ശിശുസംരക്ഷണ സമിതികള്‍ പ്രഹസനമാകുന്നു

Saturday 24 February 2018 2:02 am IST

ആലപ്പുഴ: തദ്ദേശഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള ശിശുസംരക്ഷണ സമിതികള്‍ കൂടാതായിട്ട് മാസങ്ങളായെന്ന് റിപ്പോര്‍ട്ട്. ബ്ലോക്ക്-പഞ്ചായത്ത്-നഗരസഭ തലങ്ങളിലെ സമതികളാണ് മൂന്നുമാസത്തിലേറെയായിട്ടും യോഗം ചേരാത്തത്. 

 ജില്ല ശിശുസംരക്ഷണ സമതി യോഗത്തിലാണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. തദ്ദേശഭരണസ്ഥാപനങ്ങളില്‍ സമതികളുടെ പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കണമെന്ന് ജില്ല കളക്ടര്‍ ടി.വി.അനുപമ അഭിപ്രായപ്പെട്ടു.

 ജില്ലയില്‍ 12 ബ്ലോക്ക് പഞ്ചായത്തുകളിലായി 72 ഗ്രാമപഞ്ചായത്തുകളാണുള്ളത്. ആറ് നഗരസഭകളുമുണ്ട്. കഞ്ഞിക്കുഴി, അമ്പലപ്പുഴ ബ്ലോക്കുകളിലെ എല്ലാ പഞ്ചായത്തിലും സമിതികള്‍ യോഗം ചേര്‍ന്നു, ചമ്പക്കുളം ബ്ലോക്കിലെ ചമ്പക്കുളം, മുതുകുളം ബ്ലോക്കിലെ ചിങ്ങോലി, കണ്ടല്ലൂര്‍, മുതുകളം, ആറാട്ടുപുഴ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടെ 15 ഗ്രാമപഞ്ചായത്തിലാണ് യോഗം ചേര്‍ന്നത്. ബാക്കി 57 ഗ്രാമപഞ്ചായത്തിലും ഇനിയും യോഗം ചേര്‍ന്നില്ല

 കഴിഞ്ഞ സപ്തംബറില്‍ ജില്ലാ തല സമതി യോഗം ചേര്‍ന്ന് തദ്ദേശഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള സമതികള്‍ നിശ്ചിത സമയത്തിനകം ചേരണമെന്ന് നിശ്ചയിച്ചിരുന്നു. ബ്ലോക്ക് പഞ്ചായത്തുകളില്‍ ചമ്പക്കുളം,ആര്യാട്, തൈക്കാട്ടുശേരി എന്നിവ ഒഴികെയുള്ള ഒമ്പതിടത്തും യോഗങ്ങള്‍ ചേര്‍ന്നിരുന്നു. ബ്ലോക്ക്തല യോഗം 2017 ഒക്ടോബര്‍ 31നകവും ഗ്രാമപഞ്ചായത്ത്, നഗരസഭാതല സമതികള്‍ നവംബര്‍ 14നകവും ചേരാനായിരുന്നു തീരുമാനം. ചെങ്ങന്നൂര്‍, ഹരിപ്പാട് നഗരസഭകളില്‍  ഇക്കാലയളവില്‍ യോഗം ചേര്‍ന്നില്ല. 

 ജില്ലയില്‍ വിഷമ സാഹചര്യത്തില്‍ കഴിയുന്ന കുട്ടികള്‍ക്ക് സ്പോണ്‍സര്‍ഷിപ്പ് നല്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കുന്നുണ്ട്. ഇതനുസരിച്ച് 548 അപേക്ഷ ലഭിച്ചിട്ടുണ്ട്. ഇതില്‍ 31 പേര്‍ക്കാണ് സ്പോണ്‍സര്‍ഷിപ്പ് ലഭിച്ചത്. 

  കഴിഞ്ഞ ജില്ലാതല സമതിക്ക് ശേഷം കിട്ടിയ 72 സാമൂഹ്യന്വേഷണ ഉത്തരവുകളില്‍ 63 എണ്ണത്തിലും അന്വേഷണം പൂര്‍ത്തിയാക്കി ജൂവൈനല്‍ ജസ്റ്റിസ് ബോര്‍ഡിന് റിപ്പോര്‍ട്ട് നല്കി. കൗണ്‍സിലിങിനായി ലഭിച്ച 62 അപേക്ഷകളില്‍ 41 കേസിലും കൗണ്‍സിലിങ് നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ 13 എണ്ണം പോക്സോ കേസുകളും 21 എണ്ണം ദത്തെടുക്കല്‍ കൗണ്‍സിലിങുമായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.