വനവാസി യുവാവിന്റെ കൊലപാതകം: നാട്ടുകാര്‍ ആംബുലന്‍സ് തടഞ്ഞു

Friday 23 February 2018 2:13 pm IST

അഗളി: മോഷണക്കുറ്റം ആരോപിച്ച്‌ നാട്ടുകാര്‍ മര്‍ദ്ദിച്ചു കൊന്ന മധു എന്ന വനവാസി യുവാവിന്റെ മൃതദേഹം കൊണ്ടുവന്ന ആംബുലന്‍സ് നാട്ടുകാര്‍ തടഞ്ഞു.  പ്രതിഷേധം ശക്തമായതോടെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

യഥാര്‍ത്ഥ കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതുവരെ പോസ്റ്റ് മോര്‍ട്ടം നടത്താന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞാണ് ആംബുലന്‍സ് തടഞ്ഞത്. നിരവധി ആദിവാസി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. 

അഗളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് മുന്നിലാണ് ആംബുലന്‍സ് തടഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചതോടെയാണ് പ്രതിഷേധക്കാര്‍ ചര്‍ച്ചക്ക് തയ്യാറായത്.

സംഭവത്തില്‍ ഏഴു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതില്‍ രണ്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. മോഷണം നടന്നുവെന്ന് ആരോപണമുന്നയിച്ച കടയുടമ ഹുസൈന്‍, കരീം എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഒളിവിലുള്ളവരെ വൈകിട്ടോടെ കണ്ടെത്താന്‍ കഴിയുമെന്ന് പൊലീസ് അറിയിച്ചു.  

വനവാസി യുവാവ് മരിച്ച സംഭവം വേദനാ ജനകമാണെന്ന് ദേശീയ പട്ടിക വര്‍ഗ കമ്മീഷന്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും, ആവശ്യമെങ്കില്‍ കേരളം സന്ദര്‍ശിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.