വനവാസി യുവാവിനെ തല്ലിക്കൊന്നു

Saturday 24 February 2018 2:55 am IST

അഗളി: രാജ്യത്ത് ഒന്നാമതെന്ന അവകാശത്തോടെ ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ മനഃസാക്ഷിയെ ഞെട്ടിച്ച കൊടും ക്രൂരത. അരി മോഷ്ടിച്ചെന്ന് ആരോപിച്ച് അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം വനവാസി യുവാവിനെ തല്ലിക്കൊന്നു. അഗളി കടുക് മണ്ണ ഊരിലെ മല്ലന്റെ മകന്‍ മധു (35)വിനെയാണ് കൈകള്‍ വരിഞ്ഞുകെട്ടിയശേഷം നിഷ്ഠുരമായി മര്‍ദ്ദിച്ച് കൊന്നത്. വ്യാഴാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം. 

പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകും വഴി ചോര ഛര്‍ദ്ദിച്ചാണ് മധു മരിച്ചത്. സംഭവത്തില്‍ ഓട്ടോറിക്ഷാ തൊഴിലാളി മുക്കാലി സ്വദേശി അബ്ദുള്‍ കരീം, മുക്കാലിയില്‍ കച്ചവടക്കാരനായ ഹുസൈന്‍ എന്നിവരെ അഗളി പോലീസ് അറസ്റ്റ് ചെയ്തു. മണ്ണാര്‍ക്കാട് എംഎല്‍എ എന്‍. ഷംസുദ്ദീന്റെ സഹായി ഉബൈദ്, സിപിഎം പ്രവര്‍ത്തകന്‍ ഷംസുദ്ദീന്‍ എന്നിവരടക്കം ഏഴുപേര്‍ പോലീസ് കസ്റ്റഡിയിലാണ്. യുവാവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സെല്‍ഫിയെടുത്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് ആഘോഷിക്കാനും അക്രമികള്‍ മറന്നില്ല. സംഭവത്തില്‍ പതിനാലു പ്രതികളുള്ളതായി പാലക്കാട് എസ്പി പ്രതീഷ് കുമാര്‍ പറഞ്ഞു.

തന്നെ കള്ളനെന്ന് ആരോപിച്ചാണ് മര്‍ദ്ദിച്ചതെന്ന മധുവിന്റെ മൊഴി രേഖപ്പെടുത്തിയ എഫ്‌ഐആര്‍ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. മൃതദേഹം അഗളിയില്‍ തന്നെ പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്നും മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് വനവാസികള്‍ അട്ടപ്പാടിയിലെ പ്രധാന പാതയും അഗളി പോലീസ് സ്‌റ്റേഷനും ഉപരോധിച്ചു. ആര്‍ഡിഒ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന്  ഉച്ചയോടെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം ഇന്ന്.

മധു എട്ടു വര്‍ഷത്തിലധികമായി ചിണ്ടക്കിയിലെ മലമുകളിലുള്ള പാറയിടുക്കിലാണ് താമസം. യുവാവിനെ വ്യാഴാഴ്ച മല്ലീശ്വരം കോവില്‍ പരിസരത്തുനിന്നാണ് പിടിച്ചുകൊണ്ടുവന്നത്. പിന്നീട് നാട്ടുകാര്‍ മുക്കാലി കവലയില്‍ മരത്തില്‍ കെട്ടി മര്‍ദ്ദിച്ച് മൃതപ്രായനാക്കി പോലീസിന് കൈമാറുകയായിരുന്നുവെന്ന്് സംഭവത്തിന് ദൃക്‌സാക്ഷികളായ ചിലര്‍ പറയുന്നു. മാസങ്ങള്‍ക്ക് മുമ്പ് അഗളിയിലെയും പരിസരത്തെയും കടകളില്‍നിന്ന് ഭക്ഷണ വസ്തുക്കള്‍ മോഷ്ടിക്കുന്ന യുവാവിന്റെ ദൃശ്യം സിസി ടിവിയില്‍ പതിഞ്ഞിരുന്നു. ഇത് മധുവാണെന്ന നിഗമനത്തിലാണ് പോലീസ്. അരിയും മുളകുപൊടിയും മഞ്ഞപ്പൊടിയും മോഷ്ടിച്ചെന്ന് ആരോപിച്ചാണ് മധുവിനെ മര്‍ദ്ദിച്ചതെന്നാണ് സംഭവം കണ്ടവര്‍ പറയുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി ഇന്ന് മണ്ണാര്‍ക്കാട് താലൂക്കില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ബിജെപി സംസ്ഥാന സെക്രട്ടറി സി. കൃഷ്ണകുമാര്‍, ജില്ലാ പ്രസിഡന്റ് അഡ്വ.ഇ. കൃഷ്ണദാസ് എന്നിവര്‍ അട്ടപ്പാടിയിലെത്തി. ആദിവാസി ഗോത്രമഹാസഭ നേതാവ് സി.കെ. ജാനുവും, ഐജി അജിത്കുമാറും അട്ടപ്പാടി സന്ദര്‍ശിച്ചു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.