ഡ്രൈവിംഗ് സ്‌കൂളുകളില്‍ പരിശോധന നടത്താന്‍ ഐജിയുടെ ഉത്തരവ്

Sunday 25 February 2018 2:45 am IST

കൊല്ലം: ഡ്രൈവിംഗ് സ്‌കൂളുകളില്‍ പരിശോധന നടത്താന്‍ ട്രാഫിക് പോലീസിന് ഐജി മനോജ് ഏബ്രഹാമിന്റെ നിര്‍ദേശം. ആര്‍ടിഒമാര്‍ നല്‍കിയ  അനുമതി പത്രം ചട്ടങ്ങള്‍ പാലിച്ചാണോ എന്നാണ് പ്രധാനമായും പരിശോധിക്കേണ്ടത്.  പ്രതിഷേധവുമായി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളും. 

സമീപകാലത്തുണ്ടായ റോഡപകടങ്ങളില്‍ നിരീക്ഷിച്ചതില്‍ കൂടുതല്‍ അപകടങ്ങളും ഡ്രൈവര്‍മാരുടെ ശ്രദ്ധക്കുറവുകൊണ്ടാണ്,  ഡ്രൈവിംഗ് സ്‌കൂളുകള്‍ കൃത്യമായി പരിശീലനം നല്‍കാത്തതാണ് ഇതിന് കാരണമെന്ന് ഉത്തരവില്‍ പറയുന്നു. 

2013ല്‍ ഗതാഗത കമ്മീഷണറുടെ ഉത്തരവ് പ്രകാരം ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് 10 അടി വീതിയും 15 അടി നീളവുമുള്ള ലക്ചര്‍ ഹാളും പ്രദര്‍ശനഹാളും പുറത്ത് സുരക്ഷിതമായ പാര്‍ക്കിംഗ് സ്ഥലവും വേണം. ലൈറ്റ്, ഹെവി വാഹനങ്ങളുടെ എന്‍ജിന്‍ അടക്കമുള്ളവ സജ്ജീകരിച്ച് ഡ്രൈവിംഗ് പഠിക്കാന്‍ എത്തുന്നവര്‍ക്ക് പരിശീലനം നല്‍കണം. ഇതിനായി ഓട്ടോമൊബൈല്‍ പാസ്സായ ഇന്‍സ്ട്രക്ടറെ നിയമിക്കണം. 

ജോ.ആര്‍ടിഒ, എംവിഐയോ കൃത്യമായ ഇടവേളകളില്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍ പരിശോധിക്കണം. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മൂന്ന് വര്‍ഷം കൂടുമ്പോള്‍  ആര്‍ടിഒയാണ് അനുമതി പുതുക്കി നല്‍കുന്നത്. ഇത് പരിശോധിക്കാനാണ് ഐജി ആവശ്യപ്പെട്ടിരിക്കുന്നത്. 

ഓരോ സ്റ്റേഷന്‍ പരിധിയിലുമുള്ള ഡ്രൈവിംഗ് സ്‌കൂളുകള്‍ പരിശോധിച്ച് വിവരങ്ങള്‍ ഡിവൈഎസ്പി, എസ്പി എന്നിവര്‍ക്ക് കൈമാറണം. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഡ്രൈവിംഗ് സ്‌കൂളുകള്‍ക്കെതിരെ എത്രയും വേഗം നടപടികള്‍ സ്വീകരിക്കാനാണ് ഐജിയുടെ നിര്‍ദേശം. 

ശക്തമായ എതിര്‍പ്പാണ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ളത് ഇത് നിയമവിരുദ്ധവും അധികാരത്തിന്മേലുള്ള കടന്നു കയറ്റവുമാണ്. കേന്ദ്രസര്‍ക്കാര്‍ നിയമപ്രകാരമാണ് മോട്ടോര്‍ വാഹനവകുപ്പ് പ്രവര്‍ത്തിക്കുന്നത്. ചട്ടങ്ങള്‍ മാറ്റാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നിരിക്കെ ഒരു ഐജിക്ക് സുപ്രധാന ഉത്തരവ് ഇറക്കാന്‍ സാധിക്കില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

പരിശോധന നടത്താന്‍ ട്രാഫിക് പോലീസിനോടാണ് ഐജി ആവശ്യപ്പെട്ടിരിക്കുന്നത്. ട്രാഫിക് പോലീസ് ഇല്ലാത്ത സ്ഥലങ്ങളില്‍ ഇതിന്റെ ഉത്തരവാദിത്വമുള്ള എഎസ്‌ഐ മുതലുള്ള ഏതു ഉദ്യോഗസ്ഥനും ഡ്രൈവിംഗ് സ്‌കൂളുകളില്‍ പരിശോധിക്കാം. ഇത് സ്‌കൂള്‍ നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കുമെന്നും അനാവശ്യ കീഴ്‌വഴക്കങ്ങള്‍ സൃഷ്ടിക്കുമെന്നും ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.