പ്ലീനം രേഖ പാലിക്കാത്തതിലും കൊലപാതക രാഷ്ട്രീയത്തിനും വിമര്‍ശനം

Saturday 24 February 2018 2:45 am IST

തൃശൂര്‍: പാര്‍ട്ടി നേതാക്കന്മാരുടെ അനധികൃത സ്വത്ത് സമ്പാദനത്തിനും പാലക്കാട് നടന്ന പാര്‍ട്ടി പ്ലീനം രേഖ പാലിക്കാത്തതിനും  കൊലപാതക രാഷ്ട്രീയത്തിനും സിപിഎം സംസ്ഥാന സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം. കാസര്‍കോഡ്, കൊല്ലം ജില്ലകളിലെ പ്രതിനിധികളാണ് അഴിമതിക്കും കൊലപാതകങ്ങള്‍ക്കും എതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

 2013 ലെ പാര്‍ട്ടി പ്ലീനം രേഖ പാലിക്കാത്തതിന്  കാസര്‍കോഡ് നിന്നുള്ള വി.പി.പി.മുസ്തഫയാണ് പാര്‍ട്ടി നേതൃത്വത്തെ ശക്തമായ ഭാഷയില്‍ ശകാരിച്ചത്. പ്രവര്‍ത്തകര്‍ വ്യക്തി ശുദ്ധി വരുത്തണം,  സ്വത്ത് സമ്പാദനം, അഴമിതി, മുതലാളിമാരുമായുള്ള ചങ്ങാത്തം, ധൂര്‍ത്ത്  എന്നിവ വേണ്ട തുടങ്ങിയ പ്ലീനം രേഖയില്‍ പറഞ്ഞ കാര്യങ്ങള്‍ നേതാക്കള്‍ക്ക് ബാധകമല്ലേ എന്ന് ചോദിച്ചു. പാലിക്കാനല്ലെങ്കില്‍ പിന്നെന്തിനാണ് ഇത്തരം ജല്‍പനങ്ങളെന്നും ചോദിച്ചു. നേതാക്കള്‍ക്കെതിരെ ഉയരുന്ന അനധികൃത സ്വത്ത് സമ്പാദനം, മന്ത്രിമാരുടെ ധൂര്‍ത്ത് ഉള്‍പ്പെടെയുള്ളവയെയും  രൂക്ഷമായി വിമര്‍ശിച്ചു.

 കണ്ണൂര്‍ കൊലപാതകത്തെ കൊല്ലം ജില്ലാകമ്മറ്റിയില്‍ നിന്നുള്ള പി.കെ.ഗോപനാണ് വിമര്‍ശിച്ചത്. കുരുക്ഷേത്ര യുദ്ധത്തിന്റെ അവസാനം ശ്രീകൃഷ്ണനോടുള്ള ഗാന്ധാരിയുടെ ചോദ്യം  ഉന്നയിച്ചാണ് കൊലപാതക രാഷ്ട്രീയത്തെ അപലപിച്ചത്. എന്തിനാണീ കൊലപാതകങ്ങളെന്നും പാര്‍ട്ടി അതില്‍ നിന്ന് എന്തുനേടിയെന്നും വ്യക്തമാക്കണമെന്നും ഗോപന്‍ ആവശ്യപ്പെട്ടു. കൊലപാതകം അവസാനിപ്പിച്ചില്ലെങ്കില്‍ പാര്‍ട്ടിയെ തകര്‍ക്കുമെന്നും ഗോപന്‍ പറഞ്ഞു. അക്രമരാഷ്ട്രീയവും അഴിമതിയും മറച്ചുവച്ചാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.