മൂന്നുലക്ഷം സ്വയംസേവകരുടെ സാംഘിക്ക് ഇന്ന് മീററ്റില്‍

Sunday 25 February 2018 2:45 am IST

ന്യൂദല്‍ഹി: ഒന്നാം സ്വാതന്ത്ര്യസമരത്തിന് തുടക്കം കുറിച്ച അഭിമാന ഭൂമിയായ മീററ്റില്‍ ആര്‍എസ്എസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഗണവേഷ സാംഘിക്ക് ഇന്ന് നടക്കും. മൂന്ന് ലക്ഷത്തിലധികം സ്വയംസേവകര്‍ അണിനിരക്കുന്ന രാഷ്ട്രോദയ സമ്മേളനത്തില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കും. സ്വാമി അവധേശാനന്ദ ഗിരി, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന മുഖ്യമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍ എന്നിവരും  മീററ്റ് പ്രാന്ത സാംഘിക്കിന്റെ ഭാഗമാകും.

യുപി ഹൗസിംഗ് ഡവലപ്‌മെന്റ് ബോര്‍ഡിന്റെ കീഴിലുള്ള 650 ഏക്കര്‍ പ്രദേശത്താണ് സാംഘിക്കിന് വേണ്ട ക്രമീകരണങ്ങള്‍ ചെയ്യുന്നത്. മീററ്റ് പ്രാന്തത്തിലെ 14 റവന്യൂ ജില്ലകളില്‍ നിന്നായി അയ്യായിരം ബസ്സുകളാണ് സ്വയംസേവകരുമായി മീററ്റ് നഗരത്തിലേക്ക് എത്തുന്നത്. 600 ഏക്കര്‍  പാര്‍ക്കിംഗ് സ്ഥലവും ക്രമീകരിച്ചിട്ടുണ്ട്. 

മീററ്റിലെ 10,580 ഗ്രാമങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് ഒരു ദിവസത്തെ  രാഷ്ട്രോദയ സമ്മേളനത്തിലെത്തുന്നതെന്ന് മീററ്റ് പ്രാന്ത പ്രചാര്‍ പ്രമുഖ് അജയ് മിത്തല്‍ പറഞ്ഞു. രാഷ്ട്രസ്വാഭിമാനത്തിന്റെ വീണ്ടെടുക്കലാണ് രാഷ്ട്രോദയ സമ്മേളനമെന്ന് മീററ്റ് പ്രാന്ത സംഘചാലക് സൂര്യപ്രകാശ് ടോങ്ക് പറഞ്ഞു. സ്റ്റേജ് മുതല്‍ അവസാന സ്വയംസേവകന് നില്‍ക്കുന്നിടം വരെയുള്ള രണ്ടര കിലോമീറ്റര്‍ നീളം സര്‍സംഘചാലക് വാഹനത്തില്‍ സാംഘിക് നിരീക്ഷിക്കും.  

മീററ്റ് നഗരത്തിലും സമീപത്തുമുള്ള മൂന്നുലക്ഷം വീടുകളില്‍ നിന്നാണ് സാംഘിക്കില്‍ പങ്കെടുക്കുന്ന സ്വയംസേവകര്‍ക്കുള്ള ഭക്ഷണം എത്തുന്നത്. ജാതി, മത വര്‍ണ്ണ, വര്‍ഗ്ഗ വത്യാസമില്ലാതെ മീററ്റിലെ ജനങ്ങളുടെ വലിയ പിന്തുണയോടെയാണ് ആര്‍എസ്എസ് പരിപാടി. ഒരു വീട്ടില്‍ നിന്ന് ചപ്പാത്തിയും പൂരിയും അടങ്ങുന്ന രണ്ട് ഭക്ഷണ പൊതികളാണ് സംഭരിക്കുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.