പി.ജയരാജനെതിരെ നടപടിക്ക് സാധ്യത

Saturday 24 February 2018 2:45 am IST

തൃശൂര്‍: കൊലപാതക രാഷ്ട്രീയത്തില്‍ നിന്ന് പാര്‍ട്ടിയുടെ മുഖം രക്ഷിക്കാന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ നടപടിക്ക് സാധ്യത. ചര്‍ച്ചയിലുള്‍പ്പെടെ കണ്ണൂരിലെ കൊലപാതകങ്ങള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് ജില്ലാസെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്താനാലോചിക്കുന്നത്.

കണ്ണൂരിലെ ഷുഹൈബിന്റെ കൊലപാതകം തീര്‍ത്ത പ്രതിരോധത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടുകയെന്ന ലക്ഷ്യമാണ് നടപടിക്ക് പിന്നില്‍. ബിജെപി വിരുദ്ധവോട്ടുകള്‍ ഏകീകരിക്കുക എന്ന പാര്‍ട്ടി ലക്ഷ്യത്തിനാണ് ഷുഹൈബിന്റെ കൊലപാതകം വിലങ്ങുതടിയായത്. കാന്തപുരം ഉള്‍പ്പെടെയുള്ള മുസ്ലീം വിഭാഗങ്ങളുമായി സഹകരിക്കുന്നത് സജീവ ചര്‍ച്ചയിലാണ് പാര്‍ട്ടി. ഈ സമയത്ത് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത് മുസ്ലീം വിഭാഗങ്ങള്‍ക്കിടയില്‍  പാര്‍ട്ടിക്കെതിരെ കടുത്ത പ്രതിഷേധമുയര്‍ത്തി. 

കൊലപാതകത്തില്‍ കാന്തപുരം ഉള്‍പ്പെടയുള്ളവര്‍ തങ്ങളുടെ പ്രതിഷേധം പാര്‍ട്ടിയെ അറിയിച്ചു.  കൂടാതെ 'പോലീസ് അന്വേഷണം വേണ്ട, പാര്‍ട്ടി ഘടകം അന്വേഷിക്കുമെന്ന' പി.ജയരാജന്റെ പ്രസ്താവനയും പാര്‍ട്ടിയെ അവമതിപ്പിലെത്തിച്ചു. കോണ്‍ഗ്രസ്സ് മുതലെടുപ്പ് നടത്തുകയും ചെയ്തു. കൂടാതെ വ്യക്തി പൂജ ഉള്‍പ്പെടെയുള്ള വിഷയങ്ങളും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി. ഈ സാഹചര്യത്തിലാണ് ജയരാജനെതിരെ നടപടിയെടുത്ത് മുഖം രക്ഷിക്കാന്‍ പാര്‍ട്ടി ആലോചിക്കുന്നത്.

സമ്മേളനത്തിന് ശേഷം ചേരുന്ന സംസ്ഥാന സമിതിയില്‍ അന്തിമ തീരുമാനം ഉണ്ടാകും. അതിനുശേഷം കണ്ണൂര്‍ ജില്ലാകമ്മറ്റി വിളിച്ച് ചേര്‍ത്താകും നപടി എടുക്കുക. പകരം സൗമ്യശീലന്‍ എന്ന പ്രതിച്ഛായ ഉള്ള പി. ഗോവിന്ദനെയാകും ജില്ലാസെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുക. എന്നാല്‍ ജയരാജന് പിന്നില്‍ ഒറ്റക്കെട്ടായി അണിനിരക്കാനാണ് കണ്ണൂര്‍ ജില്ലാകമ്മറ്റിയുടെ തീരുമാനം. അതുകൊണ്ട് തന്നെ ജില്ലാസെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റുമ്പോള്‍ എകെജി പഠന കേന്ദ്രം പോലുള്ള സ്ഥാപനങ്ങളുടെ താക്കോല്‍ സ്ഥാനവും നല്‍കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.