മലയാളിക്ക് മനുഷ്യത്വമോ?

Saturday 24 February 2018 2:30 am IST

രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ ജനങ്ങളില്‍നിന്ന് വ്യത്യസ്തമായി ഒരുപാട് മേന്മകള്‍ സ്വയം അവകാശപ്പെടുന്നവരാണ് മലയാളികള്‍ വൃത്തിയുടെ, വിദ്യാഭ്യാസത്തിന്റെ കാര്യത്തിലൊക്കെ മറ്റുള്ളവരേക്കാള്‍ വ്യത്യസ്തരാണ് തങ്ങളെന്ന് സ്വയം അഭിമാനിക്കുന്നവരാണ് നാം. പക്ഷെ, മനുഷ്യത്വത്തിന്റെ കാര്യത്തില്‍ മാത്രം നാം വളരെ വളരെ പിന്നോക്കം നില്‍ക്കുന്നുവെന്ന് അനുഭവം തെളിയിക്കുന്നു. ട്രാന്‍സ്‌പോര്‍ട്ട് എന്ന പ്രത്യേക വകുപ്പ് കേരളത്തിലെ ആദ്യത്തെ ഇഎംഎസ് മന്ത്രിസഭയുടെ കാലത്തുതന്നെ ആരംഭിച്ചിരുന്നു. ടി.വി. തോമസായിരുന്നു കേരളത്തിലെ ആദ്യ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി. അവിടുന്നിങ്ങോട്ട് എല്ലാ മന്ത്രിസഭകളിലും ട്രാന്‍സ്‌പോര്‍ട്ടിന് പ്രത്യേക വകുപ്പും മന്ത്രിയുമുണ്ടായിരുന്നു. അപ്പോള്‍ സര്‍ക്കാരിന് കാര്യങ്ങളൊക്കെ അറിയാം. 

കെഎസ്ആര്‍ടിസിയില്‍ മുപ്പതും മുപ്പത്തഞ്ചും വര്‍ഷം സേവനമനുഷ്ഠിച്ച് പെന്‍ഷന്‍ പറ്റിയവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന കാര്യത്തില്‍ ചിറ്റമ്മനയം അവലംബിച്ച് അവര്‍ക്കും അവരുടെ കുടുംബത്തിനും പെന്‍ഷന്‍ നല്‍കാതെ 'ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ' എന്ന പരുവത്തില്‍ കൈമലര്‍ത്തിയ സര്‍ക്കാരിന്റെ നയം തികച്ചും കുറ്റകരവും വഞ്ചനാപരവുംതന്നെ. 

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും കുടുംബത്തിനും പെന്‍ഷന്‍ ലഭിക്കാത്ത സാഹചര്യത്തില്‍ കേരളത്തില്‍ ആത്മഹത്യകള്‍ നിരവധിയുണ്ടായി. കാര്യമായ പ്രതികരണങ്ങള്‍ എങ്ങുനിന്നും ഉയര്‍ന്നില്ല. ഇപ്പോള്‍ പെന്‍ഷന്‍ കൃത്യമായി ലഭിക്കുന്ന സംസ്ഥാന സര്‍വ്വീസ് പെന്‍ഷന്‍കാരും കേന്ദ്ര പെന്‍ഷന്‍കാരും 'പഴുത്തില വീഴുമ്പോള്‍ ചിരിക്കുന്ന പച്ചിലകള്‍' പോലെ ആഹ്‌ളാദിച്ചുകഴിയേണ്ട! ശങ്കരക്കുറുപ്പിന്റെ കവിത പോലെ 'ഇന്നു ഞാന്‍ നാളെ നീ' എന്നോര്‍ക്കുന്നത് നന്ന്.

സി.പി. ഭാസ്‌കരന്‍, 

നിര്‍മ്മലഗിരി, കണ്ണൂര്‍

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.