ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് കൈക്കൂലിക്കേസില്‍ തടവ്

Saturday 24 February 2018 2:00 am IST

 

തിരുവനന്തപുരം: കാസര്‍ഗോഡ്  ജില്ലയിലെ വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് കൈക്കൂലി കേസില്‍ മൂന്നു വര്‍ഷം കഠിനതടവും പിഴയും. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി കെ.ഒ. പ്രതാപ്കുമാറിനെയാണ് വിജിലന്‍സ് കോടതി ശിക്ഷിച്ചത്. മൂന്നുവര്‍ഷം കഠിനതടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ 90 ദിവസം അധികതടവ് അനുഭവിക്കണം. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി അജിത്കുമാറാണ് പ്രതിക്ക് അഴിമതി നിരോധന നിയമപ്രകാരം ശിക്ഷ വിധിച്ചത്.

2011 ആഗസ്റ്റ് 29 മുതല്‍ 2013 ഡിസംബര്‍ 23വരെ കെ.ഒ. പ്രതാപ്കുമാര്‍ തിരുവനന്തപുരം വെഞ്ഞാറമൂട് മുദാക്കല്‍ വില്ലേജിലെ വില്ലേജ് ഓഫീസറായി ജോലിനോക്കുന്ന സമയത്താണ് അബ്ദുള്‍ സലാമെന്ന ഓട്ടോഡ്രൈവറില്‍ നിന്ന് 1500 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. ഓട്ടോ ഓടിക്കാന്‍ അസുഖമായതുകൊണ്ട് സ്വന്തമായൊരു കോഴിഫാം തുടങ്ങാന്‍ ഭാര്യ സജിതയുടെ പേരിലുള്ള 44സെന്റ് സ്ഥലം ബാങ്കില്‍ പണയംവച്ച് കാശ് വാങ്ങാന്‍ ചെന്നപ്പോഴാണ് വില്ലേജ് ഓഫീസറുടെ വാലുവേഷന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ആവശ്യപ്പെട്ടത്. അബ്ദുള്‍ സലാം വികലാംഗയായ ഭാര്യയുമായി വില്ലേജ് ഓഫീസില്‍ പലതവണ ചെന്നിട്ടും സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല. തുടര്‍ന്നാണ് വില്ലേജ് ഓഫീസറായിരുന്ന കെ.ഒ. പ്രതാപ്കുമാര്‍ ഇവരില്‍ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടതെന്നാണ് വിജിലന്‍സ് കേസ്. തിരുവനന്തപുരം റേഞ്ച് വിജിലന്‍സ് വിഭാഗം ഡിവൈഎസ്പി എ. അശോകനാണ് അന്വേഷണം പൂര്‍ത്തിയാക്കി നവംബര്‍ 2015ന് കുറ്റപത്രം നല്‍കിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.