സിപിഎം ഇനി ജാതി പറയും; ക്ഷേമ സമിതികള്‍ പരാജയം

Sunday 25 February 2018 2:45 am IST
"undefined"

ആലപ്പുഴ: പട്ടിക വിഭാഗങ്ങളെയും വനവാസികളെയും പാര്‍ട്ടിക്കൊപ്പം അണിനിരത്താന്‍ രൂപീകരിച്ച ജാതി സംഘടനകള്‍ പരാജയമെന്ന് സിപിഎം വിലയിരുത്തല്‍.  പട്ടികജാതി ക്ഷേമസമിതി, ആദിവാസ ക്ഷേമ  സമിതി എന്നിവയുടെ പ്രവര്‍ത്തനം കൊണ്ട് ആ വിഭാഗത്തെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞില്ലെന്ന് സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധികളുടെ വിമര്‍ശനം.

പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ മറുപടി പ്രസംഗത്തിലും ഇക്കാര്യം സമ്മതിച്ചു. ഈ സാഹചര്യത്തില്‍ ക്ഷേമ സമിതികളെ മറയാക്കി പറഞ്ഞിരുന്ന ജാതി ഇനി പാര്‍ട്ടി നേരിട്ടും പറയനാണ് തീരുമാനം. അടിസ്ഥാന വിഭാഗങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് അകലുകയും രാഷ്ട്രീയത്തിന് അതീതമായി സംഘടിക്കുകയും, ബിജെപിക്ക് ആ വിഭാഗങ്ങളില്‍ സ്വാധീനം വര്‍ദ്ധിച്ചതും മാറി ചിന്തിക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിക്കുന്നു. 

തൊഴിലാളി വര്‍ഗ സിദ്ധാന്തം പറയുന്ന സിപിഎം ജാതി അടിസ്ഥാനത്തില്‍ സംഘടന രൂപീകരിക്കുകയും സമുദായം നോക്കി അതത് സംഘടനകളുടെ ഭാരവാഹിത്വം നല്‍കുകയും ചെയ്തത് നേരത്തെ പലപ്പോഴും വിമര്‍ശിക്കപ്പെട്ടിരുന്നു. കോളനികളും വനവാസി ഗ്രാമങ്ങളും കേന്ദ്രീകരിച്ച് ജാതിയുടെ അടിസ്ഥാനത്തില്‍ തന്നെ അവരെ പാര്‍ട്ടി അംഗങ്ങളാക്കാനുള്ള ശ്രമം ഊര്‍ജിതമാക്കാനാണ് തീരുമാനം. 

അടുത്ത കാലത്തുണ്ടായ  ദളിത്, വനവാസി സമരങ്ങളിലൊന്നുംപാര്‍ട്ടിക്ക് യാതൊരു ഇടപെടലും നടത്താനായില്ലെന്നും ചൂണ്ടിക്കാട്ടുന്നു.  ഒരു കാലത്ത് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകര്‍ പട്ടികവിഭാഗങ്ങളില്‍പ്പെട്ടവരായിരുന്നു. എന്നാല്‍ അവരുടെ അടുത്ത തലമുറ ജാതി സംഘടനകളിലേക്കോ, ബിജെപിയിലേക്കോ ആകര്‍ഷിക്കപ്പെടുകയാണെന്നും സിപിഎം വിലപിക്കുന്നു.

 വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഉയരുന്ന അടിസ്ഥാന വിഭാഗത്തില്‍പ്പെട്ടവരില്‍ അരാഷ്ട്രീയത വര്‍ദ്ധിക്കുകയാണ്. ഇതിന് പരിഹാരമായി രൂപീകരിച്ച ക്ഷേമസമിതികള്‍ക്ക് അവരെ ആകര്‍ഷിക്കാന്‍ ഇപ്പോഴും കഴിയാത്തത് ഗൗരവകരമായി കാണേണ്ടതാണെന്നും അഭിപ്രായം ഉയര്‍ന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.