മാലിന്യങ്ങള്‍ നീക്കുന്നില്ല; കരാറുകാരന്‌ നഗരസഭ നോട്ടീസ്‌ നല്‍കി

Wednesday 20 July 2011 11:04 pm IST

കാഞ്ഞങ്ങാട്്‌: ചെമ്മട്ടംവയലില്‍ നഗരസഭ ട്രഞ്ചിംഗ്‌ ഗ്രൌണ്ടില്‍ നിന്ന്‌ മാലിന്യ നീക്കം നടക്കുന്നില്ല. പണി സ്തംഭിച്ചതിനെതുടര്‍ന്ന്‌ കരാര്‍ ഏറ്റെടുത്ത വടകര മുക്കിലെ കെ.കെ.ബദറുദ്ദീന്‌ നഗരസഭ നോട്ടീസ്‌ നല്‍കി. ജൂണ്‍ 25നാണ്‌ ബദറുദ്ദീന്‍ ഒരു മാസത്തിനകം മാലിന്യങ്ങള്‍ നീക്കം ചെയ്യുമെന്ന്‌ ഉറപ്പ്‌ നല്‍കി കരാറില്‍ ഒപ്പ്‌ പതിച്ചത്‌. ജൂലായ്‌ 24ന്‌ കരാര്‍ കാലാവധി കഴിയും. കരാര്‍ ഏറ്റെടുത്തെങ്കിലും ട്രഞ്ചിംഗ്‌ ഗ്രൌണ്ടില്‍ നിന്ന്‌ മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള യാതൊരു നടപടിയും കരാറുകാരണ്റ്റെ ഭാഗത്ത്‌ നിന്ന്‌ ഉണ്ടായിട്ടില്ല. കരാര്‍ കാലാവധി പൂര്‍ത്തിയാകാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ്‌ ബാക്കി. കരാര്‍ അനുസരിച്ച്‌ ഈ നാലു ദിവസത്തിനുള്ളില്‍ ട്രഞ്ചിംഗ്‌ ഗ്രൌണ്ടില്‍ നിന്ന്‌ മാലിന്യം നീക്കം ചെയ്യുമെന്ന്‌ ആരും കരുതുന്നില്ല. കരാറുകാരനെ നിരവധി തവണ ടെലിഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അത്‌ നടന്നില്ലത്രെ. ഇതേതുടര്‍ന്ന്‌ നോട്ടീസ്‌ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ കരാറുകാരണ്റ്റെ വീട്ടിലെത്തിക്കുകയായിരുന്നു. നോട്ടീസ്‌ കൈപ്പറ്റിയ കരാറുകാരന്‍ ബദറുദ്ദീന്‍ സമയം നീട്ടിത്തരണമെന്നാവശ്യപ്പെട്ട്‌ നഗരസഭ സെക്രട്ടറിക്ക്‌ കത്ത്‌ നല്‍കിയിട്ടുണ്ട്‌. ട്രഞ്ചിംഗ്‌ ഗ്രൌണ്ടിലെ മാലിന്യങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നതിനാല്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട്‌ ബിജെപി കല്യാണ്‍റോഡ്‌ യൂണിറ്റ്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം ആരംഭിച്ചതിനെ തുടര്‍ന്ന്‌ മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ നഗരത്തിണ്റ്റെ മുക്കിലും മൂലയിലും കുമിഞ്ഞുകൂടിയിരുന്നു. നഗരം ദുര്‍ഗന്ധത്തില്‍ അമര്‍ന്നതിനെ തുടര്‍ന്ന്‌ നഗരസഭ അധികൃതര്‍ സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ക്കുകയും മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ അടിയന്തിര സ്വഭാവത്തോടെ നടപടി സ്വീകരിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതനുസരിച്ച്‌ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന്‌ ടെണ്ടര്‍ ക്ഷണിക്കുകയും കൊളവയലിലെ കെ.ബി.കരീം 21 ലക്ഷം രൂപയുടെ ടെണ്ടര്‍ സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ഭരണകക്ഷിയില്‍പ്പെട്ട ചിലര്‍ ഇതില്‍ ഇടപെടുകയും റിടെണ്ടര്‍ നടത്തണമെന്നാവശ്യപ്പെടുകയും ചെയ്തു. ഇതേതുടര്‍ന്നാണ്‌ കെ.കെ.ബദറുദ്ദീന്‍ ൧൫ ലക്ഷം രൂപയ്ക്ക്‌ കരാര്‍ ഏറ്റെടുത്തത്‌.