സാക്ഷരതാപ്രേരക്മാരുടെ വേതനം വെട്ടിക്കുറച്ചു

Saturday 24 February 2018 2:30 am IST

പാലക്കാട്: സാക്ഷരത പ്രേരക്മാരുടെ   വേതനം സര്‍ക്കാര്‍ വെട്ടിക്കുറച്ചു. പ്രതിമാസം 12,000 മുതല്‍ 15,000 രൂപവരെ ലഭിച്ചിരുന്നത് ഇനി നാലായിരം രൂപയായി കുറയും. തുല്യത പരീക്ഷക്ക് ആളെ ചേര്‍ക്കുന്നതിനെ അടിസ്ഥാനമാക്കിയേ ഇനി  ഇവര്‍ക്ക് വേതനം നല്‍കൂ. 1999 മുതല്‍ തുടര്‍വിദ്യാകേന്ദ്രങ്ങളില്‍ കുറഞ്ഞ വേതനത്തിന് സേവനം ചെയ്തുവന്ന പ്രേരക്മാരുടെ ജീവിതം പ്രതിസന്ധിയിലാക്കുന്നതാണ് സര്‍ക്കാരിന്റെ തീരുമാനം. എട്ടുമാസത്തെ വേതനം കുടിശ്ശികയാണ്. അതിനു പുറമെയാണ് പുതിയ ഇരുട്ടടി.

 പ്രേരക്മാരുടെ  ശമ്പളത്തിന്റെ 60 ശതമാനമാണ് നിലവില്‍ സര്‍ക്കാര്‍ നല്‍കുന്നത്. ബാക്കിതുക തുല്യത പരീക്ഷയെഴുതുന്നവരുടെ ഫീസില്‍ നിന്ന് കണ്ടെത്തുകയാണ് ചെയ്യുന്നത്. ഇനി സാക്ഷരത, നാലാംതരം തുല്യത, ഏഴാം തരം തുല്യത എന്നീ പരീക്ഷകള്‍ക്ക് 50 പഠിതാക്കളെ ചേര്‍ക്കുന്നവര്‍ക്കു മാത്രം സര്‍ക്കാരിന്റെ 60 ശതമാനം തുക നല്‍കിയാല്‍ മതിയെന്നാണ് ഈ മാസം 16ന് സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നത്. അല്ലാത്തവര്‍ക്ക് പകുതി തുക നല്‍കിയാല്‍ മതിയെന്നാണ് നിര്‍ദേശം. ഇത് പാലിച്ച് സാക്ഷ്യം പത്രം നല്‍കുന്നവര്‍ക്ക് മാത്രമേ ജനുവരി മുതല്‍ ശമ്പളം കിട്ടൂ.

ഗ്രാമ,ബ്ലോക്ക് പഞ്ചായത്തുകളിലായി സംസ്ഥാനത്താകെ 2300 ഓളം പ്രേരക്മാരാണുള്ളത്. 500,400,350 എന്നിങ്ങനെയാണ് വിവിധ തസ്തികകളിലുള്ള പ്രേരക് മാര്‍ക്ക് പ്രതിദിന വേതനം. അവധി, വിശേഷ ദിവസങ്ങളില്‍ വേതനമില്ല. സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശമനുസരിച്ച് പഠിക്കാന്‍ ആളെ ചേര്‍ക്കാന്‍ കഴിയാത്ത പ്രേരക്മാരുടെ മാസവരുമാനം 4000 രൂപയിലേക്ക് താഴും. അതേസമയം ഇവരെ ഏല്‍പ്പിച്ചിരിക്കുന്ന മറ്റുജോലികള്‍ക്ക് കുറവൊന്നും വരുത്തിയിട്ടുമില്ല. തുല്യത പരീക്ഷക്ക് ആളെ ചേര്‍ക്കുന്നതിനു പുറമെ അക്ഷരലക്ഷം, പരിസ്ഥിതി സാക്ഷരത, ആദിവാസി സാക്ഷരത, തുടങ്ങിയ പ്രവര്‍ത്തനങ്ങളും ചെയ്യണം. ദിവസവും നിര്‍ബന്ധമായും ഓഫീസിലിരിക്കണം. സാധാരണ കുടുംബങ്ങളില്‍ നിന്നുവരുന്ന സ്ത്രീകളാണ് ഭൂരിപക്ഷം പ്രേരക്മാരും. എട്ടുമാസത്തെ വേതനം കിട്ടാത്ത പലരും കടുത്ത ദാരിദ്ര്യത്തിലാണ്. ശമ്പളം കിട്ടാത്തതിനാല്‍ മരുന്നുവാങ്ങാന്‍ കഴിയുന്നില്ലെന്നും കുടുംബം ആത്മഹത്യയുടെ വക്കിലാണെന്നും പറയുന്ന ഒരു വനിതാപ്രേരകിന്റെ ശബ്ദ സന്ദേശം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

ശമ്പളം കിട്ടാന്‍ ലക്ഷ്യം തികയ്ക്കണമെന്ന നിര്‍ദേശം സാക്ഷരതാ പ്രേരക്മാരെ സെയില്‍സ്മാന്‍മാരെപ്പോലെ കാണുന്നതിന് തുല്യമാണെന്ന് ദേശീയ സാക്ഷരത പ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറി സന്തോഷ്‌കുമാര്‍ പ്രതികരിച്ചു.  സാക്ഷരതാ പ്രവര്‍ത്തകരെ അപമാനിക്കുന്ന ഉത്തരവ് പിന്‍വലിക്കണമെന്നും ഓണറേറിയം കുടിശ്ശിക തുക ഉടന്‍ വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.