മേല്‍ശാന്തിയെ തിരിച്ചെടുക്കാന്‍ ഉത്തരവ്

Saturday 24 February 2018 2:40 am IST

കൊച്ചി: ചരട് ജപിച്ചു നല്‍കിയതിന് ഇരുപത് രൂപ ദക്ഷിണ വാങ്ങിയതിന്റെ പേരില്‍ ക്ഷേത്രത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത മേല്‍ശാന്തിയെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവ്. വടക്കാഞ്ചേരി മച്ചാട് തിരുവാണിക്കാവ് മേല്‍ശാന്തി സുരേഷ് എമ്പ്രാന്തിരിയെ തിരിച്ചെടുക്കാനാണ് ഹൈക്കോടതി കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കിയത്. 

ഭക്തര്‍ സ്വന്തം ഇഷ്ടപ്രകാരം നല്‍കുന്ന ദക്ഷിണ മേല്‍ശാന്തി സ്വീകരിക്കുന്നത് ക്രമക്കേടോ അഴിമതിയോ അല്ലെന്ന് പരമേശ്വരന്‍ നമ്പൂതിരിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും തമ്മിലുള്ള ഒരു കേസില്‍ 2011ല്‍ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നെന്ന് ഹൈക്കോടതി വിലയിരുത്തി. തുടര്‍ന്നാണ് മേല്‍ശാന്തിയെ തിരികെയെടുക്കാന്‍ നിര്‍ദ്ദേശിച്ചത്. സസ്‌പെന്‍ഷനെതിരെ സുരേഷ് എമ്പ്രാന്തിരി നല്‍കിയ ഹര്‍ജിയില്‍ സിംഗിള്‍ബെഞ്ചാണ് ഇടക്കാല ഉത്തരവ് നല്‍കിയത്. 

ക്ഷേത്രത്തിലെത്തിയ ഒരു ഭക്തന് സുരേഷ് ചരട് ജപിച്ചു നല്‍കിയിരുന്നു. ശ്രീകോവിലിനുള്ളില്‍ ചരട് പൂജിച്ച് പുറത്തു കൊണ്ടുവന്ന് നല്‍കിയപ്പോള്‍ ഇതിനെന്താണ് ചാര്‍ജ് എന്ന് ഭക്തന്‍ ആരാഞ്ഞു. എന്നാല്‍ ഇതിന് വില നിശ്ചയിച്ചിട്ടില്ലെന്നും ഭക്തര്‍ നല്‍കുന്ന ദക്ഷിണ സ്വീകരിക്കുകയാണ് പതിവെന്നും സുരേഷ് മറുപടി നല്‍കി. 

ഇതനുസരിച്ച് ഭക്തന്‍ 20 രൂപ നല്‍കി. സുരേഷ് പണം വാങ്ങിയത് നിയമപരമായി ശരിയല്ലെന്ന് വ്യക്തമാക്കി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് സുരേഷ് മറുപടി നല്‍കിയെങ്കിലും തൃപ്തികരമല്ലെന്ന് വ്യക്തമാക്കി ഫെബ്രുവരി 14 നാണ് സസ്‌പെന്‍ഡ് ചെയ്തത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.