കര്‍ശന നടപടി വേണമെന്ന് ബിജെപി; ചികിത്സ കിട്ടാതെ വനവാസിയുടെ മരണം: ആരോഗ്യവകുപ്പ് വിശദീകരണം തേടി

Sunday 25 February 2018 2:45 am IST

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിദഗ്ദ്ധ ചികിത്സ കിട്ടാതെ വനവാസി മരിച്ച സംഭവത്തെക്കുറിച്ച് ആരോഗ്യവകുപ്പ് വിശദീകരണം തേടി.  പുക്കോട്ടുപാടം നിലമ്പൂര്‍ പൂക്കോട്ടുപാടം ചേലോട് കോളനിയിലെ കണ്ടന്‍(50)ആണ് മരിച്ചത്.

ആരോഗ്യവകുപ്പ് ഡയറക്ടറാണ് ഇതുസംബന്ധിച്ച് പ്രിന്‍സിപ്പാൡനോട് വിശദീകരണം തേടിയത്. എന്നാല്‍ കണ്ടന്  ചികിത്സ നല്‍കിയതായി ഡ്യൂട്ടി ഡോക്ടര്‍  വിശദീകരിക്കുന്നു.  സ്‌കാനിംഗിന് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചതെന്നും വിശദീകരണത്തിലുണ്ട്. അതേസമയം ചികിത്സ നല്‍കുന്നതില്‍ വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. 

വനവാസി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ കര്‍ശന നടപടി വേണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് അഭിപ്രായപ്പെട്ടു. വനവാസി വിഭാഗങ്ങള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പ്രത്യേകഫണ്ട്  അനുവദിച്ചിട്ടുണ്ട്. ഫണ്ട് വിനിയോഗിക്കുന്നതിലെ അപാകതയാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമാകുന്നതെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു. 

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തെങ്ങില്‍ നിന്ന് വീണ് പരിക്കേറ്റ കണ്ടനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. അത്യാഹിത വിഭാഗത്തില്‍ എത്തിച്ച കണ്ടനെ ഡോക്ടര്‍മാര്‍ പ്രാഥമിക പരിശോധന നടത്തി മുറിവുകള്‍ കെട്ടിക്കൊടുത്തു. എന്നാല്‍ പിന്നീട് മറ്റ് ചികിത്സകളൊന്നും നല്‍കിയില്ലെന്നാണ് പരാതി. വൈകിട്ട് അഞ്ച് മണിയോടെയാണ് മരണം സംഭവിച്ചത്. ചികിത്സ നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പാളിനെ ഉപരോധിച്ചിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.