മൃതദേഹത്തോടും അനാദരവ്

Saturday 24 February 2018 2:55 am IST

തൃശൂര്‍: അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ മൃതദേഹത്തോടും അനാദരവ്. പൊതിഞ്ഞ് കെട്ടിയ മൃതദേഹം മന്ത്രി വരുന്നതും കാത്ത് ഒരു മണിക്കൂറിലധികമാണ് തൃശ്ശൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയുടെ വരാന്തയില്‍ കിടന്നത്. മന്ത്രി എ.കെ. ബാലന്‍ പാര്‍ട്ടി സമ്മേളനം കഴിഞ്ഞ് വന്നപ്പോള്‍ സമയം വൈകിട്ട് അഞ്ചു മണി . 

എല്ലാം കഴിഞ്ഞ് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ അട്ടപ്പാടിയില്‍ നിന്ന് കൂടെ വന്ന ബന്ധുക്കള്‍ ആവശ്യപ്പെട്ടപ്പോള്‍ സമയം കഴിഞ്ഞെന്ന് പറഞ്ഞ് കൈമലര്‍ത്തി സര്‍ജന്‍മാര്‍. ഇന്നലെത്തന്നെ പോസ്റ്റ്‌മോര്‍ട്ടം നടത്തി ശരീരം വിട്ടുതരുമെന്ന ഉദ്യോഗസ്ഥരുടെ വാക്ക് വിശ്വസിച്ചാണ് തൃശ്ശൂരില്‍ കൊണ്ടുവരാന്‍ സമ്മതിച്ചതെന്ന് പറഞ്ഞ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധിച്ചെങ്കിലും ആര് കേള്‍ക്കാന്‍. ജീവന് പോലും വിലയില്ലാത്തവരുടെ പ്രതിഷേധത്തിന് പുല്ലുവില.

മുക്കാലിയില്‍ നിന്ന് കാട് കയറി വന്ന സിഐടിയുക്കാരായ ഷംസുദീന്റെയും നജീബിന്റെയും സലാമിന്റെയും നേതൃത്വത്തിലുള്ളവരാണ് മധുവിനെ അടിച്ച് കൊന്നതെന്ന് മൊഴി നല്‍കിയിട്ടും പ്രതികളെ പോലീസ് പിടിക്കുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. പ്രതിഷേധം കനത്തതോടെ താക്കീതും ഭീഷണിയുമായി പോലീസ് ഇടപെടല്‍. പോസ്റ്റ്‌മോര്‍ട്ടം ശനിയാഴ്ചയേ നടക്കൂ എന്നറിയിച്ചതോടെ പോകാനിടമില്ലാതെ കയ്യില്‍ കാശില്ലാതെ അട്ടപ്പാടിയില്‍ നിന്നെത്തിയ പാവങ്ങള്‍ പെരുവഴിയിലായി. രാത്രി വൈകിയും മോര്‍ച്ചറിക്ക് സമീപം തന്നെയാണിവര്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.