ദേശീയതയുടെ വിദ്യാലയങ്ങള്‍ വളരുന്നു; ചെറുക്കാന്‍ മമതയ്ക്കും പിണറായിക്കും ഒരേ വികാരം

Saturday 24 February 2018 3:42 pm IST

കൊച്ചി: ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ ദേശീയ പതാക ഉയര്‍ത്തുന്നതില്‍നിന്ന് തടയാന്‍ തുനിഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും ഒരേ വികാരം. ശേദീയ പ്രസ്ഥാനങ്ങള്‍ക്കെതിരേ നില്‍ക്കുമ്പോള്‍ ദേശ വിരുദ്ധര്‍ക്ക് ഒരേ നിലപാടുകളും രീതിയുമാണ്. 
 
കേരളത്തില്‍ ആര്‍എഎസ്എസ് ആദര്‍ശം ഉള്‍ക്കൊള്ളുന്ന ദേശീയത പഠിപ്പിക്കുന്ന വിദ്യാലയങ്ങളോട് മാര്‍ക്‌സിസ്റ്റ് സര്‍ക്കാരിനുള്ള വിയോജിപ്പും എതിര്‍പ്പും ബംഗാളിലും. ബംഗാളില്‍ ആര്‍എസ്എസ് ബന്ധമാരോപിച്ച് മമതാ ബാനര്‍ജി ഒട്ടേറെ സ്‌കൂളുകള്‍ പൂട്ടാന്‍ നടപടി ആരംഭിച്ചിരിക്കുന്നു. 
 
സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരമോ സംസ്ഥാന പാഠ്യപദ്ധതിയോ പിന്തുടരുന്നില്ലെന്നാണ് കാരണം പറയുന്നത്. എന്നാല്‍, സംസ്ഥാന ആനുകൂല്യങ്ങള്‍ പറ്റാതെ, ദേശീയ വിദ്യാഭ്യാസ ഏജന്‍സികളുടെ അംഗീകാരമുണ്‌ടെങ്കില്‍ ഈ സ്‌കൂളുകള്‍ നടത്താമെന്ന നിയമമുണ്‌ടെങ്കിലും മമത പൊയ്‌വെടിയുമായി നീങ്ങുകയാണ്. സര്‍സംഘചാലകിനെ ദേശീയ പതാക ഉയര്‍ത്തുന്നതു തടയാന്‍ സര്‍ക്കാര്‍ സര്‍ക്കുലര്‍ വരെ ഇറക്കിയെങ്കിലും ഡോ. മോഹന്‍ ഭാഗവത് നിയമ പ്രകാരംതന്നെ പതാക ഉയര്‍ത്തിയിരുന്നു. പിണറായിയുടെ പരാജയം മമതയ്ക്കും സംഭവിക്കുമെന്നാണ് സ്ഥിതി.
 
 
ബംഗാളിലെ വിദ്യാഭ്യാസ വളര്‍ച്ച

സംസ്ഥാനത്തെ സരസ്വതി ശിശു വിദ്യാലയങ്ങളില്‍ ആദ്യത്തേത് 25-ാം വര്‍ഷത്തില്‍ രജത ജൂബിലി ആഘോഷിക്കാനിരിക്കെയാണ് 125 സ്‌കൂളുകള്‍ പൂട്ടാന്‍ പോകുന്നുവെന്ന് മമതയുടെ വിദ്യാഭ്യാസമന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി പ്രഖ്യാപിച്ചത്. ആര്‍എസ്എസ് പ്രേരണയില്‍ വളരുന്ന സ്‌കൂളുകള്‍ പൂട്ടിക്കുകയാണ് ലക്ഷ്യം.

ബംഗാളില്‍ ആര്‍എസ്എസില്‍നിന്ന് ആദര്‍ശ പ്രേരണ ഉള്‍ക്കൊണ്ട് 493 സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നു. വിദ്യാഭാരതി അഖില ഭാരതീയ ശിക്ഷാ സംസ്ഥാന്‍ എന്ന സംഘടയുടെ മേല്‍നോട്ടത്തിലാണിവ. 1992-ല്‍ 17 വിദ്യാര്‍ത്ഥികള്‍ മാത്രമായി മണ്‍കുടിലില്‍ ആരംഭിച്ച ഒറ്റ സ്‌കൂളില്‍നിന്നാണ് ഈ വളര്‍ച്ച. ഇന്ന് ആദ്യ സ്‌കൂളിന് കൂറ്റന്‍ രണ്ട് കെട്ടിടങ്ങള്‍ ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ ഏറെയാണ്. ഇവിടെ 18 അദ്ധ്യാപകര്‍ 427 വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നു, ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസുകളില്‍.
വിദ്യാഭാരതിയ്ക്ക് ഇന്ന് ബംഗാളില്‍ 326 സ്‌കൂളുണ്ട്. 65,000 വിദ്യാര്‍ത്ഥികള്‍. 3200 അദ്ധ്യാപകര്‍. അധികം സ്‌കൂളുകളിലും അഞ്ചുവരെ ക്ലാസുകളാണ്. പത്തോളം പത്താം ക്ലാസുവരെയും. സരസ്വതീ വന്ദനവും യോഗ ക്ലാസുകളും ഗുണപാഠ ക്ലാസുകളും ഒക്കെയായി പ്രത്യേക ചിട്ട പ്രകാരമാണ് പ്രവര്‍ത്തനം.
 
 
എതിര്‍പ്പ് എന്തിനാണ്
 
സ്‌കൂള്‍ ചരിത്ര പുസ്തകത്തില്‍ ഡോ. ഹെഡ്‌ഗേവാര്‍, ഗോള്‍വള്‍ക്കര്‍, ദീനദയാല്‍ തുടങ്ങിയവരെക്കുറിച്ചും പഠിപ്പിക്കുന്നുവെന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ഒരു എതിര്‍പ്പ്. ആചാര്യ കണാദനെ ആറ്റമിക ശാസ്ത്രം കണ്ടുപിടിച്ചവരില്‍ ഒരാളായി പരാമര്‍ശിക്കുന്നു, പശുവിനെ കൊല്ലരുത്, ആഹാരം കഴിച്ചയുടന്‍ കുളിക്കുന്നത് ആരോഗ്യ പ്രശ്‌നമുണ്ടാക്കും തുടങ്ങിയ വിഷയങ്ങള്‍ പാഠപുസ്തകത്തിലുണ്‌ടെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വിമര്‍ശനം. 
ഈ സ്‌കൂളുകള്‍ക്കെതിരേ നടപടിയെടുത്ത് ഒരിക്കല്‍ സര്‍ക്കാര്‍ പരാജയമറിഞ്ഞതാണ്. നോര്‍ത്ത് ദിനാപൂര്‍ ജില്ലയിലെ പത്ത് സ്‌കൂളുകള്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ സര്‍ക്കാരിന്റെ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ നിര്‍ദ്ദേശിച്ചു. ഇതിനെതിരേ സ്‌കൂള്‍ അധികൃതര്‍ ഹൈക്കോടതിയില്‍ പോയി. ജില്ലാ ഓഫീസറുടെ നിര്‍ദ്ദേശം തള്ളിക്കൊണ്ട് ഉത്തരവായി. സര്‍ക്കാര്‍ അതിനും മേലേ നടപടിക്കു നീങ്ങുകയാണ്. നിരോധിക്കാനോ നിര്‍ത്തിവെപ്പിക്കാനോ സര്‍ക്കാരിന് അധികാരമില്ലെന്നറിഞ്ഞിട്ടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.