ഇവിടെ എന്തിന് ജീവിക്കണം

Sunday 25 February 2018 2:45 am IST

ഒരു നേരത്തെ അന്നത്തിനുള്ള അരി മോഷ്ടിച്ചെന്നാരോപിച്ചാണ് മധുവെന്ന പാവം വനവാസി യുവാവിനെ ഒരു സംഘം തല്ലിക്കൊന്നത്. വനവാസികളോടുള്ള സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും സമീപനം ഇതില്‍ നിന്ന് വ്യത്യസ്ഥമല്ല. വനവാസികളെ ചൂഷണം ചെയ്യുകയും കബളിപ്പിക്കുകയും ചെയ്യുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെട്ട യുഡിഎഫും എല്‍ഡിഎഫിനേപ്പോലെ തന്നെ. പല പല പദ്ധതികളുടെ പേരില്‍ ഒഴുക്കിയ കോടികളില്‍ നയാപ്പൈസ പോലും പാവം വനവാസികള്‍ക്ക് ലഭിച്ചിട്ടില്ല. നേതാക്കളും ഒരു പറ്റം ഉദ്യോഗസ്ഥരും ഈ പണം കൊണ്ട് കൊഴുത്തു. ഒരു നേരത്തെ അന്നത്തിന് ഇന്നും പിച്ച തെണ്ടുകയാണ് കാടിന്റെ മക്കള്‍. ഈ ദുരവസ്ഥയെപ്പറ്റി ഗിരീഷ് കടുന്തിരുത്തി തയ്യാറാക്കിയ പരമ്പര...

40 മണിക്കൂര്‍ പച്ചവെള്ളം മാത്രം കുടിച്ച് നീതിക്കായി തൊണ്ടകീറി നിലവിളിച്ചു. മധുവിന്റെ മൃതദേഹം എത്തിയപ്പോള്‍ അവര്‍ നെഞ്ചത്തടിച്ച് വാവിട്ട് കരഞ്ഞു. പിന്നെ കൊട്ടിപ്പാടി റോഡില്‍ നൃത്തംവച്ചു. ഒടുവില്‍ അട്ടപ്പാടിയുടെ പ്രിയമക്കള്‍ ഊരുകളിലേക്ക് തിരിച്ചുനടന്നു.

ഭരണ-പ്രതിപക്ഷഭേദമില്ലാതെ നേതാക്കള്‍ മലകയറി വന്ന് കാമറക്കു മുന്നില്‍ വാചാലരായി. കണ്ണീര് തുടച്ച് അവര്‍ കാറില്‍ കയറി. മധുവിനെ മര്‍ദ്ദിച്ചുകൊന്ന പ്രതികളെ പിടിച്ചപ്പോള്‍ വനവാസികള്‍ക്ക് നീതി കിട്ടിയെന്ന് എല്ലാവരും വിളിച്ചുപറഞ്ഞു. യഥാര്‍ത്ഥത്തില്‍ അട്ടപ്പാടിയുടെ മക്കള്‍ക്ക് നീതി കിട്ടിയോ? എങ്കില്‍ എന്താണ് നീതി? വനവാസികള്‍ തേടിയ നീതി ഇതുതന്നെയോ?

കാല്‍നൂറ്റാണ്ടായി അട്ടപ്പാടിയില്‍ നടക്കുന്ന അറുതിയില്ലാത്ത വംശീയ ചൂഷണത്തില്‍നിന്നുള്ള മോചനമാണ് നീതിയെങ്കില്‍ അത് അവര്‍ക്ക് ഇനിയും അകലെ. പിറന്ന മണ്ണില്‍ ജീവിക്കാനുള്ള വനവാസിയുടെ അവകാശം കവര്‍ന്നെടുത്ത് അധികാരിവര്‍ഗവും ഉദ്യോഗസ്ഥവൃന്ദവും ചേര്‍ന്ന് അവരെ മോഷ്ടാക്കളും മദ്യപാനികളുമായി ചിത്രീകരിച്ചു. മണ്ണ് പിടിച്ചെടുത്തവന്‍ മാന്യനും, നഷ്ടപ്പെട്ടവന്‍ മോഷ്ടാവുമായി. വനവാസിയുടെ പേരില്‍ കാലങ്ങളായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മല്ലീശ്വരന്റെ മണ്ണില്‍ ഒഴുക്കിയത് 700 കോടിയിലേറെ രൂപയാണ്. 110 കോടിയുടെ പദ്ധതികള്‍ പാതിവഴിയിലും.

ഇവരെല്ലാം ചേര്‍ന്ന് സൃഷ്ടിച്ച ദുരന്തഫലത്തെ ഇങ്ങനെ ചുരുക്കാം. 91,000 ത്തിലധികം ഉണ്ടായിരുന്ന വനവാസികളുടെ എണ്ണം ഇന്ന് വികസന പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ മുപ്പതിനായിരത്തിലേക്ക് ചുരുങ്ങി. വനവാസിയുടെ ആവാസവ്യവസ്ഥയില്‍ പ്രധാന പങ്കുവഹിച്ച അട്ടപ്പാടി വനമേഖലയുടെ വിസ്തൃതി 20 ശതമാനമായി കുറഞ്ഞു. കുടിയേറ്റക്കാരുടെ അംഗസംഖ്യ 39,000 ആണെന്ന് ഓര്‍ക്കണം.

തായ്ക്കുലം സംഘ നേതാക്കളായ വടുതിയും മഞ്ചിയും മരുതിയുമെല്ലാം നെഞ്ചത്ത് കൈവച്ചു ചോദിച്ചു, ''നിങ്ങള്‍ക്ക് സമാധാനമായില്ലേ. ഇനിയെങ്കിലും ഞങ്ങളെ വെറുതെ വിട്ടുകൂടെ.'' വനവാസികളുടെ വംശഹത്യ നടത്തിയ ഭരണാധികാരികളും മുതലെടുപ്പ് നടത്തിയ രാഷ്ട്രീയക്കാരും, അവരുടെ അവകാശത്തില്‍ കൈയിട്ടുവാരി കീശവീര്‍പ്പിച്ച ഉദ്യോഗസ്ഥ, മാഫിയ കൂട്ടുകെട്ടുമാണ് ഈ ചോദ്യത്തിന് ഉത്തരം പറയേണ്ടത്.

പശ്ചിമഘട്ട പര്‍വ്വതനിരകളിലെ ഏറ്റവും ജൈവസമ്പന്നമായ അട്ടപ്പാടി ഇന്ന് ഗോത്രജനതക്ക് മരുഭൂമിയാണ്. ഉദ്യോഗസ്ഥ-രാഷ്ട്രീയ മാഫിയക്ക് അത് ചാകരക്കടലുമായി. അട്ടപ്പാടിയുടെ സാമൂഹിക-പാരിസ്ഥിതിക ആഘാതങ്ങള്‍ പരിശോധിക്കാം.

(നാളെ: അവരുടെ ചേതം, ചിലരുടെ നേട്ടം)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.