മഞ്ഞപ്പട പുറത്തേക്ക്

Saturday 24 February 2018 2:50 am IST

കൊച്ചി: പെനാല്‍റ്റിയടക്കം നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും ഗോളടിക്കാന്‍ കഴിയാതെ കുഴങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് സെമിഫൈനല്‍ കാണാതെ പുറത്തേക്ക്. ഇന്നലെ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ നടന്ന കളിയില്‍ നിരവധി അവസരങ്ങള്‍ തുറന്നെടുത്തിട്ടും ഒരു ഗോള്‍ പോലും കണ്ടെത്താന്‍ ഇരുടീമുകള്‍ക്കും കഴിയാതെ വന്നതോടെ കളി ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. ഇതോടെ ചെന്നൈയിന്‍ സെമി സാധ്യത നിലനിര്‍ത്തിയപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് ഏറെക്കുറെ പുറത്തായി. 17 കളികള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്‌റ്റേഴ്‌സ് 25 പോയിന്റുമായി അഞ്ചാമതും 29 പോയിന്റുമായി ചെന്നൈയിന്‍ മൂന്നാമതുമാണ്. ഇനി അത്യത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ ബ്ലാസ്‌റ്റേഴ്‌സിന് നേരിയ പ്രതീക്ഷയുള്ളൂ. കളിയുടെ 73-ാം മിനിറ്റില്‍ കറേജ് പെക്കൂസനാണ് ബ്ലാസ്‌റ്റേഴ്‌സിന് ലഭിച്ച പെനാല്‍റ്റി നഷ്ടപ്പെടുത്തിയത്.

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ജയിച്ച ടീമില്‍ മൂന്ന് മാറ്റങ്ങള്‍ വരുത്തിയാണ് ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസ് ടീമിനെ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ അണിനിരത്തിയത്.

പ്ലേമേക്കര്‍ വിക്ടര്‍ പൂള്‍ഗ, മധ്യനിരതാരങ്ങളായ അറാട്ട ഇസൂമി, പ്രശാന്ത് എന്നിവര്‍ക്കുപകരം മിലന്‍ സിങ്, പ്രതിരോധത്തിലെ കരുത്തന്‍ ലാല്‍റുവാത്താര, സൂപ്പര്‍താരവും സ്‌ട്രൈക്കറുമായ ദിമിത്രി ബെര്‍ബറ്റോവ് എന്നിവര്‍ കളത്തിലെത്തി. നാല് മാറ്റങ്ങളാണ് ചെന്നൈയിന്‍ നിരയില്‍ കോച്ച് ഗ്രിഗറി വരുത്തിയത്.മെയ്ല്‍സണ്‍, ഗുര്‍മന്‍പ്രീത്, ഫ്രാന്‍സിസ്‌കോ, ഗാവിലന്‍ എന്നിവര്‍ക്കുപകരം കീനന്‍ അല്‍മെയ്ഡ, നെല്‍സണ്‍, റെനെ മിഹെലിക്, ധന്‍പാല്‍ എന്നിവര്‍ ആദ്യ പതിനൊന്നിലെത്തി.

4-2-3-1 ശൈലിയിലാണ് ബ്ലാസ്‌റ്റേഴ്‌സ് മൈതാനത്തിറങ്ങിയത്. ഐസ്‌ലന്‍ഡ് താരം ഗുഡ്‌ജോണ്‍ ബ്ലാഡ്‌വിന്‍സണ്‍ സ്‌ട്രൈക്കറായി ഇറങ്ങിയപ്പോള്‍ ബര്‍ബറ്റോവും മിലന്‍ സിങും ഡിഫന്‍സീഫ് മിഡ്ഫീല്‍ഡര്‍മാരായി. മിഡ്ഫീല്‍ഡില്‍ സി.കെ. വിനീതും കറേജ് പെക്കൂസണും ജാക്കിചന്ദും ഇറങ്ങിയപ്പോള്‍ പ്രതിരോധത്തില്‍ ജിംഗാനും വെസ് ബ്രൗണിനുമൊപ്പം ലാല്‍റുവാത്താരയും റിനോ ആന്റോയും എത്തി.

പന്തടക്കത്തില്‍ ചെന്നൈയിന് നേരിയ മുന്‍തൂക്കം ലഭിച്ചെങ്കിലും ആസൂത്രിതമായ ആക്രമണങ്ങള്‍ മെനയുന്നതില്‍ അവര്‍ പരാജയപ്പെട്ടു. തുടക്കത്തില്‍ ചെന്നൈയിന്റെ മുന്നേറ്റങ്ങളായിരുന്നു. എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സ് പതുക്കെയാണ് കളി തുടങ്ങിയത്. എന്നാല്‍  മുന്‍മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരു ടീമായാണ് ബ്ലാസ്‌റ്റേഴ്‌സ് കളിമെനഞ്ഞത്. കൊച്ചിയില്‍ നടന്ന മുന്‍ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി മികച്ച ഒത്തിണക്കത്തോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് കളിച്ചത.്  എണ്ണയിട്ടയന്ത്രം കണക്കെ പ്രതിരോധ-മധ്യ-മുന്നേറ്റനിരകള്‍ കളിച്ചതോടെ ചെന്നൈയിന്‍ പ്രതിരോധം പലപ്പോഴും ആടിയുലഞ്ഞു. ചെന്നൈയിന്‍ ഗോളിയുടെ മിന്നുന്ന പ്രകടനവും ഒരിക്കല്‍ പോസ്റ്റുമാണ് ഗോള്‍ നേടുന്നതില്‍ നിന്ന് ബ്ലാസ്‌റ്റേഴ്‌സിനെ തടഞ്ഞത്. നാല് തവണയാണ് ആദ്യപകുതിയില്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോളിലേക്ക് ഷോട്ടുകള്‍ പായിച്ചത്.

അഞ്ചാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന് ആദ്യ കോര്‍ണര്‍ ലഭിച്ചെങ്കിലും ഗോളാക്കാനായില്ല. തുടക്കത്തിലേ ലീഡ് നേടുകയെന്ന ലക്ഷ്യത്തോടെ ഇരുടീമുകളും ആക്രമിച്ചുകളിച്ചെങ്കിലും ഗോള്‍ അകന്നുനിന്നു. 14-ാം മിനിറ്റില്‍ കറേജ് പെക്കൂസണ്‍ പായിച്ച ബുള്ളറ്റ് ഷോട്ട് ചെന്നൈയിന്‍ ഗോളി ഡൈവ് ചെയ്ത് രക്ഷപ്പെടുത്തി. റീ ബൗണ്ട് പന്ത് വലയിലേക്ക് തിരിച്ചുവിടാന്‍ വിനീതിനും കഴിഞ്ഞില്ല. 22-ാം മിനിറ്റില്‍ വീണ്ടും ബ്ലാസ്‌റ്റേഴ്‌സിന് അവസരം. ബോക്‌സില്‍ നിലയുറപ്പിച്ച വിനീതിലേക്ക് ബെര്‍ബറ്റോവിന്റെ അളന്നുമുറിച്ച പാസ്. ഇനിഗോ കാല്‍ഡെറോണിനെയും സെറിനെ ഹെന്റിക്കിനെയും മറികടന്ന് പന്ത് പിടിച്ച വിനീതന്റെ തകര്‍പ്പന്‍ ഷോട്ട് പക്ഷേ പോസ്റ്റിലിടിച്ചു മടങ്ങി. തൊട്ടടുത്ത മിനിറ്റില്‍ ഗോളിലേക്കുള്ള വിനീതിന്റെ മുന്നേറ്റം കരണ്‍ജിത്ത് സിങ് മുന്നിലേക്കുകയറി തടഞ്ഞു. 30-ാം മിനിറ്റില്‍ പെക്കൂസന്റെ പാസില്‍ ബ്ലാഡ്‌വിന്‍സണ്‍ തൊടുത്ത ഷോട്ടും കരണ്‍ജിത് സിങ് വിഫലമാക്കി. തൊട്ടടുത്ത മിനിറ്റില്‍ ലഭിച്ച കോര്‍ണറില്‍ ജാക്കിചന്ദെടുത്ത കിക്ക് പോസ്റ്റിനുള്ളിലേക്കെത്തിയെങ്കിലും കരണ്‍ജിത്ത് കുത്തിയകറ്റി. തിരികെയെത്തിയ പന്തില്‍ ബെര്‍ബറ്റോവിന്റെ ഷോട്ടും ധന്‍പാല്‍ ഗണേഷിന്റെ ദേഹത്തുതട്ടി പുറത്തേക്കുതെറിച്ചു. ആദ്യപകുതിയില്‍ ചെന്നൈയിന്‍ ഉതിര്‍ത്ത ആറ് ഷോട്ടുകളില്‍ ഒരെണ്ണം മാത്രമായിരുന്നു ലക്ഷ്യത്തിലേക്ക് നീങ്ങിയത്. അത് ബ്ലാസ്‌റ്റേഴ്‌സ് ഗോളി പോള്‍ റെച്ചൂബ്ക രക്ഷപ്പെടുത്തുകയും ചെയ്തു. ഇതോടെ ആദ്യപകുതി ഗോള്‍രഹിതമായി കലാശിച്ചു. 

രണ്ടാം പകുതിയുടെ തുടക്കത്തിലും ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റം. 52-ാം മിനിറ്റില്‍ ആതിഥേയര്‍ക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. സെറിനെയുയര്‍ത്തിയ പ്രതിരോധം മറികടന്ന് ബോക്‌സിലേക്ക് കുതിച്ച ബ്ലാഡ്‌വിന്‍സണിനെ ഗോള്‍വരക്കുമുന്നില്‍ ജെറി ലാല്‍റിന്‍സുവാല വീഴ്്ത്തിയതിനായിരുന്നു സ്‌പോട്ട് കിക്ക്. എന്നാല്‍ പെക്കൂസന്റെ ദുര്‍ബലമായ കിക്ക് ചെന്നൈയിന്‍ ഗോളി കരണ്‍ജിത് സിങ് വലത്തോട്ട് ഡൈവ് ചെയ്ത് രക്ഷപ്പെടുത്തി. ഗോള്‍ വഴങ്ങാതെ രക്ഷപ്പെട്ട ചെന്നൈയിന്‍ താരങ്ങള്‍ പിന്നീട് ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍മുഖത്തേക്ക് ആക്രമണങ്ങളുടെ തിരമാലയാണ് അഴിച്ചുവിട്ടത്. എന്നാല്‍ ജിങ്കാന്‍ നേതൃത്വം നല്‍കിയ പ്രതിരോധം അവയെല്ലാം വിഫലമാക്കി. 63-ാം മിനിറ്റില്‍ രണ്ട് ടീമുകളും ഓരോ മാറ്റങ്ങള്‍ വരുത്തി. ബ്ലാസ്‌റ്റേഴ്‌സ് ബെര്‍ബറ്റോവിന് പകരം കെ. പ്രശാന്തിനെ ഇറക്കിയപ്പോള്‍ ചെന്നൈയിന്‍ അല്‍മെയ്ഡക്ക് പകരം ഫ്രാന്‍സിസ്‌കോ ഫെര്‍ണാണ്ടസിനെ കളത്തിലെത്തിച്ചു. 75-ാം മിനിറ്റില്‍ ചെന്നൈയിന്‍ റെനെ മിഹെലിക്കിന് പകരം ഗാവ്‌ലിന്‍ കളത്തിലിറങ്ങി. അധികം കഴിയാതെ ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും ഒരു സുവര്‍ണ്ണാവസരം ലഭിച്ചു. ജാക്കിചന്ദ് തള്ളിക്കൊടുത്ത പന്ത് പിടിച്ചെടുത്ത ബ്ലാഡ്‌വിന്‍സണ്‍ പായിച്ച ഷോട്ട് ചെന്നൈയിന്‍ ഗോളി തട്ടിയകറ്റി. എന്നാല്‍ പോസ്റ്റിന് മുന്നില്‍ നില്‍ക്കുകയായിരുന്ന വിനീതിന് തുറന്ന വലയിലേക്ക് പന്ത് തട്ടിയിടാന്‍ കഴിഞ്ഞില്ല. 83-ാം മിനിറ്റില്‍ വീണ്ടും ബ്ലാസ്‌റ്റേഴ്‌സിന് അവസരം ലഭിച്ചെങ്കിലൂം എതിര്‍ ഗോളി കരണ്‍ജിത് സിങിനെ കീഴടക്കാന്‍ കഴിഞ്ഞില്ല. ബോക്‌സിനുള്ളില്‍ നിന്ന് ബ്ലാഡ്‌വിന്‍സണ്‍ പായിച്ച തകര്‍പ്പന്‍ ഷോട്ട് അത്യുജ്ജ്വലാമായി കരണ്‍ജിത് കുത്തിയകറ്റി. കളിയുടെ അന്ത്യനിമിഷത്തില്‍ ചെന്നൈയിന്റെ നെല്‍സണ്‍ പായിച്ച ഷോട്ട് പോസ്റ്റില്‍ത്തട്ടി തെറിച്ചതോടെ ബ്ലാസ്‌റ്റേഴ്‌സ് പരാജയത്തില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തു.

ബ്ലാസ്‌റ്റേഴ്‌സിന്റെ അവസാന മത്സരം മാര്‍ച്ച് ഒന്നിന് ബെംഗളൂരു എഫ്‌സിക്കെതിരെയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.