എം.ബി. രാജേഷ് മറുപടി പറയണം; പട്ടികജാതി മോര്‍ച്ച

Saturday 24 February 2018 2:30 am IST

തൃശൂര്‍: വനവാസി യുവാവിനെ തെരുവു മൃഗത്തെപ്പോലെ തല്ലിക്കൊന്ന സംഭവം ദാരുണവും സമൂഹമനഃസാക്ഷിയെ ഞെട്ടിക്കുന്നതുമാണെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് പറഞ്ഞു. അട്ടപ്പാടിയുടെ വികസനത്തിനുവേണ്ടി കോടിക്കണക്കിനുരൂപ ചെലവഴിച്ചിട്ടും വിശപ്പകറ്റാന്‍ ഒരു നേരത്തെ ഭക്ഷണത്തിനായി തെണ്ടേണ്ടി വന്നതിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണ്. വനവാസികളുടെ ദയനീയ സ്ഥിതിക്കുദാഹരണമാണ് ഈ സംഭവം. വനവാസികള്‍ക്കുവേണ്ടി മുതലക്കണ്ണീരൊഴുക്കുന്ന എം.ബി. രാജേഷ് എംപിയുടെ മണ്ഡലത്തിലും, സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി എ.കെ. ബാലന്റെ ജില്ലയിലുമാണ് സമൂഹമനഃസാക്ഷിയെ ഞെട്ടിച്ച സംഭവമെന്നും അദ്ദേഹം പറഞ്ഞു. 

ഉത്തര്‍പ്രദേശിലെ മുഹമ്മദ് അഖ്‌ലാഖിന്റെയും ഹൈദരാബാദിലെ രോഹിത് വെമൂലയുടെയും മരണവും രാഷ്ട്രീയവല്‍ക്കരിക്കുകയും കേരളത്തിലാകമാനം കുപ്രചരണങ്ങളഴിച്ചുവിട്ട എം.ബി. രാജേഷും ഇടതുപക്ഷ നേതാക്കളും നിലപാട് വ്യക്തമാക്കണം. അവാര്‍ഡുകള്‍ തിരിച്ചേല്‍പ്പിച്ച കേരളത്തിലെ സാംസ്‌കാരിക നായകന്മാരുടെ മൗനം ലജ്ജാകരമാണ്.

മധുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായവും കുടുംബാംഗങ്ങള്‍ക്ക് ജോലിയും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. രാജ്യത്ത് വനവാസികള്‍ക്കും, പട്ടികജാതികാര്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന ഒരേ ഒരു സംസ്ഥാനമാണ് കേരളം. വനവാസികള്‍ക്കും പട്ടികജാതിക്കാര്‍ക്കും ജീവിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ഷാജുമോന്‍ പറഞ്ഞു. 

സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര വനവാസികാര്യമന്ത്രി ജുവല്‍ ഓറോമിന് പരാതി നല്‍കിയെന്നും ഷാജുമോന്‍ പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.