സിപിഎമ്മിന് നിലപാട് മാറ്റം; മാണി വെട്ടിലായി

Saturday 24 February 2018 2:45 am IST

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുന്‍പ് ഇടതുമുന്നണിയില്‍ ചേക്കേറാനുള്ള കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ നീക്കത്തിന് തിരിച്ചടി. സിപിഎം സംസ്ഥാന നേതൃത്വത്തിനും നിരാശ.  കേന്ദ്ര നേതൃത്വത്തിന്റെ നിലപാടിനെ തുടര്‍ന്ന് സിപിഎം സംസ്ഥാന നേതൃത്വത്തിന്  നയം മാറ്റേണ്ടി വന്നു. 

സിപിഐയുടെ പോലും എതിര്‍പ്പിനെ അവഗണിച്ച് മാണിയെ കൂടെ കൂട്ടുക എന്ന സമീപനമായിരുന്നു ഇതുവരെ സിപിഎമ്മിന്റേത്. എന്നാല്‍ സംസ്ഥാന സമ്മേളനത്തിന് തലേന്ന് മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദന്‍ കേന്ദ്രനേതൃത്വത്തിന് കത്തയച്ചതും, സിപിഐ നിലപാട് കടുപ്പിച്ചതുമാണ് മാറി ചിന്തിക്കാന്‍ സിപിഎം കേന്ദ്രനേതൃത്വത്തെ പ്രേരിപ്പിച്ചത്. 

സിപിഎം കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലാ കമ്മറ്റികള്‍  നേരത്തെ മാണിയുമായി സഹകരിക്കുന്നതിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഇവിടങ്ങളിലെ ജില്ലാ സമ്മേളനങ്ങളില്‍ സിപിഐയ്ക്ക് എതിരെയും മാണിക്ക് അനുകൂലവുമായ വാദങ്ങളാണുയര്‍ന്നത്. കോട്ടയം ജില്ലാസമ്മേളനത്തില്‍ ഒരുപടി കൂടി കടന്ന് സിപിഐയേക്കാള്‍ വിശ്വസിക്കാന്‍ കഴിയുന്ന പാര്‍ട്ടി മാണിയുടേതാണെന്നും പ്രതിനിധികള്‍ പറഞ്ഞു. 

എന്നാല്‍ ഇടതുമുന്നണിയില്‍ ചര്‍ച്ചചെയ്ത് ഘടകകക്ഷികളുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷം മാണിയെ മുന്നണിയില്‍ കൂട്ടുന്ന കാര്യം ആലോചിച്ചാല്‍ മതിയെന്നാണ് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ സിപിഎം ഒഴികെയുള്ള മറ്റു ഘടകകക്ഷികള്‍ മാണിയെ ഒറ്റക്കെട്ടായി എതിര്‍ക്കാനാണ് സാധ്യത. ഇതോടെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുന്‍പ് ഏതെങ്കിലും മുന്നണിയില്‍ ചേക്കേറുക എന്ന മാണിയുടെ ലക്ഷ്യം പൊളിഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.