കഞ്ചാവ് വില്‍പ്പന: അഞ്ചുപേര്‍ പിടിയില്‍

Friday 23 February 2018 2:39 pm IST

 

 

അഞ്ചല്‍: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്ന സംസ്ഥാനാന്തര സംഘത്തിലെ അഞ്ചുപേരെ പോലീസ് അറസ്റ്റു ചെയ്തു. കൊല്ലം -തിരുവനന്തപുരം ജില്ലകളുടെ കിഴക്കന്‍ മലയോര അതിര്‍ത്തിയായ പാങ്ങോട് വെച്ചാണ് ഇവര്‍ പിടിയിലായത്. 

രണ്ടു വാഹനങ്ങളില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 382 ഗ്രാം കഞ്ചാവും ആഡംബര കാര്‍, ബൈക്ക് എന്നിവയും പൊലീസ് പിടിച്ചെടുത്തു. കല്ലറ വളക്കുഴി പച്ച അശ്വതി ഭവനില്‍ ആദര്‍ശ് (19), പാങ്ങോട് പാങ്കാട് ആര്‍ബി വില്ലയില്‍ കിരണ്‍ (22), കല്ലറ കുറുമ്പയം വൈഷ്ണവത്തില്‍ അമല്‍(18), കല്ലറ പള്ളിമുക്ക് സാഹില്‍ കോട്ടേജില്‍ അജ്മല്‍ (18), കിളിമാനൂര്‍ പഴയകുന്നുമ്മേല്‍ മഹാദേവേശ്വരം വി.വി. ലാന്‍ഡില്‍ വിശാഖ് (18)എന്നിവരാണ് അറസ്റ്റിലായത്. 

ബൈക്കിലും കാറിലും കഞ്ചാവ് പൊതി വില്‍ക്കുന്നുവെന്ന് റൂറല്‍ എസ്പി അശോക് കുമാറിന് കിട്ടിയ വിവരത്തെ തുടര്‍ന്നായിരുന്നു തെരച്ചില്‍. കാറിലും ബൈക്കിലും രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു പിടികൂടുകയായിരുന്നു. വാടകയ്‌ക്കെടുത്ത കാറില്‍ കോയമ്പത്തൂരില്‍ നിന്നും കഞ്ചാവ് വാങ്ങിയാണ് ചെറിയ പൊതികളിലാക്കി കച്ചവടം നടത്തിയിരുന്നത്. 200 രൂപമുതല്‍ 500 രൂപ വരെ വിലക്ക് വില്‍ക്കുന്നത്. കല്ലറ ബിവറേജസ് ഔട്ട് ലെറ്റിന്റെ സമീപത്തെ ആളൊഴിഞ്ഞ വീട്ടിലാണ് ഇവരുടെ താവളം. കൂടുതലും വിദ്യാര്‍ത്ഥികളാണ് ഇവരുടെ ഇരകളെന്ന് പൊലീസ് പറയുന്നു. അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കി. 

ഇവര്‍ വലിയ സംഘത്തിന്റെ കണ്ണികളാണെന്നു സംശയിക്കുന്നുവെന്നും വില്‍പ്പനക്കായി കഞ്ചാവ് ലഭിക്കുന്നതിന്റെ ഉറവിടം മനസ്സിലാക്കുന്നതിനും കൂടുതല്‍ പേര്‍ സംഘത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് കണ്ടെത്തുന്നതിനുംവേണ്ടി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്നും എസ്‌ഐ നിയാസ് പറഞ്ഞു. ഷാഡോ പൊലീസ് ഗ്രേഡ് എസ്‌ഐ ജയകുമാര്‍, പാങ്ങോട് പൊലീസ് സ്റ്റേഷമിലെ ഗ്രേഡ് എസ്‌ഐ സുലൈമാന്‍, വിഘ്‌നേശ്വരന്‍, എഎസ്‌ഐ രാധാകൃഷ്ണന്‍, സിപിഒമാരായ പ്രവീണ്‍, നിസാര്‍, പ്രിജിത്, എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് നടത്തിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.