'മക്കള്‍ മാഹാത്മ്യത്തില്‍' രോഷാകുലരായി പ്രതിനിധികള്‍

Saturday 24 February 2018 2:45 am IST

തൃശൂര്‍: 'മക്കള്‍ മാഹാത്മ്യ'ത്തിനെതിരെ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധികളുടെ രോഷപ്രകടനം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്ക് നേരെയാണ് പ്രതിനിധികള്‍ പ്രതിഷേധം അറിയിച്ചത്. ഉദ്ഘാടന ദിവസം ബിനീഷ് കോടിയേരി എത്തിയതാണ് പ്രതിനിധികളെ ചൊടിപ്പിച്ചത്.  കോടിയേരിയുടെ മകന്‍ ബിനോയ് കോടിയേരിയുടെ കോടികളുടെ സാമ്പത്തിക തട്ടിപ്പ് പുറത്ത് വന്നപ്പോള്‍, 'മക്കള്‍ ചെയ്യുന്ന കുറ്റത്തില്‍ രക്ഷിതാക്കള്‍ക്കും പാര്‍ട്ടിക്കും ബന്ധമില്ലെന്നായിരുന്നു' പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള ന്യായീകരിച്ചത്. എന്നാല്‍ തങ്ങള്‍ക്ക് പാര്‍ട്ടിയുമായി അടുത്ത ബന്ധമുണ്ടെന്ന തരത്തിലായിരുന്നു ബിനീഷ് കോടിയേരിയുടെ വരവും പ്രവൃത്തിയും. 

പച്ച ജുബ്ബയും ചുവപ്പ് ലുങ്കിയും അണിഞ്ഞെത്തിയ ബിനീഷ് പ്രവര്‍ത്തകര്‍ക്കൊപ്പം നിന്ന് സെല്‍ഫി എടുത്തു. സിനിമാതാരമെന്ന നിലയിലാണ് ബിനീഷ് സമ്മേളനത്തിന് എത്തിയത്. മന്ത്രിമാരോടും മുതിര്‍ന്ന നേതാക്കളോടും അടുത്ത് ഇടപഴകി. മാധ്യമശ്രദ്ധയും നേടി. ഇതോടെ 'മക്കള്‍ക്ക്' പാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന തെളിഞ്ഞെന്നാണ് പ്രതിനിധികള്‍ ആരോപിക്കുന്നത്. പാര്‍ട്ടിയില്‍ ബന്ധമുണ്ടെന്നു വരുത്തി തീര്‍ത്ത് വീണ്ടും അഴിമതി നടത്താനുള്ള ശ്രമമാണോയെന്നും ഒരുവിഭാഗം ചോദിച്ചു. ഇക്കാര്യം പൊതുചര്‍ച്ചയില്‍ പ്രതിനിധികള്‍ ഉന്നയിച്ചിട്ടുണ്ട്. കൂടാതെ ചില ജില്ലാ നേതൃത്വവും പോളിറ്റ് ബ്യൂറോ, പാര്‍ട്ടി നിരീക്ഷകര്‍ ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധയില്‍പ്പെടുത്തി.

 വി.എസ്. അച്യുതാന്ദന്റെ മകന്‍ വി.എസ്. അരുണ്‍ കുമാര്‍ വന്നിരുന്നെങ്കിലും അധികം ആരോടും ഇടപഴകാതെ ഒതുങ്ങി നിന്നു. എകെജിയുടെ മക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉദ്ഘാടന സമ്മേളനത്തോടെ മടങ്ങി.  പ്രതിതിനിധി സമ്മേളനത്തിലെ റിപ്പോര്‍ട്ട് അവതരണം തുടങ്ങുന്നതിന് തൊട്ടുമുമ്പുവരെ സമ്മേളന നഗരിയില്‍ ചെലവഴിച്ചു. ബിനോയ് കോടിയേരിക്കെതിരെ ആരോപണം ഉയര്‍ന്നസമയത്ത് നടന്ന തിരുവനന്തപുരം സമ്മേളനത്തിലും ബിനീഷ് എത്തിയത് ചര്‍ച്ചയായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.