വനവാസി യുവാവിന്റെ മരണം; മൂന്നു പേര്‍ കസ്റ്റഡിയില്‍

Friday 23 February 2018 11:19 am IST

പാലക്കാട്: അട്ടപ്പാടിയില്‍ വനവാസി യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ മൂന്നു പേരെ കസ്റ്റഡിയിലെടുത്തതായി മന്ത്രി എ.കെ. ബാലന്‍ അറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിന് ഡിജിപിക്ക് നിര്‍ദേശം നല്‍കി. എസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം സംഭവം അന്വേഷിക്കുമെന്നും ബാലന്‍ പറഞ്ഞു.

സംഭവത്തില്‍ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.  മൃതദേഹം ഇപ്പോള്‍ അഗളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കടുകുമണ്ണ ഊരിലെ മധു (27) ആണ് മരിച്ചത്. പ്രാക്തന ഗോത്രത്തില്‍ പെട്ട കുറുംബ വിഭാഗത്തില്‍പെട്ടയാളാണ് മധു. 

ചിക്കണ്ടിയില്‍ നിന്നാണ് ഇയാളെ നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. സംഭവം അപലപനീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഇത്തരം അക്രമങ്ങള്‍ പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ജനം നിയമം കയ്യിലെടുത്തുവെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. അന്വേഷണത്തിന്റെ മേല്‍‌നോട്ട ചുമതല തൃശൂര്‍ ഐജിക്കെന്നും ഡിജിപി അറിയിച്ചു.

മകനെ നാട്ടുകാര്‍ തല്ലിക്കൊന്നതാണെന്ന് മധുവിന്റെ അമ്മ മല്ലി പറഞ്ഞു. സ്ഥലത്തെ ഡ്രൈവര്‍മാര്‍ അടക്കമുള്ളവരാണ് മര്‍ദ്ദിച്ചത്. മര്‍ദ്ദിച്ചവരെ പിടികൂടാതെ മൃതദേഹം കൊണ്ടുപോകില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.