തലയോട്ടിയും വാരിയെല്ലും അടിച്ചു തകർത്തു

Sunday 25 February 2018 2:45 am IST
"undefined"

തീരാവേദന: മധുവിൻ്റെ അമ്മ മല്ലിയും സഹോദരി ചന്ദ്രികയും

തൃശൂര്‍: അട്ടപ്പാടിയില്‍ മോഷ്ടാവെന്നാരോപിച്ച് വനവാസി യുവാവിനെ തല്ലിക്കൊന്നത് പൈശാചികമായി. ജനക്കൂട്ടം മധുവെന്ന യുവാവിന്റെ തലയോട്ടിയും വാരിയെല്ലും അടിച്ചുതകര്‍ത്തു. ശരീരമാകെ തല്ലിച്ചതച്ച പാടുകളുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. 

മധു മരിച്ചത് തലയ്‌ക്കേറ്റ ആഘാതം മൂലമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കനമേറിയ വസ്തുകൊണ്ട് തലക്കയ്ടിച്ചതാണ് മരണകാരണം. തലയ്ക്കുള്ളില്‍ രക്തസ്രാവമുണ്ടായതാണ് അന്ത്യത്തിലേക്ക് നയിച്ചത്. തലയോട്ടിക്ക് പൊട്ടലുണ്ട്. വാരിയെല്ല് തകര്‍ന്ന നിലയിലാണ്. ആന്തരിക രക്തസ്രാവമുണ്ടായിട്ടുണ്ട്. ശരീരത്തിലാകെ തല്ലിച്ചതച്ച പാടുകളുണ്ട്. മുഖത്തും മര്‍ദ്ദനമേറ്റതിന്റെ അടയാളമുണ്ട്.

പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയതായി അന്വേഷണ ചുമതലയുള്ള ഐജി എം.ആര്‍. അജിത്കുമാര്‍ പറഞ്ഞു. 302 വകുപ്പ് പ്രകാരം 15 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 11 പേര്‍ പിടിയിലായിട്ടുണ്ട്. പ്രതികളെന്ന് സംശയിക്കുന്ന മൂന്നുപേരെയും ഒരു വനംവകുപ്പ് ഉദ്യോഗസ്ഥനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതില്‍ മുഖ്യപ്രതിയുണ്ടെന്ന് ഐജി പറഞ്ഞു. നാലുപേരെക്കൂടി പിടികിട്ടാനുണ്ട്. ഇവര്‍ പ്രദേശത്ത് തന്നെയുണ്ട്. പ്രതികള്‍ക്കെതിരെ പട്ടികജാതി- വര്‍ഗ്ഗ പീഡന വിരുദ്ധ നിയമമനുസരിച്ച് കേസെടുക്കും. 

അതിനിടെ മധുവിന്റെ മൃതദേഹവുമായി വന്ന ആംബുലന്‍സ് അട്ടപ്പാടിക്കടുത്ത് മുക്കാലിയില്‍ വനവാസികള്‍ തടഞ്ഞു. പോലീസ് പിടികൂടിയവരെ കാണിക്കണമെന്നും യഥാര്‍ഥ പ്രതികള്‍ ഉണ്ടോയെന്ന് സംശയമുണ്ടെന്നും അവര്‍ പ്രതികരിച്ചു. ഇവരുമായി പോലീസ് ചര്‍ച്ച നടത്തിയ ശേഷമാണ് വാഹനം പോകാന്‍ അനുവദിച്ചത്. അഗളിയില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹം രാത്രിയോടെ ഗോത്രാചാര പ്രകാരം സംസ്‌കരിച്ചു.

വിഎച്ച്പി സംസ്ഥാന സെക്രട്ടറി കെ.പി. ഹരിദാസ്, വനവാസി കല്യാണാശ്രമം സംഘടനാ സെക്രട്ടറി നാരായണന്‍, സംസ്ഥാന പ്രസിഡന്റ് കെ.സി. പൈതല്‍ തുടങ്ങിയവര്‍ ബന്ധുക്കളെ കണ്ട് ആശ്വസിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.