നരകയാതനയില്‍ 'നാരായണന്‍കുട്ടി'

Sunday 25 February 2018 1:16 am IST

 

ചേര്‍ത്തല: പാപ്പാന്റെ കൈ പിഴുതെടുത്ത ആനയെ മാറ്റി തളയ്ക്കാന്‍ നടപടിയില്ല. വേദനയില്‍ പുളഞ്ഞ് കൊമ്പന്‍ നാരായണന്‍കുട്ടി. കാലുകള്‍ രണ്ടും പൊട്ടിയ നിലയില്‍ ചങ്ങലയില്‍ കിടന്ന് ദുരിതമനുഭവിക്കുകയാണ് ആന. 

 കഴിഞ്ഞ നാലിന് വൈകിട്ടാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ഭക്ഷണം നല്‍കാനായി അടുത്തേക്ക് ചെന്ന പാപ്പാന്‍ കഞ്ഞിക്കുഴി പഞ്ചായത്ത് ഏഴാം വാര്‍ഡ് കൂറ്റുവേലി അഞ്ജനാ നിവാസില്‍ പ്രതാപന്റെ (48) വലതു കൈ ആന പിഴുതെടുക്കുകയായിരുന്നു. ഇയാള്‍ ഇപ്പോഴും എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മദപ്പാടിലായിരുന്നതിനാല്‍ ആനയെ സംഭവ സ്ഥലത്തുനിന്നും മാറ്റുവാന്‍ കഴിഞ്ഞിരുന്നില്ല.

  അനങ്ങുവാന്‍ പോലും കഴിയാത്ത രീതിയിലാണ് കാലുകള്‍ ബന്ധിച്ചിരിക്കുന്നത്. ചങ്ങല മുറുകി രണ്ട് കാലുകളിലും വ്രണങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. മുറിവിലേക്ക് ചങ്ങല ഇറങ്ങിക്കിടക്കുന്നതിനാല്‍ വേദന കൊണ്ട് പുളയുകയാണ് നാരായണന്‍കുട്ടിയെന്ന് സമീപവാസികള്‍ പറഞ്ഞു. ഭക്ഷണം നല്‍കുന്നതും കുളിപ്പിക്കുന്നതുമെല്ലാം കൂടെയുള്ള രണ്ടാം പാപ്പാനും സമീപത്തെ വീട്ടുകാരുമാണ്. 

  മദം പൊട്ടിയൊലിക്കുന്ന നിലയിലായതിനാല്‍ ഭീതിയോടെയാണ് സമീപവാസികള്‍ കഴിയുന്നത്. സംഭവമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും ആനയുടെ ഉടമകളായ കോഴഞ്ചേരി ക്ഷേത്രം ഭാരവാഹികളും സ്ഥലത്തെത്തിയിരുന്നു.

   മദം പൊട്ടിയൊലിക്കുന്ന അവസ്ഥയില്‍ മറ്റൊരിടത്തേക്ക് മാറ്റുന്നത് സുരക്ഷിതമല്ലെന്നും 45 ദിവസങ്ങള്‍ ഇതേ നിലയില്‍ നിര്‍ത്തി ഭക്ഷണം നല്‍കി പരിപാലിക്കാനാണ് ഡോക്ടറുടെ നിര്‍ദ്ദേശമെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് എഎസ്‌ഐ വി. പ്രവീണ്‍ പറഞ്ഞു. ആനയെ മാറ്റിതളയ്ക്കുവാനും വിദഗ്ദ ചികിത്സ നല്‍കുവാനും നടപടി സ്വീകരിക്കാന്‍ അധികാരികള്‍ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.