ബാങ്ക് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കും

Friday 23 February 2018 2:40 am IST

ആലപ്പുഴ: കുട്ടനാട്ടിലെ കാര്‍ഷിക വായ്പാ തട്ടിപ്പുകേസില്‍ ബാങ്ക് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനം. അന്വേഷണ ഉദ്യോഗസ്ഥര്‍ കനറാ ബാങ്കില്‍ പരിശോധന നടത്തി. പരാതിക്കാരുടെ വായ്പ സംബന്ധിച്ച് ആലപ്പുഴ ബോട്ട് ജെട്ടിക്കു സമീപമുള്ള ബാങ്ക് ശാഖയിലെ ഫയലുകളാണു ഡിവൈഎസ്പി വി. വിജയകുമാരന്‍ നായരുടെ നേതൃത്വത്തില്‍ പരിശോധിച്ചത്. 

തട്ടിപ്പിനിരയായവരുടെ മൊഴികളും രേഖപ്പെടുത്തി തുടങ്ങി. പരാതി ഉയര്‍ന്നശേഷം ബാങ്കില്‍ ലക്ഷങ്ങള്‍ തിരിച്ചടച്ചതായും അതാരാണെന്നു കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും ഡിവൈഎസ്പി പറഞ്ഞു. ഫാ. തോമസ് പീലിയാനിക്കല്‍ ഡയറക്ടറായ കുട്ടനാട് വികസനസമിതിയുടെ കീഴിലുള്ള കര്‍ഷക സ്വാശ്രയ സംഘങ്ങള്‍ വായ്പാ തട്ടിപ്പ് നടത്തിയതായാണ് പരാതി ഉയര്‍ന്നത്.

ജില്ലയിലെ കനറ ബാങ്കിന്റെ വിവിധ ശാഖകളില്‍നിന്ന് 15 കോടിയോളം രൂപ കാര്‍ഷികവായ്പ അനുവദിച്ചിട്ടുണ്ടെന്നാണു പ്രാഥമിക കണക്ക്. നബാര്‍ഡ് നേരിട്ടും വായ്പകള്‍ നല്‍കിയിട്ടുണ്ട്.  കൃഷിയില്ലാത്തവര്‍ പോലും സ്വാശ്രയ ഗ്രൂപ്പുകളുണ്ടാക്കി വായ്പ സ്വന്തമാക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്. പരാതിക്കാരുടെ പണം തിരിച്ചടച്ച്  പ്രശ്‌നപരിഹാരത്തിന് കുട്ടനാട് വികസന സമിതിയുടെ നേതൃത്വത്തില്‍ നീക്കങ്ങളും നടക്കുന്നുണ്ട്.

 അതിനിടെ വികസന സമിതിയുടെ കീഴില്‍ രൂപീകരിക്കുന്ന കര്‍ഷക ഗ്രൂപ്പുകളുടെ ഭാരവാഹികളില്‍ ഒരാളെങ്കിലും ക്രിസ്ത്യാനിയായിരിക്കണമെന്ന് നിബന്ധന ഉണ്ടായിരുന്നതായി കര്‍ഷകര്‍ പറയുന്നു. വായ്പ ലഭിക്കാന്‍ ശുപാര്‍ശ ചെയ്യണമെങ്കില്‍ ഈ നിര്‍ദ്ദേശം പാലിക്കണമെന്ന് നിര്‍ബന്ധിച്ചിരുന്നതായും വിവരമുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.