കോടിയേരിയുടെ മക്കളുടെ പേരില്‍ കള്ളപ്പണം വെളുപ്പിക്കുന്ന 'കറക്കു കമ്പനികള്‍

Saturday 24 February 2018 2:40 am IST

തൃശൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കളായ ബിനീഷ് കോടിയേരിയുടെയും ബിനോയ് കോടിയേരിയുടെയും പേരില്‍ ആറ് അനധികൃത കമ്പനികള്‍ രജിസ്റ്റര്‍ ചെയ്ത് തിരുവനന്തപുരം ശാസ്താംമംഗലത്ത്  പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍. 

കോടിയേരി ബാലകൃഷ്ണന്റെ 'കറക്കു കമ്പനി'കളായി പ്രവര്‍ത്തിക്കുന്ന ഇവ പകല്‍ക്കൊള്ളയും തട്ടിപ്പുമാണ് നടത്തുന്നതെന്ന് പത്രസമ്മേളനത്തില്‍ രാധാകൃഷ്ണന്‍ പറഞ്ഞു. രണ്ടു നില കെട്ടിടത്തില്‍ കോടിയേരിയുടെ മക്കളുടെ പേരിലുള്ള ആറെണ്ണം ഉള്‍പ്പെടെ  28 പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളുണ്ടെങ്കിലും 'സ്‌ക്വയര്‍ എന്റര്‍പ്രൈസസ്' എന്ന ഒരു ബോര്‍ഡ് മാത്രമേ പേരിനുള്ളൂ. ബിനീഷിന്റേയും ബിനോയിയുടേയും പേരിലുള്ള ആറെണ്ണവും കള്ളപ്പണം വെളുപ്പിക്കുന്നതിനുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ആറെണ്ണത്തിന്റെ ഡയറക്ടര്‍മാര്‍ക്കു പുറമേ മറ്റു 22 കമ്പനികളുടെ പാര്‍ട്ണര്‍മാര്‍ കൂടിയാണ് ഇവര്‍. ഇരുവരുടെയും പങ്കാളിത്തത്തോടെയാണ് 22 കമ്പനികളും പ്രവര്‍ത്തിക്കുന്നത്. എല്ലാ കമ്പനികളിലും ഇവര്‍ക്ക് ഷെയറും നിക്ഷേപവുമുണ്ട്. കമ്പനി ആക്ട് അനുസരിച്ച് കണക്കുകള്‍ അവതരിപ്പിച്ചോ, രേഖകള്‍ നല്‍കിയോ അല്ല 90 ശതമാനം കമ്പനികളുടെയും പ്രവര്‍ത്തനം. കമ്പനികള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു, ഇവയുടെ സ്വഭാവം എന്നിവ സംബന്ധിച്ച് യാതൊരു വ്യക്തതയുമില്ല. ഇതിന്റെ എല്ലാ രേഖകളും ബിജെപിയുടെ കൈവശമുണ്ടെന്ന് രാധാകൃഷ്ണന്‍ വ്യക്തമാക്കി. 

കോടിയേരി ബാലകൃഷ്ണന്‍ ടൂറിസം മന്ത്രിയായിരുന്ന സമയത്താണ് ബിനീഷിന്റേയും ബിനോയിയുടേയും പേരിലുള്ള ആറു കമ്പനികളുടെ രജിസ്‌ട്രേഷന്‍.  മക്കളുടെ പേരില്‍ രേഖകളില്ലാതെ പ്രവര്‍ത്തിക്കുന്ന കമ്പനികളെ സംബന്ധിച്ച് കോടിയേരി  നിലപാട് വ്യക്തമാക്കണം. കമ്പനികള്‍ നടത്താനുള്ള ആസ്തി എന്തെന്ന് വെളിപ്പെടുത്തണമെന്നും രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.

ഗവര്‍ണര്‍ക്കും ലോകായുക്തയ്ക്കും തെറ്റായ വിവരങ്ങളാണ് കോടിയേരി സമര്‍പ്പിച്ചിട്ടുള്ളത്. ലോകായുക്തയില്‍ വെളിപ്പെടുത്തിയ കണക്കുകളിലും മക്കളുടെ പേരിലുള്ള ആറു കമ്പനികളെക്കുറിച്ച് പറയുന്നില്ല. കമ്പനികള്‍ ഔദ്യോഗികമായി കത്ത് നല്‍കാത്തതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ നോട്ടീസ് അയച്ചിട്ടുണ്ട്. കൂടാതെ ലോകായുക്തയില്‍ കേസും നിലനില്‍ക്കുന്നുണ്ട്. കോടിയേരിയുടെ ഒത്താശയോടെ പ്രവര്‍ത്തിക്കുന്ന മക്കളുടെ പേരിലുള്ള 'കടലാസു കമ്പനി'കള്‍ക്കെതിരെ നിയമവശങ്ങള്‍ പരിശോധിക്കും. ആദ്യഘട്ടമായി എന്‍ഫോഴ്‌സ്‌മെന്റിന് രേഖകള്‍ കൈമാറും.

ബിനീഷിന്റേയും ബിനോയിയുടെയും പേരില്‍ ബംഗ്ലൂരില്‍ ഒരു കെട്ടിടത്തില്‍ രേഖകളില്ലാതെ രണ്ടു സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സാമ്പത്തിക ക്രയവിക്രയമാണ് ഇവിടെയും നടക്കുന്നത്. തിരുവനന്തപുരത്തുള്ള 22 കമ്പനികളുടെയും മുഴുവന്‍ ഡയറക്ടര്‍മാരില്‍ എല്ലാവര്‍ക്കും ബിനീഷിന്റേയും ബിനോയിയുടേയും പോലെ പലതിലും പങ്കാളിത്തമുണ്ട്. പല കമ്പനികളുടെ ഡയറക്ടര്‍മാരും കേരളത്തിനകത്തും പുറത്തും ബിസിനസ് നടത്തുന്നവരാണ്. 28 കമ്പനികളും വ്യത്യസ്ത കാലഘട്ടത്തിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ പല കമ്പനികളുടേയും ഡയറക്ടര്‍മാര്‍ അജ്ഞാതരാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് എ. നാഗേഷും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.