മധുവിന്റെ കൊലപാതകം: 11 പേര്‍ അറസ്റ്റില്‍

Saturday 24 February 2018 1:19 pm IST

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ  മര്‍ദ്ദിച്ചു കൊന്ന സംഭവത്തില്‍ 11 പേരെ പോലീസ് അറസ്റ്റു ചെയ്തു. പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍.അജിത് കുമാര്‍ പറഞ്ഞു.

പതിനഞ്ചോളം പേരുണ്ടായിരുന്ന സംഘത്തില്‍ ഏഴു പേരാണ് തന്നെ തല്ലിച്ചതച്ചതെന്ന് മരിക്കുന്നതിന് മുമ്പ് മധു പോലീസിന് മൊഴി നല്‍കിയിരുന്നു. മുക്കാലി സ്വദേശികളായ ഷംസുദ്ദീന്‍,  ലീഗ് എംഎല്‍എ ഷംസുദ്ദീന്റെ സഹായി ഉബൈദ്, അനീഷ്, ജൈജുമോന്‍, അബ്ദുള്‍ കരീം, മരയ്ക്കാര്‍, രാധാകൃഷ്ണന്‍, നജീബ്, സിദ്ദിഖ്, പാക്കുളം സ്വദേശി ഹുസൈന്‍, തെങ്കര സ്വദേശി അബൂബക്കര്‍ എന്നിവരാണ് അറസ്റ്റിലായത്.

സംഘത്തില്‍ ഏഴുപേരെ അഗളി പോലീസ് ഇന്നലെ ഉച്ചയോടെ കസ്റ്റഡിയിലെടുത്തിരുന്നു. ബാക്കിയുള്ളവര്‍ മണ്ണാര്‍ക്കാട്, ശ്രീകൃഷ്ണപുരം സ്റ്റേഷനുകളില്‍ രാത്രിയോടെ കീഴടങ്ങി. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. 

ആദിവാസികള്‍ക്ക് മാത്രമാണ് കാട്ടില്‍ കയറാനുള്ള അവകാശം. അതു മറികടന്ന് കാട്ടിലെത്തി മധുവിനെ മര്‍ദ്ദിച്ചവര്‍ക്കെതിരെ വനാവകാശ നിയമമനുസരിച്ചും കൊലപാതകം, സംഘം ചേര്‍ന്ന് മര്‍ദ്ദിക്കല്‍, ആദിവാസികള്‍ക്കു നേരെയുള്ള മര്‍ദ്ദനവും അതിക്രമങ്ങളും തടയുന്ന നിയമം എന്നീ വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തും.

മൃതദേഹം മുക്കാലിയില്‍ വനവാസികള്‍ തടഞ്ഞു. പിന്നെ പോലീസ് എത്തി ചര്‍ച്ച നടത്തിയ ശേഷമാണ് ജഡവുമായി പോകാന്‍ വനവാസികള്‍ അനുവദിച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.