ദേശീയ സീനിയര്‍ വോളി: കേരളം ക്വാര്‍ട്ടറില്‍

Saturday 24 February 2018 2:50 am IST

കോഴിക്കോട്: ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പഞ്ചാബിനെ കീഴടക്കി കേരളത്തിന്റെ പുരുഷ ടീം ഗ്രൂപ്പ് ജേതാക്കളായി. നേരിട്ടുള്ള മൂന്ന് സെറ്റുകള്‍ക്കാണ് കേരളം  പഞ്ചാബിനെ കീഴടക്കിയത് (25-20, 25-20, 27-25). എ ഗ്രൂപ്പില്‍  മത്സരിച്ച മൂന്നു കളിയിലും ജയിച്ച് ഒന്നാം സ്ഥാനക്കാരായാണ് കേരളം ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്. 

ആദ്യ സെറ്റില്‍ ക്യാപ്റ്റന്‍ ജെറോം വിനീതിന്റെ തകര്‍പ്പന്‍ സ്മാഷുകളുടെയും അഖിനും രോഹിത്തും കെട്ടിയ പ്രതിരോധ കോട്ടയും കേരളത്തിന് തുടക്കം മുതല്‍ ലീഡ് നേടിക്കൊടുത്തു.  അഖിനും ജെറോമും അഞ്ച് പോയിന്റുകള്‍ വീതം  നേടി. എന്നാല്‍ മുത്തുസ്വാമിയുടെയും അജിത് ലാലിന്റെയും പിഴവുകള്‍ പലപ്പോഴും കേരളത്തിന് വിനയായി. 

രണ്ടാം സെറ്റിലും തുടക്കം മുതല്‍ കേരളം കളി വരുതിയിലാക്കിയിരുന്നു. അജിത്ത് ലാലും ഫോമിലേക്കുയര്‍ന്നതോടെ സ്റ്റേഡിയം ആര്‍ത്തിരമ്പി. ലിബറോ രതീഷിന്റെ കളം നിറഞ്ഞ പ്രകടനം നിര്‍ണായകമായി. ആദ്യ സെറ്റ് നേടിയ അതേ സ്‌കോറില്‍ (25- 20) തന്നെ കേരളത്തിന് രണ്ടാം സെറ്റും സ്വന്തമാക്കാനായി. 

മുന്നാം സെറ്റില്‍ പൊരുതിയ പഞ്ചാബിന് കേരള താരങ്ങളുടെ പരിചയസമ്പത്തിന് മുന്നില്‍ അടിയറവ് പറയേണ്ടി വന്നു. വിട്ടുകൊടുക്കാന്‍ തയ്യാറാകാതെ പഞ്ചാബും ഫോമിലേക്കുയര്‍ന്നതോടെ മത്സരം ഒപ്പത്തിനൊപ്പമായി. എന്നാല്‍ ഫോമിലേക്കുയര്‍ന്ന അജിത്തിന്റെ ഉഗ്രന്‍ പ്രകടനത്തോടെ കേരളം മൂന്നാം സെറ്റും (2725) നേടിയെടുത്തു. നിലവിലെ ജേതാക്കളായ കേരളത്തിന് ക്വാര്‍ട്ടറിലും കാര്യമായ വെല്ലുവിളികളുണ്ടാകില്ല. ഇന്ന് കേരള ടീമുകള്‍ക്ക് മത്സരമില്ല. നാളെ മുതല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ നടക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.