സാമ്പത്തിക പ്രതിസന്ധിക്കിടയിലും കെഎസ്ഇബിയില്‍ 20 ചീഫ് എഞ്ചിനീയര്‍മാര്‍

Sunday 25 February 2018 2:45 am IST

ആലപ്പുഴ: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും കെഎസ്ഇബിയില്‍  20 ചീഫ് എഞ്ചിനീയര്‍മാരെ നിലനിറുത്തുന്നത് വിവാദമാകുന്നു. പ്രതിവര്‍ഷം ആറുകോടിയോളം രൂപയാണ് ഇതിനായി ചെലവഴിക്കേണ്ടി വരുന്നത്. ഒരു ചീഫ് എഞ്ചിനീയര്‍ ഉണ്ടായിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ 20.ചെലവ്ചുരുക്കല്‍ പ്രക്രിയ ആരംഭിച്ചുവെന്നു പറയുമ്പോഴും ഉന്നത ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ അധികൃതര്‍ മൗനം പാലിക്കുകയാണ്.

ചീഫ് എഞ്ചിനീയര്‍ എച്ച്ആര്‍എം, പ്രോജക്ട്‌സ് ആന്‍ഡ് ഡിസൈന്‍, ഡാം സേഫ്ടി, സിവില്‍ കണ്‍സ്ട്രക്ഷന്‍ നോര്‍ത്ത്, ജനറേഷന്‍ മൂലമറ്റം, സിവില്‍ കണ്‍സ്ട്രക്ഷന്‍ സൗത്ത്, ട്രാന്‍സ്മിഷന്‍ നോര്‍ത്ത്, ട്രാന്‍സ്മിഷന്‍ സൗത്ത്, സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, റിന്യൂവബിള്‍ എനര്‍ജി, സെന്‍ട്രലി എയിഡഡ് പ്രോജക്ട്, ഡിസ്ട്രിബ്യൂഷന്‍ സെന്‍ട്രല്‍, ഡിസ്ട്രിബ്യൂഷന്‍ നോര്‍ത്ത്, ഡിസ്ട്രിബ്യൂഷന്‍ നോര്‍ത്ത് മലബാര്‍, ഡിസ്ട്രിബ്യൂഷന്‍ സൗത്ത്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി, ചീഫ് സെക്യൂരിറ്റി കമ്മീഷണര്‍, സിവില്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍, ട്രാന്‍സ്മിഷന്‍ സിസ്റ്റം ഓപ്പറേഷന്‍, തെര്‍മല്‍ പ്രോജക്ട്‌സ് എന്നിങ്ങനെയാണ് ചീഫ് എഞ്ചിനീയര്‍മാരുടെ പട്ടിക.

വിതരണം, പ്രസരണം, ഉത്പാദനം ചുമതലകള്‍ക്കായി മൂന്നു ചീഫ് എഞ്ചിനീയര്‍മാരെയാണ് ആദ്യം നിയമിച്ചത്. പിന്നീട് ക്രമേണ 20 ആയി എണ്ണം വര്‍ദ്ധിപ്പിക്കുകയായിരുന്നു. ശമ്പളം, അലവന്‍സുകള്‍, യാത്രാപ്പടി, ദിനബത്ത എന്നീ ഇനത്തില്‍ പ്രതിമാസം ഒരു ചീഫ് എഞ്ചിനീയര്‍ക്കുമാത്രമായി രണ്ടരലക്ഷത്തിലേറെ രൂപയാണ് ചെലവഴിക്കുന്നത്.

കെഎസ്ഇബിയില്‍ യഥാര്‍ത്ഥത്തില്‍ മൂന്ന് ചീഫ് എഞ്ചിനീയര്‍മാരുടെ ആവശ്യം മാത്രമേയുളളൂവെന്നും സര്‍ക്കാരിന്റെ പോലും അനുമതിയില്ലാതെ കെഎസ്ഇബി തോന്നിയപോലെ പ്രവര്‍ത്തിക്കുകയാണെന്നും കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ സംസ്ഥാന ജന. സെക്രട്ടറി സജീവ് ജനാര്‍ദ്ദനന്‍ ആരോപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.