അട്ടപ്പാടി: സമഗ്ര അന്വേഷണം വേണമെന്ന് ആര്‍എസ്എസ്

Saturday 24 February 2018 7:37 pm IST
വികസനത്തിന്റെ കേരളമാതൃക പൊള്ളയാണെന്ന് തെളിയിക്കുകയാണ് ഗോത്രസമൂഹത്തിന്റെ ജീവിതാവസ്ഥ.

കൊച്ചി: അട്ടപ്പാടി സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് ആര്‍എസ്എസ്. നടപടികളാണ് പ്രഖ്യാപനങ്ങളല്ല സര്‍ക്കാരില്‍നിന്നു വേണ്ടതെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം കേരളാ സംസ്ഥാന കാര്യകാരി അംഗീകരിച്ച പ്രമേയം പറഞ്ഞു.

വനം കൈയേറി വനവാസികളുടെ മണ്ണും മാനവും കട്ടെടുത്തവര്‍ വിശപ്പടക്കാന്‍ ഗതിയില്ലാത്ത വനവാസിയെ കള്ളനെന്ന് ചാപ്പ കുത്തി അടിച്ചുകൊല്ലുന്ന വിചിത്രമായ കാഴ്ചയാണ് കേരളത്തില്‍ കാണുന്നതെന്ന് പ്രമേയം വിലയരുത്തി. 

കേരളം ഭരിച്ച സര്‍ക്കാരുകള്‍ വനവാസി ക്ഷേമത്തിനുവേണ്ടി ബജറ്റില്‍ വകയിരുത്തിയ കോടാനുകോടി രൂപ രാഷ്ട്രീയ-ഉദ്യോഗസ്ഥവൃന്ദങ്ങളും ഇടത്തട്ടുകാരും കൊള്ള ചെയ്തപ്പോള്‍, അതിന്റെ അവകാശികള്‍ ഒരു നേരത്തെ ഭക്ഷണത്തിന് ഗതിയില്ലാത്തവരായി. അടിച്ചുകൊല്ലാവുന്ന കാട്ടുജീവിയായി. പരിഷ്‌കൃതരെന്നും സാക്ഷരരെന്നും അഭിമാനിക്കുന്ന മൂന്നരക്കോടി മലയാളികളുടെ നെഞ്ചത്ത് തറച്ച കൊലക്കത്തിയാണ് മധുവിന്റെ കൊലപാതകം. 

ഭരിക്കുന്ന പാര്‍ട്ടിയുടെയും സ്ഥലം എം. എല്‍.എയുടേയും അനുയായികളാണ് കൊലയാളികള്‍  എന്ന യാഥാര്‍ത്ഥ്യം ഈ കൊലപാതകത്തെ കൂടുതല്‍ ഭീകരമാക്കുന്നു. അധികാരത്തിന്റെ മത്തില്‍ രാഷ്ട്രീയ എതിരാളികളെ കൊന്നുതള്ളുകയും ഗര്‍ഭസ്ഥശിശുവിനെപ്പോലും ചവുട്ടിക്കൊല്ലുകയും ചെയ്യുന്ന ഉന്മൂലനരാഷ്ട്രീയത്തിന് കേരളം വഴി മാറിയിരിക്കുന്നു.

വികസനത്തിന്റെ കേരളമാതൃക പൊള്ളയാണെന്ന് തെളിയിക്കുകയാണ് ഗോത്രസമൂഹത്തിന്റെ ജീവിതാവസ്ഥ. കേരളപ്പിറവിക്കുശേഷം പട്ടികജാതി-വര്‍ഗക്ഷേമത്തിനുവേണ്ടി ചെലവഴിച്ച കോടികള്‍ കൊള്ള ചെയ്തതാരെന്ന് കണ്ടെത്തണം. അട്ടപ്പാടിയില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട ഗോത്രവര്‍ഗ യുവതീയുവാക്കളുടെ യഥാര്‍ത്ഥ കൊലയാളികളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണം. അട്ടപ്പാടിയെ വിലയ്‌ക്കെടുക്കാന്‍ കോടികള്‍ ചെലവഴിക്കുന്ന കഞ്ചാവ് ലഹരി മാഫിയാ സംഘങ്ങളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണം. നടപടികളാണ് പ്രഖ്യാപനങ്ങളല്ല സര്‍ക്കാരില്‍നിന്ന് ഉണ്ടാകേണ്ടത്, പ്രമേയം ആവശ്യപ്പെടുന്നു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.