സാംസ്‌കാരിക നായകര്‍ അന്ധരാണ്

Saturday 24 February 2018 2:30 am IST
ജുനൈദിന്റെ മാതാവിന് തന്റെ അവാര്‍ഡ് തുക നല്‍കി കരുണാമൂര്‍ത്തിയുടെ പരിവേഷം സമ്പാദിച്ച ആ 'നായകന്‍' ഷുഹൈബിന്റെ കൊലയെപ്പറ്റി മിണ്ടിയിട്ടില്ല; ഗര്‍ഭസ്ഥശിശുവിനെ ചവിട്ടിക്കൊന്ന കാട്ടാളത്തത്തെ കണ്ടിട്ടില്ല. സംസ്‌കാരം മൊത്തത്തില്‍ തലയിലേറ്റി നടക്കുന്നവരാരും ഇതൊന്നും അറിയുന്നില്ല. അവരുടെ ബുദ്ധിയും നാവും രാഷ്ട്രീയ യജമാനന്മാര്‍ വാഗ്ദാനച്ചരടുകള്‍കൊണ്ട് ബന്ധിച്ചിരിക്കുകയാണ്. തങ്ങള്‍ക്കു ചുറ്റും അരങ്ങേറുന്ന കൊടുംക്രൂരതകള്‍ കാണാനുള്ള കണ്ണുകള്‍ അവര്‍ക്കില്ല. അവര്‍ക്ക് ഒറ്റ അജണ്ടയേ ഉള്ളൂ; അതു മോദിഭര്‍ത്സനമാണ്.

കഥകളും കവിതകളും എഴുതുന്നവരെ 'സാംസ്‌കാരിക നായകന്മാര്‍' എന്നാണ് ഇപ്പോള്‍ വിളിച്ചുപോരുന്നത്. ഇക്കൂട്ടര്‍ക്ക് എങ്ങനെയാണ് ഇത്തരമൊരു വിളിപ്പേര് വന്നുചേര്‍ന്നതെന്നു വ്യക്തമല്ല. എന്തായാലും ഈ വിളിപ്പേര് തങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണെന്ന ഭാവമാണ് ഇവര്‍ക്കെല്ലാം. ഇവരുടെ കൃതികളിലൂടെയോ നാടുനീളെ നടന്ന് ഇവര്‍ ചെയ്യുന്ന പ്രസംഗങ്ങളിലൂടെയോ, അല്ല കേരള സംസ്‌കാരം നിലനിന്നുപോകുന്നത്. ഇവരൊന്നും കഥയും കവിതയും എഴുതിയില്ലെങ്കിലും കേരളസംസ്‌കാരം നശിച്ചുപോകില്ല. അത് തലമുറകളായി കൈമാറി വരുന്ന പൈതൃകമാണ്. ആ പൈതൃകത്തിനുള്ള ഈടുവയ്പ്പുകള്‍ പണ്ടേ വിജ്ഞന്മാരായ പൂര്‍വികര്‍ നമുക്കു തന്നിട്ടുണ്ട്. പിന്നീടു വന്ന പല പ്രതിഭാശാലികളും അതിനെ പരിപോഷിപ്പിക്കുകയും തേച്ചുമിനുക്കി പ്രോജ്വലമാക്കുകയും ചെയ്തിട്ടുണ്ട്. ആ ദിശയില്‍ യാതൊരു സംഭാവനയും ചെയ്യാതെ, പൂര്‍വികമായ എല്ലാറ്റിനെയും അന്ധമായി എതിര്‍ക്കുകയാണ് ഇപ്പോള്‍ പലരും ചെയ്തുകൊണ്ടിരിക്കുന്നത്. നശിപ്പിക്കുന്നതിന്റെ സ്ഥാനത്ത് പുതിയതൊന്നു സ്ഥാപിക്കുന്നതിനുള്ള വൈഭവമോ വിഭവശേഷിയോ ഇവര്‍ക്കൊട്ടില്ലതാനും.  

സംസ്‌കാരത്തിന്റെ കാവലാളുകള്‍ എന്ന നാട്യമുള്ളതിനാല്‍ നാട്ടിലുണ്ടാകുന്ന ഏതു സംഭവത്തെപ്പറ്റിയും അഭിപ്രായം പ്രകടിപ്പിക്കുന്നത് ഇവരുടെ പതിവായി തീര്‍ന്നിരിക്കുന്നു. അഭിപ്രായം പറയാന്‍ ആര്‍ക്കും അവകാശമുണ്ട്. എന്നാല്‍ അത് സത്യസന്ധവുംയുക്തിസഹവും നിഷ്പക്ഷവുമായിരിക്കണം. നെറ്റിയിലെ ലേബല്‍ കാരണം കൂടുതല്‍ പ്രചാരം കിട്ടുന്നഇവരുടെ അഭിപ്രായങ്ങള്‍ക്ക് പക്ഷേ, ഈ ഗുണങ്ങളൊന്നുമില്ല. തങ്ങള്‍ വികല ബുദ്ധികളും അല്‍പ്പജ്ഞാനികളും പുരോഗമനം പ്രസംഗിക്കുന്ന ചില രാഷ്ട്രീയ കക്ഷികളുടെ അടിമകളും മാത്രമാണെന്നാണ് ഇവര്‍ സ്വന്തം പ്രതികരണങ്ങളിലൂടെ വെളിവാക്കുന്നത്.  

കേരളത്തിലെയും ഇന്ത്യയിലെ മറ്റു ചില സംസ്ഥാനങ്ങളിലെയും കുറെ 'സാംസ്‌കാരിക നായകര്‍' പ്രതികരണ പ്രളയവുമായി പൊതുജനസമക്ഷം പ്രത്യക്ഷപ്പെട്ടത് നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലേറിയതിനെ തുടര്‍ന്നാണ്. അന്നുമുതല്‍ വിസ്തൃതമായ ഭാരതദേശത്തുണ്ടാകുന്ന ഒറ്റപ്പെട്ട ഏത് അനിഷ്ടസംഭവങ്ങള്‍ക്കും മോദിയും ബിജെപിയും നേരിട്ട് ഉത്തരവാദികളാണെന്ന രീതിയിലാണ്, പ്രതിപക്ഷകക്ഷികളുടെ ചട്ടുകങ്ങളായി നിന്നുകൊണ്ട്, ഇവര്‍ ആക്രോശിക്കുന്നത്. ദളിതന്‍ ആക്രമിക്കപ്പെടുന്നു, സാഹിത്യകാരന്‍ ആക്രമിക്കപ്പെടുന്നു എന്നൊക്കെ ചൂണ്ടിക്കാണിച്ച് അതെല്ലാം മോദി ഭരണം കാരണമെന്നു പ്രചരിപ്പിക്കുന്നത് പതിവാക്കിയിരിക്കുന്നു. തികച്ചും ക്രമസമാധാന പ്രശ്‌നമായ ഈ സംഭവങ്ങള്‍ അതതു സംസ്ഥാന സര്‍ക്കാരുകളുടെ ചുമതലയില്‍പ്പെട്ട കാര്യങ്ങളായിട്ടും മോദി സര്‍ക്കാരിനെതിരെ കുറ്റാരോപണം നടത്താന്‍ ഈ 'നായകര്‍ക്ക്' ഒരു സങ്കോചവുമുണ്ടായില്ല. ഏതു രാജ്യത്തും ഏതു കാലത്തും നടക്കാവുന്ന സംഭവങ്ങളായിരുന്നു അവയെല്ലാം. എന്നാല്‍ അതിന്റെ പേരില്‍ മോദി സര്‍ക്കാരിനെ ഫാസിസ്റ്റ് സര്‍ക്കാരെന്നു വ്യവഹരിക്കാനായിരുന്നു ഇവര്‍ക്കു താത്പര്യം.

ഇവര്‍ ആദര്‍ശ സര്‍ക്കാരായി കാണുന്നത് കേരളത്തിലെ ഇപ്പോഴത്തെ ഇടതുമുന്നണി സര്‍ക്കാരിനെയാണ്. എല്ലാ അഴിമതികളെയും ന്യായീകരിക്കുന്ന, അഴിമതിയന്വേഷണങ്ങളെ നിരന്തരം അട്ടിമറിക്കുന്ന, കയ്യേറ്റക്കാര്‍ക്കും കള്ളക്കടത്തുകാര്‍ക്കും കൂട്ടുനില്‍ക്കുന്ന, കൊലക്കേസ് പ്രതികളെ വിഐപിമാരായി കൊണ്ടുനടക്കുന്ന, പൊതുമുതല്‍ ധൂര്‍ത്തടിക്കുന്ന സര്‍ക്കാരാണിത്. കെ.എം.മാണി മുതല്‍ തോമസ് ചാണ്ടിയും അന്‍വറും ശശീന്ദ്രനും ശൈലജയും ശ്രീരാമകൃഷ്ണനും കൊടിസുനിയും കിര്‍മാണി മനോജുംവരെ എത്രയോ ഉദാഹരണങ്ങള്‍!

തങ്ങള്‍ക്കു സ്വാധീനമുള്ള ഇടങ്ങളില്‍ മറ്റുള്ളവര്‍ക്ക്  സംഘടനാസ്വാതന്ത്ര്യം നിഷേധിക്കുന്ന, ആശയപരമായ വിരോധത്തിന്റെ പേരില്‍ ആളുകളെ ഡസന്‍ കണക്കിനു വെട്ടുവെട്ടി നിഷ്ഠുരമായി വധിക്കുന്ന, ഗര്‍ഭസ്ഥശിശുവിനെപ്പോലും ചവിട്ടിക്കൊല്ലുന്ന പൈശാചികതയാണ് ഇവര്‍ക്ക് ഫാസിസ്റ്റ്‌വിരുദ്ധ പോരാട്ടം.

ഉത്തരേന്ത്യയില്‍ ട്രെയിനിലെ സീറ്റ് തര്‍ക്കം ജുനൈദ് എന്നൊരാളുടെ കൊലയില്‍ കലാശിച്ചപ്പോള്‍ 'ഹൃദയം നൊന്ത' കേരള മുഖ്യമന്ത്രി അവിടെപ്പോയി അയാളുടെ മാതാപിതാക്കളെ കണ്ട് ആശ്വസിപ്പിച്ചു. എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. എന്നാല്‍, തന്റെ ഭരണത്തിന്‍ കീഴില്‍ സ്വന്തം നാട്ടില്‍ ഷുഹൈബ് എന്ന യുവാവിനെ അക്രമികള്‍ രാഷ്ട്രീയവിരോധം മൂലം ആസൂത്രണമായി, മുപ്പത്തിയേഴ് വെട്ടുവെട്ടി ക്രൂരമായി കൊല ചെയ്തപ്പോള്‍ ഇതേ മുഖ്യമന്ത്രി ആറ് ദിവസം കഴിഞ്ഞാണ് പ്രതികരിച്ചത്.

ഈ മാന്യനെ ആദര്‍ശപുരുഷനായി കാണുന്ന കേരളത്തിലെ സംസ്‌കാരിക നായകര്‍ അതേ നയം തന്നെ അനുവര്‍ത്തിച്ചിരിക്കുന്നു. ജുനൈദിന്റെ മാതാവിന് തന്റെ അവാര്‍ഡ് തുക നല്‍കി കരുണാമൂര്‍ത്തിയുടെ പരിവേഷം സമ്പാദിച്ച ആ 'നായകന്‍' ഷുഹൈബിന്റെ കൊലയെപ്പറ്റി മിണ്ടിയിട്ടില്ല; ഗര്‍ഭസ്ഥശിശുവിനെ ചവിട്ടിക്കൊന്ന കാട്ടാളത്തത്തെ കണ്ടിട്ടില്ല. സംസ്‌കാരം മൊത്തത്തില്‍ തലയിലേറ്റി നടക്കുന്നവരാരും ഇതൊന്നും അറിയുന്നില്ല. അവരുടെ ബുദ്ധിയും നാവും രാഷ്ട്രീയ യജമാനന്മാര്‍ വാഗ്ദാനച്ചരടുകള്‍കൊണ്ട് ബന്ധിച്ചിരിക്കുകയാണ്. തങ്ങള്‍ക്കു ചുറ്റും അരങ്ങേറുന്ന കൊടുംക്രൂരതകള്‍ കാണാനുള്ള കണ്ണുകള്‍ അവര്‍ക്കില്ല. അവര്‍ക്ക് ഒറ്റ അജണ്ടയേ ഉള്ളൂ; അതു മോദിഭര്‍ത്സനമാണ്. അതാണ് അവരില്‍ അര്‍പ്പിക്കപ്പെട്ടിരിക്കുന്ന രാഷ്ട്രീയച്ചുമതല. മോദിഭരണം കാരണം രാജ്യത്ത് ജീവിക്കാന്‍ കഴിയാതായിരിക്കുന്നു എന്നു വിലപിച്ചവര്‍ കേരളത്തില്‍ മാര്‍ക്‌സിസ്റ്റ് ആധിപത്യമുള്ള ഗ്രാമങ്ങളിലും നഗരങ്ങളിലും വിദ്യാലയങ്ങളിലും മറ്റുള്ളവര്‍ ഭീതിയോടെ കഴിയുന്നു എന്ന സത്യം കാണുന്നില്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.