ആറ്റുകാലില്‍ ഇന്ന് കുത്തിയോട്ട വ്രതാരംഭത്തിന് തുടക്കം

Saturday 24 February 2018 2:00 am IST

 

 

തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തില്‍ ഇന്ന് കുത്തിയോട്ട വ്രതാരംഭത്തിന് തുടക്കം കുറിക്കും. കാപ്പുകെട്ടി പളളിപ്പലകയില്‍ ഏഴ് നാണയങ്ങള്‍ ദേവിക്ക് കാഴ്ചവച്ച് മേല്‍ശാന്തിയില്‍ നിന്നു പ്രസാദം വാങ്ങുന്നതോടെയാണ് വ്രതം ആരംഭിക്കുന്നത്.  പന്ത്രണ്ട് വയസ്സുവരെയുളള 993 ആണ്‍കുട്ടികളാണ്  ഇക്കുറി കുത്തിയോട്ട വ്രതമെടുക്കുന്നത്.

പുലര്‍ച്ചെ കുളിച്ച് ഈറനോടെ ദേവീ നാമജപവുമായി ക്ഷേത്രസന്നിധിയില്‍ ഏഴ് ദിവസം കൊണ്ട് 1008 പ്രദക്ഷിണം ചെയ്ത് ഭജനമിരിക്കുന്നതാണ് ചടങ്ങ്. മാര്‍ച്ച് 2ന് പൊങ്കാല നിവേദ്യം കഴിഞ്ഞ് വ്രതമിരിക്കുന്ന കുട്ടികള്‍ക്ക് വാരിയെല്ലിന് താഴെയായി ചൂരല്‍ കുത്തുന്നതോടെയാണ് കുത്തിയോട്ടത്തിന് തുടക്കം കുറിക്കുക. വെളളിയില്‍ നിര്‍മിച്ച നൂലാണ് ചൂരലായി സങ്കല്‍പ്പിച്ച് കുത്തുന്നത്. തുടര്‍ന്ന് അണിഞ്ഞൊരുങ്ങിയ കുട്ടികള്‍ പുറത്തെഴുന്നെളളിപ്പ് ഘോഷയാത്രയില്‍ അകമ്പടി സേവിക്കും. ക്ഷേത്ര  കലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് പുറത്തെഴുന്നെളളിപ്പ് ഘോഷയാത്ര നടക്കുന്നത്. ഘോഷയാത്ര മണക്കാട് ശാസ്താക്ഷേത്രത്തിലെത്തി തിരികെ ആറ്റുകാലിലെത്തി വെളളിനൂല്‍ ഊരിയെടുത്ത് ദേവിക്ക്  സമര്‍പ്പിക്കുന്നതോടെ കുത്തിയോട്ട വഴിപാട് അവസാനിക്കും.

ആറ്റുകാല്‍ ക്ഷേത്രത്തിലെ ആചാരമനുസ്സരിച്ച് വ്രത കാലയളവില്‍ കുട്ടികള്‍ വീടുകളില്‍ പോകാനോ പുറത്തുനിന്ന് ഭക്ഷണം കഴിക്കാനോ പാടില്ല. എന്തിന് പുറത്തുനിന്നു വരുന്നവരുടെ സ്പര്‍ശനമേല്‍ക്കാന്‍ പോലും പാടില്ല. കുത്തിയോട്ട ബാലന്മാര്‍ മഹിഷാസുരനുമായുള്ള യുദ്ധത്തില്‍ മുറിവേറ്റ പരാശക്തിയുടെ ഭടന്മാരാണെന്നാണ് സങ്കല്‍പ്പം. ദക്ഷിണകേരളത്തിലെ ഭഗവതീക്ഷേത്രങ്ങളില്‍ നടക്കുന്ന ശാക്തേയ അനുഷ്ഠാനകലയാണ് കുത്തിയോട്ടം. കുട്ടികളുടെ ഉയര്‍ച്ചയ്ക്ക് വേണ്ടിയാണ് പരാശക്തിക്ക് ഈ വഴിപാട് നടത്തുന്നതെന്നാണ് വിശ്വാസം. ചൂരല്‍ മുറിയുന്ന ചടങ്ങെന്നും കുത്തിയോട്ട ചടങ്ങ് അറിയപ്പെടും. വ്യത്യസ്ത ചലനങ്ങളോടെയുളള കലാസൃഷ്ടിയാണ് കുത്തിയോട്ടം. വ്രതകാലയളവില്‍ കുട്ടികള്‍ ഇത് പരിശീലിച്ച് വഴിപാടായാണ് ദേവിക്ക്  സമര്‍പ്പിച്ചിരുന്നത്. ദേവിയുടെ അപദാനങ്ങളെ പ്രകീര്‍ത്തിച്ചുളള പാട്ടുകളാണ് നൃത്തത്തിന് താളമൊരുക്കുന്നത്. കുത്തിയോട്ടക്കുമ്മികളെന്നാണ് ഇത്തരം പാട്ടുകളെ പറഞ്ഞിരുന്നത്. ആദ്യകാലത്ത് പാട്ടുകളുണ്ടായിരുന്നില്ല. എന്നാല്‍ ദ്രുതഗതിയിലുളള ചലനങ്ങള്‍ക്ക് വേണ്ടി കുമ്മിപ്പാട്ടുകള്‍ സൃഷ്ടിക്കുകയായിരുന്നു. മധ്യ തിരുവിതാംകൂറിലാണ്  കുത്തിയോട്ട വഴിപാടിന്റെ തുടക്കം. പിന്നീട് ഭദ്രകാളീക്ഷേത്രങ്ങളിലെ ആചാരമായി മാറി. ഓരോ ക്ഷേത്രത്തിലും അവിടുത്തെ ദേവീ സങ്കലപത്തിലധിഷഠിതമായിട്ടുളള വ്യത്യാസങ്ങളോടെയാണ് കുത്തിയോട്ട അനുഷ്ഠാനങ്ങള്‍ നടത്തുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.