പാവങ്ങള്‍ പാര്‍ട്ടിക്കൊപ്പമില്ല; ബിജെപി വളരുന്നു

Saturday 24 February 2018 2:55 am IST

തൃശൂര്‍: പാവങ്ങള്‍ പാര്‍ട്ടിക്കൊപ്പമില്ലെന്നും ഉള്ളവര്‍ കൊഴിഞ്ഞു പോകുന്നെന്നും സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ട്. ബിജെപി വളരുകയും സ്വാധീനം വര്‍ധിപ്പിക്കുകയും ചെയ്യുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്.

പാവങ്ങളില്‍ ഭൂരിപക്ഷവും പാര്‍ട്ടിക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍ അതില്‍ മാറ്റമുണ്ടാകുന്നു. ഈ മാറ്റം ഗൗരവമായി പരിശോധിക്കണം. എങ്ങനെയും സ്ഥാനമാനങ്ങള്‍ നേടണമെന്ന ബൂര്‍ഷ്വാ ചിന്താഗതി പ്രവര്‍ത്തകര്‍ക്കിടയില്‍ വളരുന്നു. പാര്‍ട്ടിയില്‍ ബൂര്‍ഷ്വാസികള്‍ പിടിമുറുക്കുന്നുണ്ട്. നയപരമായ കാര്യങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുന്നതില്‍പോലും ബൂര്‍ഷ്വാസികളുടെ ഇടപെടലുകളും ഭീഷണിയും ഉണ്ടാകുന്നു. പാര്‍ട്ടി അംഗങ്ങളുടെ എണ്ണം വര്‍ധിക്കുന്നുണ്ടെങ്കിലും ഗുണനിലവാരം വര്‍ധിക്കുന്നില്ല. സിപിഎം ഒരു സ്വതന്ത്ര ശക്തിയായി വളരുന്നില്ല.

സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയുള്ള ആഗ്രഹങ്ങള്‍ സംഘടനാ തത്ത്വങ്ങളാകെ ലംഘിക്കുന്നു. നേതൃത്വത്തിലുള്ള ഇത്തരം പ്രവണതകള്‍ താഴേത്തട്ടില്‍ വരെയെത്തി. 2016 ലെ തെരഞ്ഞെടുപ്പിലും സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. സ്ഥാനമാനങ്ങള്‍ നല്‍കാത്തപ്പോള്‍ പാര്‍ട്ടിയെ വെല്ലിവിളിക്കാനും തകര്‍ക്കാനും ശ്രമിക്കുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

പാര്‍ട്ടിവിടുന്ന പാവങ്ങള്‍ ബിജെപിയിലേക്ക് പോകുന്നത് ബിജെപിയുടെ സ്വാധീനം വര്‍ധിപ്പിക്കുന്നു. ഇത് പാര്‍ട്ടിക്ക് ഭീഷണിയാണ്. വര്‍ഗ സമരങ്ങള്‍, നവ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള ശാസ്ത്ര സാങ്കേതിക വിദ്യകള്‍ എന്നിവയിലൂടെയും മതനിരപേക്ഷ പ്രചാരണത്തിലൂടെയും ബിജെപിയുടെ സ്വാധീനം ചെറുക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.