സന്തോഷ് മടങ്ങിയെത്തി; നാടിന് ആനന്ദക്കണ്ണീര്‍

Saturday 24 February 2018 2:00 am IST

 

അമ്പലപ്പുഴ: ഒമാന്‍ തടവറയിലെ 20 വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം  സന്തോഷ് കുമാര്‍ ജന്മനാട്ടിലെത്തി. അമ്മയുടെ ഓര്‍മ്മയില്‍ വൃദ്ധയായ അമ്മായിയെ വാരിപ്പുണര്‍ന്ന് വിങ്ങിപ്പെട്ടിയപ്പോള്‍ കാഴ്ചക്കാരിലും നൊമ്പരമുളവാക്കി. 

  വര്‍ഷങ്ങളായി സന്തോഷിനെ കാത്തിരുന്ന ചെറിയ വീടും പരിസരവും ഒരു നിമിഷം ശോകമൂകമായി. നീര്‍ക്കുന്നം ഭാരതി ഭവനില്‍ സന്തോഷ് കുമാര്‍ (45) ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് നീണ്ട തടവറ ജീവിതത്തിനു ശേഷം ജയില്‍ മോചിതനായി നാട്ടിലെത്തിയത്. വിദേശത്ത് വര്‍ഷങ്ങളായി ജോലി ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തകനായ പുന്നപ്ര സ്വദേശി തയ്യില്‍ ഹബീബിന്റെ ഏറെ നാളത്തെ പരിശ്രമത്തിന്റെ ഫലമായാണ് സന്തോഷിന്റെ ജയില്‍ മോചനം എളുപ്പമായത്. 

  കുടുംബം പുലര്‍ത്താന്‍ ഏറെ പ്രതീക്ഷയോടെ ഗള്‍ഫിലെ ഒമാനില്‍ ജോലി തേടിയെത്തിയ സന്തോഷ് കുമാര്‍ 1997ലാണ് ചെയ്യാത്ത കുറ്റത്തിന് ജയിലിലായത്. നിര്‍ധന കുടുംബം മോചനത്തിനു വേണ്ടി ഏറെ വാതിലുകള്‍ മുട്ടിയെങ്കിലും, യാതൊരു പ്രയോജനവുമുണ്ടായില്ല. 

  മകന്‍ ജയിലിലായത് അറിഞ്ഞതുമുതല്‍ കിടപ്പിലായ അമ്മ ഭരതി സന്തോഷിനെ ഒരു നോക്കു കാണണമെന്ന ആഗ്രഹം ബാക്കിവെച്ച് 2010 ഡിസംബറില്‍ അന്ത്യയാത്ര പറഞ്ഞു. ഒരു വര്‍ഷത്തിനുശേഷം മൂത്ത സഹോദരന്‍ ശശിയും മരിച്ചു. 

  20 വര്‍ഷവും, 5 മാസത്തെയും തടവറ ജീവിതത്തിനു ശേഷം നാട്ടിലെത്തിയ സന്തോഷിന് ബന്ധുക്കളെയും, അയല്‍വാസികളെയും തിരിച്ചറിയാനാവാത്ത അവസ്ഥയിലായിരുന്നു. ജനപ്രതിനിധികളും, നാട്ടുകാരും സന്തോഷ് വാഹനത്തില്‍ നിന്നിറങ്ങിയപ്പോള്‍ ഹാരമണിയിച്ചപ്പോള്‍ എനിക്കല്ല ഹബീബിനാണ് നിങ്ങള്‍ നന്ദി പറയേണ്ടതെന്ന് സന്തോഷ് ആവര്‍ത്തിച്ചു പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.