ഷോപ്പിംഗ് മാളിനായി സര്‍ക്കാര്‍ഭൂമി കയ്യേറി; നിയമലംഘനത്തിന് ഉദ്യോഗസ്ഥ പിന്തുണ

Saturday 24 February 2018 2:00 am IST

 

ആറ്റിങ്ങല്‍: ഷോപ്പിംഗ്മാള്‍ നിര്‍മിക്കുന്നതിന് മുന്‍സിപ്പാലിറ്റിയുടെ കോണ്‍ക്രീറ്റ്‌റോഡ് ഇടിച്ചുനിരത്തി കയ്യേറിയിട്ടും നടപടി എടുക്കാതെ ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റിയും വകുപ്പുകളും. ആറ്റിങ്ങല്‍ ബിറ്റിഎസ് റോഡിനോട് ചേര്‍ന്ന് മുനിസിപ്പാലിറ്റി കോണ്‍ക്രീറ്റ് ചെയ്ത റോഡാണ് ആറ്റിങ്ങലിലെ പ്രധാനപ്പെട്ട ബിസിനസ്സ് ഗ്രൂപ്പ് കയ്യേറി 15 മീറ്ററോളം ഭൂമികുകുഴിച്ച് മണ്ണ് കടത്തുന്നത്. ഇതിനെതിരെ പരാതിയുമായി ബിജെപി കൗണ്‍സിലര്‍ രംഗത്തെത്തി. എന്നാല്‍ കൗണ്‍സിലര്‍ക്കെതിരെ ഷോപ്പിംഗ് മാള്‍ ഉടമ കഴിഞ്ഞദിവസം വധഭീഷണി മുഴക്കി. ഇതിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് കൗണ്‍സിലര്‍.

റോഡ് അവസാനിക്കുന്ന ഭാഗത്തെ ഇരുവശത്തുമുള്ള രണ്ടു മൂന്നു വീടുകള്‍ മോഹവില നല്‍കി വാങ്ങിയശേഷം അവിടെ വന്‍ ആഴത്തില്‍ കുഴിച്ച് മണ്ണുകടത്തി. ഇതിനോട് ചേര്‍ന്നുള്ള വസ്തുക്കള്‍ മണ്ണിടിഞ്ഞ് മതിലുകള്‍ തകര്‍ന്നതോടെ കോടികള്‍ വിലപറഞ്ഞ് ഇവര്‍ ഭൂമി സ്വന്തമാക്കി. ഭൂമി നല്‍കാത്തവരെ ഭീഷണിപ്പെടുത്തി വസ്തുക്കള്‍ കൈക്കലാക്കുന്നു. റോഡിന് ഇരുവശവുമുള്ള ഏഴോളം വസ്തുക്കള്‍ ഇവര്‍ കരസ്ഥമാക്കി. തുടര്‍ന്ന് ഇവിടെയുള്ള റോഡും പൊളിച്ചുമാറ്റി സ്ഥലം സ്വന്തമാക്കി. ആറ്റിങ്ങല്‍ ഹൈവേയില്‍ മുന്‍വശമുള്ള ഷോപ്പിംഗ്മാളിന്റെ മറുവശം ബിറ്റിഎസ് റോഡിലെത്തിച്ച് നഗരഹൃദയം സ്വന്തമാക്കാനുള്ള നീക്കമാണിത്. ബാക്കി വസ്തുക്കള്‍ കൂടി സ്വന്തമാക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കിടെയാണ് ബിജെപി കൗണ്‍സിലര്‍ പരാതിയുമായി രംഗത്തുവന്നത്.

പൊതുറോഡില്‍ സ്ഥാപിച്ചിരുന്ന വൈദ്യുതിലൈനുകളും പോസ്റ്റുകളും ഇളക്കിമാറ്റി കെഎസ്ഇബിയും ഇവരെ സഹായിച്ചു. അങ്ങോട്ടുള്ള വീട്ടുകാര്‍ക്കാര്‍ക്ക്  ഈ ലൈന്‍ വേണ്ട എന്നതാണ് കെഎസ്ഇബി പറയുന്ന ന്യായം. മുനിസിപ്പാലിറ്റിയുടെ മൗനാനുവാദത്തോടെയാണ് ഈ പൊതുവഴി കയ്യേറ്റം. 2004 ല്‍ കോണ്‍ക്രീറ്റ് ചെയ്ത റോഡ് മുന്‍സിപ്പാലിറ്റിയുടെ ആസ്തി രജിസ്റ്ററില്‍ ഉണ്ടോ എന്ന് പരിശോധിക്കുകയാണെന്നാണ് ഭാഷ്യം. ഇവിടെ നിന്ന് മണ്ണുകൊണ്ടുപോകുന്നതിനുള്ള അനുമതി  നല്‍കിയിട്ടുണ്ടെന്നും മുന്‍സിപ്പാലിറ്റി പറയുന്നു. എന്നാല്‍ മണ്ണെടുക്കാനുള്ള അനുമതി നല്‍കുന്ന റവന്യൂവകുപ്പിന്റെ യാതൊരു രേഖയും മുനിസിപ്പാലിറ്റിയിലില്ല. കുഴിമാന്തി മണ്ണെടുക്കുവാനുള്ള അനുമതിയില്ല. എന്നാല്‍ മണ്ണ് കൊണ്ടുപോകാനുള്ള അനുമതി ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റി നല്‍കി കഴിഞ്ഞു.

നാട്ടുകാരുടെ പരാതികളൊന്നും കേള്‍ക്കുന്നില്ല. ഉദ്യോഗസ്ഥ ഭൂമാഫിയ ആറ്റിങ്ങലില്‍ ശക്തമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. പക്ഷേ രാഷ്ട്രീയത്തണലില്‍ നടക്കുന്ന ഇത്തരം കയ്യേറ്റങ്ങള്‍ക്ക് നടപടി ഉണ്ടാകുന്നില്ലെന്നുന്നുമാത്രം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.