മിസ്റ്റര്‍ കേരള ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം

Saturday 24 February 2018 2:50 am IST

കൊച്ചി: ബോഡി ബില്‍ഡിങ് അസോസിയേഷന്‍ ഓഫ് കേരളയുടെ 2017-18 വര്‍ഷത്തെ മിസ്റ്റര്‍ കേരള ചാമ്പ്യന്‍ഷിപ്പ്  ഇന്നും നാളെയുമായി കൊച്ചിയില്‍ നടക്കും. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍, സ്‌പോര്‍ട്‌സ് പ്രമോഷന്‍ കമ്പനിയായ ഈവ്‌സില്ലാസ്, മൊബൈല്‍ കമ്പനിയായ എലിഫോണ്‍ എന്നിവരുമായി സഹകരിച്ച് നടത്തുന്ന ചാമ്പ്യന്‍ഷിപ്പിന്റെ പ്രാഥമിക മത്സരങ്ങള്‍ ഇന്ന് (ശനി) വൈകിട്ട് 3 മുതല്‍ ഒബ്‌റോണ്‍ മാളിലും ഫൈനല്‍ മത്സരങ്ങള്‍ നാളെ (ഞായര്‍) വൈകിട്ട് അഞ്ചു മുതല്‍ ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിലുമാണ് അരങ്ങേറുക. സീനിയര്‍, ജൂനിയര്‍, സബ്ജൂനിയര്‍ വിഭാഗങ്ങളിലായി 28 ഇനങ്ങളിലാണ് മത്സരം. വനിതകള്‍ക്കായി ബോഡി ഫിറ്റ്‌നസ് ചാമ്പ്യന്‍ഷിപ്പും അംഗപരിമിതിര്‍ക്കായി പ്രത്യേക മത്സരവും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്. മെന്‍സ് ബോഡി ഫിസിക്ക്, അത്‌ലറ്റിക് കാറ്റഗറിയിലും മത്സരമുണ്ടാവും. 

മിസ്റ്റര്‍ കേരള വിജയിക്ക് ഒരു ലക്ഷം രൂപ വിലയുള്ള ഹോണ്ട ഹോര്‍നെറ്റ് ബൈക്കാണ് സമ്മാനം. ജൂനിയര്‍, സബ്ജൂനിയര്‍ ടൈറ്റില്‍ വിജയികള്‍ക്ക് ബൈക്കുകള്‍ക്ക് പുറമെ കോയമ്പത്തൂര്‍ സി.എം.എഫ് കോളജില്‍ സൗജന്യ പ്രവേശനവും നല്‍കുമെന്ന് ബോഡി ബില്‍ഡിങ് അസോസിയേഷന്‍ ഓഫ് കേരള സെക്രട്ടറി ടി.വി പോളി (അര്‍ജ്ജുന) അറിയിച്ചു. ഫൈനല്‍ മത്സരങ്ങള്‍ 25ന് വൈകിട്ട് ആറിന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ വൈ.മുഹമ്മദ് സഫീറുള്ള, സിറ്റി പൊലീസ് കമ്മീഷണര്‍ എം.പി ദിനേശ് തുടങ്ങിയവര്‍ സമ്മാനദാനം നിര്‍വഹിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.