ഐ ലീഗ്; ഈസ്റ്റ് ബംഗാളിന് 7-1 ജയം

Sunday 25 February 2018 2:45 am IST
"undefined"

മഡ്ഗാവ്: ഐ ലീഗ് ഫുട്‌ബോളില്‍ തുടര്‍ച്ചയായ നാലാം ജയം പ്രതീക്ഷിച്ചിറങ്ങിയ ഗോകുലം എഫ്‌സി സമനിലകൊണ്ട് തൃപ്തരായി. ചര്‍ച്ചില്‍ ബ്രദേഴ്‌സാണ് ഗോകുലത്തെ സ്വന്തം തട്ടകത്തില്‍ 1-1ന് സമനിലയില്‍ പിടിച്ചുകെട്ടിയത്. കളിയുടെ പരിക്കുസമയത്ത് ഒന്‍യേമ ഫ്രാന്‍സിസ് നേടിയ ഗോളാണ് ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ തോല്‍വിയില്‍ നിന്ന് രക്ഷപ്പെടുത്തിയത്. ഗോകുലത്തിനായി ഉഗാണ്ടന്‍ താരം ഹെന്റി കിസെക്കയാണ് 72-ാം മിനിറ്റില്‍ ഗോള്‍ നേടിയത്.

കളിയുടെ തുടക്കം മുതല്‍ എതിര്‍ പ്രതിരോധത്തെ വിറപ്പിച്ച നീക്കങ്ങള്‍ നടത്താന്‍ ഗോകുലം താരങ്ങള്‍ക്ക് കഴിഞ്ഞു. ആദ്യപകുതിയില്‍ നിരവധി തവണ എതിര്‍ പ്രതിരോധം തകര്‍ത്തിട്ടും ചര്‍ച്ചില്‍ ഗോൡയെ കീഴടക്കാന്‍ കഴിഞ്ഞില്ല. ഇടയ്ക്ക് ചര്‍ച്ചിലും മികച്ച ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍വിട്ടുനിന്നതോടെ ആദ്യപകുതി ഗോള്‍രഹിതമായി.

രണ്ടാം പകുതിയിലും മികച്ച മുന്നേറ്റങ്ങളാണ് ഗോകുലം നടത്തിയത്. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 72-ാം മിനിറ്റില്‍ ഗോകുലം ലീഡ് നേടുകയും ചെയ്തു. മഹ്മൂദ് അല്‍ അജ്മിയും കിസെക്കയും ചേര്‍ന്ന് നടത്തിയ നീക്കത്തിനൊടുവിലാണ് ഗോള്‍ പിറന്നത്. ലീഡ് നേടിയതോടെ ഗോകുലം മുന്നേറ്റം ഒന്നുകൂടി ശക്തമാക്കിയെങ്കിലും ലീഡ് ഉയര്‍ത്താന്‍ കഴിഞ്ഞില്ല. എങ്കിലും ഒരുഗോള്‍ ജയത്തോടെ കളി അവസാനിപ്പിക്കാന്‍ കഴിയുമെന്ന് വിശ്വസിച്ചിരിക്കെയാണ് പരിക്ക് സമയത്ത് ചര്‍ച്ചില്‍ സമനില ഗോള്‍ നേടിയത്.

ഒറ്റയ്ക്ക് നടത്തിയ മുന്നേറ്റത്തിനൊടുവില്‍ ഗോകുലം പ്രതിരോധത്തെ തകര്‍ത്തശേഷം ഒന്‍യേമ ഫ്രാന്‍സിസ് പായിച്ച ഷോട്ടിന് മുന്നില്‍ ഗോകുലം ഗോളിക്ക് മറുപടിയുണ്ടായില്ല. സമനിലയില്‍ കുടുങ്ങിയതോടെ 16 കളികളില്‍ നിന്ന് 20 പോയിന്റുമായി ഗോകുലം ഏഴാം സ്ഥാനത്ത് തുടരുന്നു. ഈ കൡയില്‍ ജയിച്ചിരുന്നെങ്കില്‍ ഗോകുലത്തിന് അഞ്ചാം സ്ഥാനത്തേക്ക് ഉയരാമായിരുന്നു. 16 കളികളില്‍ നിന്ന് 17 പോയിന്റുമായി ചര്‍ച്ചില്‍ ഒരുസ്ഥാനം ഉയര്‍ന്ന് എട്ടാമതെത്തി.

കൊല്‍ക്കത്തയില്‍ നടന്ന മറ്റൊരു മത്സരത്തില്‍ ഈസ്റ്റ് ബംഗാള്‍ ഗംഭീര വിജയം നേടി. ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക് ചെന്നൈ സിറ്റിയെ തകര്‍ത്തു. നാല് ഗോളുകള്‍ നേടിയ നൈജീരിയന്‍ സ്‌ട്രൈക്കര്‍ ഡുഡുവിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഈസ്റ്റ് ബംഗാളിന്റെ മിന്നുന്ന ജയത്തിന് അടിസ്ഥാനം. 32, 49, 56, 61 മിനിറ്റുകളിലായിരുന്നു ഡുഡുവിന്റെ ഗോളുകള്‍. 20-ാം മിനിറ്റില്‍ മഹ്മുദ് അമെന, 84-ാം മിനിറ്റില്‍ ഗബ്രിയേല്‍ ഫെര്‍ണാണ്ടസ് എന്നിവരും ലക്ഷ്യം കണ്ടപ്പോള്‍ ഒരെണ്ണം ചെന്നൈ താരം ധര്‍മ്മരാജ് രാവണന്റെ സെല്‍ഫ് ഗോളായിരുന്നു. 59-ാം മിനിറ്റില്‍ മഷൂര്‍ ഷെറീഫ് ചെന്നൈയുടെ ആശ്വാസ ഗോള്‍ നേടി.

ഗോകുലം കേരള എഫ്‌സിയുടെ അടുത്ത മത്സരം മാര്‍ച്ച് രണ്ടിന് ഐസ്വാള്‍ എഫ്‌സിക്കെതിരെയാണ്. ഐലീഗില്‍ ആദ്യമായി കളിക്കാനിറങ്ങിയ ഗോകുലത്തിന്റെ ലക്ഷ്യം ആദ്യ ആറ് സ്ഥാനങ്ങൡലൊന്ന് സ്വന്തമാക്കി സൂപ്പര്‍ കപ്പിന് യോഗ്യത നേടുക എന്നതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.