നാണംകെട്ട് കേരളം

Saturday 24 February 2018 2:40 am IST

തിരുവനന്തപുരം: അട്ടപ്പാടിയിലെ വനവാസി മേഖലയില്‍ സോമാലിയയേക്കാള്‍ ദുരിതമുണ്ടെന്നു പറഞ്ഞപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്ഷേപം കൊണ്ടു മൂടിയവര്‍ ഇപ്പോള്‍ നിശ്ശബ്ദര്‍. വടക്കേ ഇന്ത്യയില്‍ നടക്കുന്ന ഏതു കൊലപാതകത്തിനും ദളിത് പീഡനത്തിന്റേയോ ന്യൂനപക്ഷ പീഡനത്തിന്റേയോ നിറം നല്‍കി രാഷ്ടീയ മുതലെടുപ്പിനായിരുന്നു കേരളത്തിലെ ഇടതു വലതു മുന്നണികളുടെ ശ്രമം. മധ്യപ്രദേശിലും യുപിയിലും ദളിതര്‍ പീഡനങ്ങള്‍ക്ക് ഇരയായാല്‍ സാംസ്‌കാരിക നായകരുടെ ഉറഞ്ഞുതുള്ളല്‍. 

രാഷ്ടീയ പ്രബുദ്ധതയുടേയും പുരോഗമനത്തിന്റേയും പേരിലുള്ള കേരളമോഡല്‍ അവകാശ വാദത്തിനോ കേരളം ഒന്നാം നമ്പര്‍ എന്ന വാദത്തിനോ ഇനി സ്ഥാനമില്ല. ഇരുകൈകളും വരിഞ്ഞുകെട്ടിയ നിലയില്‍ ദയനീയമായി നില്‍ക്കുന്ന മധുവിന്റെ ചിത്രവും വിശന്നു വലഞ്ഞ ഒരു മനുഷ്യനെ തല്ലിക്കൊല്ലാന്‍ മടിയുമില്ലാത്ത ആള്‍ക്കൂട്ടവും അടയാളപ്പെടുത്തുന്നത് കേരളത്തിന്റെ സമകാലീന യാഥാര്‍ത്ഥ്യം തന്നെയാണ്. കേരളം ദളിതരെ പീഡിപ്പിക്കുന്ന നാടായി മാറി എന്ന യാഥാര്‍ത്ഥ്യം. 

ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം 19 ദളിതര്‍ കൊല്ലപ്പെട്ടു. നിരവധി ദളിത് സ്ത്രികള്‍ പീഡനത്തിന് ഇരയായി. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതുതന്നെ കണ്ണൂരില്‍ കൈക്കുഞ്ഞുമായി രണ്ട് ദളിത് യുവതികളെ ജയിലിലടച്ചുകൊണ്ടാണ്. പാര്‍ട്ടി എംഎല്‍എ  ഈ കേസില്‍ പ്രതിയാണ്. ഇതൊരു തുടക്കം മാത്രമായിരുന്നു. 

തൃശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂരില്‍ പോലീസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ച ഒരു ദളിത് യുവാവ് ആത്മഹത്യയില്‍ അഭയം പ്രാപിച്ചു. തിരുവനന്തപുരത്ത് രാജേഷ് എന്ന ദളിത് യുവാവിനെ ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്ന കാരണത്താല്‍ മൃഗീയമായി വെട്ടിക്കൊലപ്പെടുത്തി. തിരുവനന്തപുരത്ത്് വിഷ്ണു എന്ന ദളിത് വിദ്യാര്‍ത്ഥിയെ വിട്ടില്‍ കയറി വെട്ടിക്കൊന്നതും സിപിഎമ്മുകാരാണ്. കാട്ടാക്കടയില്‍ ദളിത് കുടുബത്തിന്റെ വീട് കയ്യേറി അവരെ വഴിയാധാരമാക്കാന്‍ കൂട്ടുനിന്നത് സിപിഎം എംഎല്‍എയാണ്. കുമളിയില്‍ ദളിത് ദമ്പതിമാരെയും രണ്ട് കുട്ടികളെയും സിപിഎം അക്രമികള്‍ മര്‍ദ്ദിച്ചവശരാക്കിയശേഷം വീട്ടില്‍നിന്നിറക്കിവിട്ട സംഭവം വലിയ ചര്‍ച്ചയായി.

പാലക്കാട് ഗോവിന്ദപുരത്ത് ഇന്നും അയിത്തം നിലനില്‍ക്കുന്നു. സിപിഎം എംഎല്‍എ ആണ് ഇതിന് നേതൃത്വം നല്‍കുന്നത്. കോട്ടയം സര്‍വകലാശാലയിലും തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജിലും ദളിത് വിദ്യാര്‍ത്ഥിനികള്‍ക്ക് എസ്എഫ്‌ഐയുടെ ക്രൂരമായ ജാതീയ പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നു. എസ്എഫ്‌ഐയില്‍ ചേരാത്തതിനാല്‍ പോളിടെക്‌നിക് വിദ്യാര്‍ത്ഥി അവനീഷിനെ ക്രൂരമായി മര്‍ദ്ദിച്ചു. പാലക്കാട് വിക്ടോറിയ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സരസുവിന് ജീവിച്ചിരിക്കെ കുഴിമാടമൊരുക്കി റീത്ത് സമര്‍പ്പിച്ചതും, എറണാകുളം മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ എന്‍.എന്‍. ബീനയുടെ കസേര കത്തിച്ചതും ഇടതുഭരണത്തില്‍ തിളച്ചുപൊന്തിയ ദളിത് വിരോധത്തിന്റെ പ്രകടനമായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.