ദേവരാഗം നിലച്ചു

Monday 26 February 2018 2:52 am IST
"undefined"

മുംബൈ: താരസിംഹാസനത്തില്‍ ദേവതാ തുല്യം കാലങ്ങളോളം വാണ ശ്രീദേവിയുടെ വേര്‍പാടില്‍ മനംനൊന്ത് ചലച്ചിത്ര ലോകം. അപ്രതീക്ഷിതമായി വിടപറഞ്ഞ താരറാണിക്ക് അന്ത്യാഞ്‌ലി. അമ്പത്തിനാലാമത്തെ വയസിലാണ് ശ്രീദേവിയുടെ വേര്‍പാട്. 

നടനും ബന്ധുവുമായ മോഹിത് മര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ദുബായിയിലെത്തിയ ശ്രീദേവി ശനിയാഴ്ച രാത്രി പതിനൊന്നരയോടെ താമസിച്ചിരുന്ന ദുബായ് എമിറേറ്റ്‌സ് ടവര്‍ ഹോട്ടലില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ റാഷിദ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണസമയത്ത് ഭര്‍ത്താവ് ബോണി കപൂറും രണ്ടാമത്തെ മകള്‍ ഖുഷിയും അടുത്തുണ്ടായിരുന്നു. ആദ്യ സിനിമയുടെ തിരക്കിലായതിനാല്‍ മൂത്തമകള്‍ ജാന്‍വി കപൂര്‍ കൂടെയുണ്ടായിരുന്നില്ല.  

ദുബായ് പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വിട്ടുകിട്ടാനുള്ള നടപടികള്‍ക്ക് ശേഷം പ്രത്യേക വിമാനത്തില്‍ മുംബൈയില്‍ എത്തിക്കും. സംസ്‌കാരച്ചടങ്ങുകളെ കുറിച്ചുള്ള വിവരങ്ങളൊന്നും കുടുംബാംഗങ്ങള്‍ പുറത്തു വിട്ടിട്ടില്ല. നാളെ ജുഹുവില്‍ സംസ്‌കാര ചടങ്ങുകള്‍ നടത്താനാണ് ആലോചന. 

1967ല്‍ തമിഴിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. 1971ല്‍ പൂമ്പാറ്റ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് ലഭിച്ചു. കൂടാതെ രണ്ട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും ആറ് ഫിലിംഫെയര്‍ പുരസ്‌കാരങ്ങളും നേടി. 1981ല്‍ മൂന്നാംപിറയിലെ 

അഭിനയത്തിന് മികച്ച നടിക്കുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചു. 2013ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചു. 

തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി ഭാഷകളിലായി മുന്നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഭരതന്‍ സംവിധാനം ചെയ്ത ദേവരാഗം എന്ന ചിത്രത്തിലാണ് ഒടുവില്‍ മലയാളത്തില്‍ എത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.