അട്ടപ്പാടിയില്‍ ഷീ ഓട്ടോ പദ്ധതി പൊളിഞ്ഞു

Saturday 24 February 2018 2:50 am IST

അഗളി: വനവാസി സ്ത്രീകളെ ശാക്തീകരിക്കാന്‍ അട്ടപ്പാടിയില്‍ നടപ്പാക്കിയ ഷീ ഓട്ടോ പദ്ധതി പൊളിഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ആസൂത്രണവും ഏകോപനത്തിലുണ്ടായ പാളീച്ചയുമാണ് പദ്ധതി പൊളിയാനുള്ള മുഖ്യ കാരണം. 2013- 2014 കാലയളവില്‍ അന്നത്തെ പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രിയായിരുന്ന പി.കെ. ജയലക്ഷ്മി സംസ്ഥാനതലത്തില്‍ ഉദ്ഘാടനം ചെയ്ത പദ്ധതിയാണിത്.ഇതുവഴി വിതരണം ചെയ്ത 46 ഓട്ടോറിക്ഷകളില്‍ 44ഉം തുരുമ്പെടുത്തു. രണ്ടുപേര്‍ മാത്രമാണ് പദ്ധതിയിലൂടെ ജീവിതം കരുപ്പിടിപ്പിച്ചത്. 

അട്ടപ്പാടിയിലെ മൂന്ന് പഞ്ചായത്തുകളില്‍ നിന്നുള്ള 46 വനവാസി സ്ത്രീകള്‍ക്കാണ് ഐടിഡിപിയുടെ മേല്‍നോട്ടത്തില്‍ ഡ്രൈവിങ്ങില്‍ പരിശീലനം നല്‍കിയ ശേഷം ഓട്ടോറിക്ഷകള്‍ നല്‍കിയത്. എന്നാല്‍ ആദിവാസികള്‍ക്ക് പുതിയ തൊഴില്‍ മേഖലയോട് ഉണ്ടാകുന്ന വിമുഖത മനസ്സിലാക്കി, പിന്നീട് വന്ന സര്‍ക്കാരിന് പദ്ധതി ഏകോപിപ്പിക്കാന്‍ വകുപ്പധികൃതര്‍ക്ക് കഴിയാതെ വന്നതാണ് പ്രശ്‌നമായത്.

വാഹന പരിശോധന നടത്താതെയും ഇന്‍ഷുറന്‍സ് തുക കെട്ടാതെയും വാഹനങ്ങള്‍ കട്ടപ്പുറത്തായി. ആദ്യത്തെ മൂന്ന് വര്‍ഷം വാഹനങ്ങള്‍ മുഴുവനും ഐടിഡിപിയുടെ നിയന്ത്രത്തിലായിരുന്നു. എന്നാല്‍ ഏകോപനം പോയതോടെ കാര്യങ്ങള്‍ കൈവിട്ടു. പദ്ധതി പൊളിഞ്ഞതോടെ ചില ഓട്ടോറിക്ഷകള്‍ കോഴിക്കൂടും പട്ടിക്കൂടുമായി മാറി. ചില വണ്ടികള്‍ അനധികൃത മദ്യക്കടത്തിനും മണല്‍ക്കടത്തിനും ഉപയോഗിക്കുന്നു. വനിതാ ഡ്രൈവര്‍മാര്‍ പഴയകൂലിപ്പണിയിലേക്ക് തിരിഞ്ഞു. 

എന്നാല്‍ പദ്ധതി വഴി ഓട്ടോ കിട്ടിയതുമൂലം തങ്ങളുടെ ജീവിതം രക്ഷപ്പെട്ടുവെന്ന് വയലൂര്‍ സ്വദേശിനി രങ്കമ്മ വാസുവും ഒസ്തിയൂര്‍ സ്വദേശിനി ഇ.കെ. വഞ്ചിയും പറയുന്നു. ഒരു ദിവസം 1000 രൂപ ലഭിക്കുന്നുണ്ടെന്ന് ഇവര്‍ പറയുന്നു. അതിനാല്‍ വനിത ഓട്ടോകള്‍ പിടിച്ചെടുത്ത് തൊഴിലന്വേഷകരായ വനവാസി യുവതികള്‍ക്ക് നല്‍കണമെന്ന് ഇവര്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.