മധു... നിനക്ക് മാപ്പ്; എന്തിന് നീ ഈ നെറികെട്ട നാട്ടിലേക്കിറങ്ങി

Saturday 24 February 2018 2:40 am IST

കൊച്ചി: മധു... വിശപ്പിന്റെ പേരായിരുന്നു. കാടും കാട്ടു മൃഗങ്ങളേയുമാണ് അവനറിയാമായിരുന്നത്. കാടല്ലായിരുന്നോ നിനക്ക് പറ്റിയ സ്ഥലം? എന്തിനു നീ ഈ നെറികെട്ട നാട്ടിലേക്കിറങ്ങി?... മോഷണക്കുറ്റം ആരോപിച്ച് അഗളിയില്‍ വനവാസി യുവാവായ മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതിനെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം ആളിക്കത്തുന്നു.

മോഷണക്കുറ്റം ആരോപിച്ച് കെട്ടിയിട്ട് തല്ലി, അതിന്റെ സെല്‍ഫിയെടുത്ത് ആഘോഷിച്ചവരെയും കണക്കറ്റ് വിമര്‍ശിക്കുകയായിരുന്നു മലയാളികളുടെ പോസ്റ്റുകള്‍. സെല്‍ഫികളില്‍ രമിക്കുന്നവര്‍ക്കിടയില്‍ നീ വരരുതായിരുന്നു. അവര്‍ക്കറിയില്ലായിരുന്നു കാടേത് നാടേതെന്ന്. കറുത്ത നിറം നീ ധരിക്കരുതായിരുന്നു, മുഷിഞ്ഞ വസ്ത്രം കൊല്ലാനുള്ള അടയാളമാണെന്ന് തിരിച്ചറിയാന്‍ നിനക്കായില്ല. വിശപ്പ് നീ ശ്വാസത്തില്‍ ഒതുക്കണമായിരുന്നു- സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങള്‍ ഇങ്ങനെ നീളുന്നു. 

മധുവിനോട് സാക്ഷരകേരളം എന്ന് അവകാശപ്പെടുന്ന ഇവിടത്തെ ജനം ചെയ്തനെറികേടിനെതിരെ വേദനനിറഞ്ഞ വരികളിലൂടെയായിരുന്നു സോഷ്യല്‍ മീഡിയയുടെ പ്രതികാരം. കാട് കാക്കും കറുത്ത മക്കളെ തച്ച് കൊന്നില്ലേ നിങ്ങള്‍ തച്ച് കൊന്നില്ലേ... എന്തിനാ അവനെ കൊന്നേ? അവന്‍ കട്ടിട്ടാ.. അതിനുകൊല്ലണോ? അവന്‍ കറുത്തിട്ടാ.. മുഷിഞ്ഞിട്ടാ... പിന്നെ വിശന്നിട്ടും.... ഇങ്ങനെ നീളുന്നു പ്രതിഷേധങ്ങള്‍. 

ചലച്ചിത്രതാരങ്ങളും ഈ കാടത്തതിനെതിരെ പ്രതികരിച്ചു. എന്തിന്റെ പേരിലായാലും മനുഷന്‍ മനുഷ്യനെത്തന്നെ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് നടന്‍ മമ്മൂട്ടി എഫ്ബി പേജില്‍ കുറിച്ചു. വിശപ്പടക്കാന്‍ മോഷ്ടിക്കുന്നവനെ കള്ളനെന്ന് വിളിക്കരുത്. പട്ടിണി സമൂഹത്തിന്റെ സൃഷ്ടിയാണ്. ആള്‍ക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്. വിശപ്പിന്റെയും വിചാരണയുടെയും കറുത്ത ലോകത്തു നിന്നു കൊണ്ട് നമ്മള്‍ എങ്ങനെയാണ് പരിഷ്‌കൃതരെന്ന് സ്വയം പ്രഖ്യാപിക്കുന്നത്? മധു... മാപ്പ്... മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.