെന്നുമാണ് സമരക്കാര്‍ പറയുന്നത്. അതുകൊണ്ടുതന്നെ സഭയ്ക്ക് നഷ്ടമായ പണം തിരികെ ലഭ്യമാക്കാന്‍ നടപടി വേണമെന്നാണ് അവരുടെ ആവശ്യം. വസ്തു ഇടപാടില്‍ കര്‍ദ്ദിനാളിന് വീഴ്ച പറ്റിയെന്ന് സഭയുടെ അന്വേഷണ കമ്മീഷനും കണ്ടെത്തിയിരുന്നു. എന്നിട്ടും കര്‍ദ്ദിനാള്‍ സ്ഥാനമൊഴിയാത്തതില്‍ പാതിരിമാര്‍ക്കും എതിര്‍പ്പുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.