ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി 20: ഇന്ന് ഫൈനല്‍

Saturday 24 February 2018 2:45 am IST

കേപ്ടൗണ്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി 20 പരമ്പരയ്ക്ക് ഇന്ന് ഫൈനല്‍. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ രണ്ട് ടീമുകളും ഓരോ കളി വീതം ജയിച്ചതോടെയാണ് ഇന്നത്തെ അവസാന കളി ഫൈനലായി മാറിയത്. 

ടെസ്റ്റ് പരമ്പര തോറ്റ ഇന്ത്യ ഏകദിന പരമ്പര 5-1ന് സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലായിരുന്നു ടി 20 പരമ്പരക്കിറങ്ങിയത്. ഏകദിനത്തിലെന്നപോലെ മിന്നുന്ന പ്രകടനം പുറത്തെടുത്ത ഇന്ത്യ ആദ്യ ട്വന്റി 20 ജയിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന രണ്ടാം മത്സരത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് പിഴച്ചപ്പോള്‍ കളി ദക്ഷിണാഫ്രിക്ക ജയിച്ചു. ഇതോടെയാണ് നില 1-1 എന്ന നിലയിലായത്.

കഴിഞ്ഞ മത്സരത്തില്‍ ഇടയ്ക്കിടെ പെയ്ത ചാറ്റല്‍ മഴയാണ് ഇന്ത്യയില്‍ നിന്ന് വിജയം തട്ടിത്തെറിപ്പിച്ചത്. ഇതോടെ കൈക്കുഴ സ്പിന്നറായ യുസ്‌വേന്ദ്ര ചാഹലിന് പന്തില്‍ ശരിയായ രീതിയില്‍ ഗ്രിപ്പ് കിട്ടിയില്ല. ഒപ്പം ലൈനും ലെംഗ്തും കാത്തുസൂക്ഷിക്കാനും കഴിഞ്ഞില്ല. നാല് ഓവറില്‍ 64 റണ്‍സാണ് ഈ ചൈനാമാന്‍ ബൗളര്‍ വിട്ടുകൊടുത്തത്. ട്വന്റി 20യില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മോശം ബൗൡങായിരുന്നു ഇത്. 2007ല്‍ ഇംഗ്ലണ്ടിനെതിരെ 57 റണ്‍സ് വഴങ്ങിയ ജോഗീന്ദര്‍ ശര്‍മ്മയുടെ റെക്കോര്‍ഡാണ് ചാഹല്‍ സ്വന്തം പേരിലാക്കിയത്. 2009ല്‍ ശ്രീലങ്കക്കെതിരെ യൂസഫ്പഠാന്‍ (54 റണ്‍സ്), 2017ല്‍ ന്യൂസിലാന്‍ഡിനെതിരെ മുഹമ്മദ് സിറാദ് (53 റണ്‍സ്), ആശിഷ് നെഹ്‌റ (52), 2013-ല്‍ ഓസ്‌ട്രേലിയക്കെതിരെ ഇഷാന്ത് ശര്‍മ്മ (52) എന്നിവരാണ് ചാഹലിനും ജോഗീന്ദറിനും പുറകിലുള്ളവര്‍. 

കഴിഞ്ഞ മത്സരത്തില്‍ ബൗളിങിനൊപ്പം ഫീല്‍ഡിങിലും പിഴച്ചു. ഈ പിഴവുകള്‍ തീര്‍ത്തില്ലെങ്കില്‍ ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ട്വന്റി 20 പരമ്പരയും ടീം ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ അടിയറവ് പറയേണ്ടി വരും.

മികച്ച ഒാപ്പണിങ് കൂട്ടുകെട്ട് ലഭിക്കാത്തത് ഇന്ത്യക്ക് മറ്റൊരു തിരിച്ചടിയാണ്. ശിഖര്‍ ധവാന്‍ മികച്ച ഫോമിലാണെങ്കിലും രോഹിത് ശര്‍മ്മ അമ്പേ പരാജയം. കഴിഞ്ഞ കളിയില്‍ ആദ്യ പന്തില്‍ തന്നെ രോഹിത് പുറത്തായിരുന്നു. വിരാട് കോഹ്‌ലി കഴിഞ്ഞ കൡയില്‍ പരാജയപ്പെട്ടെങ്കിലും ഫോമില്‍ തെന്നയാണ്. ഇന്ന് 18 റണ്‍സ് കൂടി നേടിയാല്‍ കോഹ്‌ലി ട്വന്റി 20 ക്രിക്കറ്റില്‍ മറ്റൊരു നാഴികക്കല്ലുകൂടി പിന്നിടും. കുട്ടിക്രിക്കറ്റില്‍ 2000 റണ്‍സ് നേടുന്ന മൂന്നാമത്തെ താരമെന്ന ബഹുമതിയാണ് കോഹ്‌ലിയെ കാത്തിരിക്കുന്നത്. മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (2271), ബ്രണ്ടന്‍ മക്കല്ലം (2140) എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റുരണ്ടുപേര്‍.

സുരേഷ് റെയ്‌നയും ധോണിയും മനീഷ് പാണ്ഡെയും കഴിഞ്ഞ കളിയില്‍ മികച്ച ബാറ്റിങ് നടത്തി. ഇവരുടെ മികവില്‍ ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും ബൗളര്‍മാരുടെ പരാജയം തിരിച്ചടിയാവുകയായിരുന്നു. ആദ്യ മത്സരത്തിലെ ഹീറോ ഭുവനേശ്വര്‍കുമാറിന് കഴിഞ്ഞ കളിയില്‍ തിളങ്ങാന്‍ കഴിഞ്ഞില്ല.

അതേസമയം ദക്ഷിണാഫ്രിക്ക ഇന്ന് ജയിച്ച് പരമ്പര നേടാമെന്ന ഉറച്ച വിശ്വാസത്തിലാണ്. ക്യാപ്റ്റന്‍ ഡുമ്‌നിയും, ക്ലാസ്സനും ഓപ്പണര്‍ ഹെന്റിക്കസും ബഹാര്‍ഡിനും ഉള്‍പ്പെടുന്ന ബാറ്റിങ് നിരയാണ് അവരുടെയും ശക്തി. ഇവരുടെ പ്രകടനത്തിനനുസരിച്ചായിരിക്കും ദക്ഷിണാഫ്രിക്കയുടെ ജയസസാധ്യത. എന്നാല്‍ ടെസ്റ്റിലെപോലെ ശോഭിക്കാന്‍ ബൗളര്‍മാര്‍ക്ക് കഴിയുന്നില്ല. പാറ്റേഴ്‌സണും ഡലയും ക്രിസ് മോറിസും ബഹാര്‍ഡിനും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്കുകാണിക്കുന്നില്ല. ഏകദിന പരമ്പര നഷ്ടപ്പെട്ട ദക്ഷിണാഫ്രിക്ക ട്വന്റി 20 നേടുക എന്ന ലക്ഷ്യത്തോടെയായിരിക്കും ഇന്ന് അവസാന മത്സരത്തിനിറങ്ങുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.