യെച്ചൂരിക്ക് തിരുത്തുമായി ദേശാഭിമാനി

Sunday 25 February 2018 2:45 am IST
"undefined"

തൃശൂര്‍; സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടനപ്രസംഗത്തില്‍ കോണ്‍ഗ്രസ് ബന്ധത്തെ ന്യായീകരിച്ച പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിനെതിരെ സമ്മേളനത്തില്‍ പ്രതിനിധികള്‍ കടുത്ത വിമര്‍ശനമുയര്‍ത്തി. സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് യെച്ചൂരിയെ വിമര്‍ശിച്ചത്. ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡണ്ട് മുഹമ്മദ് റിയാസ് ഉള്‍പ്പെടെ പുതുതലമുറ നേതാക്കളും ജനറല്‍സെക്രട്ടറിയുടെ നിലപാടിനെ വിമര്‍ശിച്ചു.

പൊതുചര്‍ച്ചക്ക് മറുപടി പറയുമ്പോള്‍ സീതാറാം യെച്ചൂരി പഴയനിലപാട് ആവര്‍ത്തിക്കുമെന്ന ആശങ്കയും സംസ്ഥാന നേതൃത്വത്തിനുണ്ടായിരുന്നു. ഇതോടെ യെച്ചൂരിയുടെ പ്രസംഗത്തിന് മുന്‍പ് തന്നെ ദേശാഭിമാനിയില്‍ പ്രകാശ് കാരാട്ടിന്റെ അഭിമുഖം നല്‍കി തങ്ങളുടെ നിലപാട് ഉറപ്പിക്കാനുള്ള ശ്രമമാണ് സംസ്ഥാനനേതൃത്വം നടത്തിയത്. 

 കാരാട്ടിന്റെ ഇരട്ടത്താപ്പ്

സാമ്പത്തിക നയങ്ങളുടേയും കാഴ്ചപ്പാടിന്റെയും അടിസ്ഥാനത്തില്‍ ബിജെപിക്കും കോണ്‍ഗ്രസിനും ഒരു വ്യത്യാസവുമില്ല. ഈ സാഹചര്യത്തില്‍ ബദല്‍ രാഷ്ട്രീയ വേദിയാണ് പ്രസക്തമാകുന്നത് എന്ന് കാരാട്ട് അഭിമുഖത്തില്‍ വിശദീകരിക്കുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുളള ബിജെപി വിരുദ്ധരുമായി തെരഞ്ഞെടുപ്പില്‍ തന്ത്രപരമായ നീക്കുപോക്ക് വേണമെന്നാണ് യെച്ചൂരി പ്രസംഗത്തില്‍ പറഞ്ഞത്. കോണ്‍ഗ്രസുമായി ധാരണക്കോ നീക്കുപോക്കിനോ സിപിഎം തയ്യാറല്ല എന്നും കാരാട്ട്  വിശദീകരിക്കുന്നു. യെച്ചൂരി പറഞ്ഞതല്ല ഇതാണ് തങ്ങളുടെ നിലപാടെന്ന് പാര്‍ട്ടി പത്രത്തിലെ അഭിമുഖത്തിലൂടെ വ്യക്തമാക്കാന്‍ ശ്രമിക്കുകയാണ് സംസ്ഥാന ഘടകം. 

അതേസമയം തെരഞ്ഞടുപ്പില്‍ മാത്രമാണ് കോണ്‍ഗ്രസിന് കാരാട്ട് അയിത്തം കല്‍പ്പിക്കുന്നത്. കോണ്‍ഗ്രസുമായി യോജിച്ചുള്ള സമരങ്ങള്‍ക്ക് തയ്യാറാണ്. പാര്‍ലമെന്റിലും യോജിച്ച് നീങ്ങും. എങ്കില്‍പ്പിന്നെ വോട്ടര്‍മാരെ അഭിമുഖീകരിക്കുമ്പോള്‍ മാത്രം അകല്‍ച്ച കാണിക്കുന്നത് കബളിപ്പിക്കലല്ലേ എന്ന ചോദ്യത്തിന് ഉത്തരം നല്‍കേണ്ടത് സിപിഎം നേതൃത്വം തന്നെയാണ്.  

കരടിന് തരം പോലെ വ്യാഖ്യാനം

പാര്‍ട്ടികോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യാനുള്ള കരട് രേഖക്ക് ഇരുപക്ഷവും തരംപോലെ വ്യാഖ്യാനം ചമക്കുകയാണ്. നേതാക്കളുടെ വാക്കുകളില്‍ നിന്ന് ഒരുകാര്യം വ്യക്തമാണ്. കോണ്‍ഗ്രസ് ബാന്ധവം പാര്‍ട്ടി ആഗ്രഹിക്കുന്നുണ്ട്. അത്പരസ്യമായി വേണോ രഹസ്യമായി മതിയോ എന്നതിനെച്ചൊല്ലിയാണ് തര്‍ക്കം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.